ഏതാണ്ട് തൊണ്ണൂറ് വയസിനുമേൽ പ്രായമുള്ള ഒരു വൃദ്ധൻ ഒരിക്കൽ കുത്തൊഴുക്കുള്ള ഒരു നദിയിൽ വീണു. കുറേ ചുഴികളും ശക്തമായ ഒഴുക്കുമൊക്കെയുള്ള നദിയാണ്. പക്ഷേ കുറേയധികം ദൂരം ഒഴുകിയശേഷം വൃദ്ധൻ അത്ഭുതകരമായി കരക്ക് പിടിച്ചുകയറി രക്ഷപ്പെട്ടു. തന്റെ ചുറ്റും ഓടിക്കൂടിയ ആളുകളൊക്കെ ആകാംക്ഷയോടെ അദ്ദേഹത്തോട് ചോദിച്ചു, എങ്ങിനെയാണ് അദ്ദേഹം ഇത്രയും അത്ഭുതകരമായി രക്ഷപ്പെട്ടത് എന്ന്. അതിന് വൃദ്ധൻ ഇങ്ങിനെ മറുപടി പറഞ്ഞു:
"നദിയിലെ കുത്തൊഴുക്കിലേക്ക് വീണുകഴിഞ്ഞപ്പോൾ ഞാൻ മറ്റൊന്നും ചിന്തിച്ചില്ല. ഏതായാലും വീണു. നദിയുടെ ഒഴുക്കിനെ മാറ്റിവിടാൻ എന്നെക്കൊണ്ട് സാധിക്കില്ല. എങ്കിൽപിന്നെ അതിനോടൊപ്പം ഒഴുകുക തന്നെ. ഞാൻ പലപ്പോഴും ചുഴിയിലേക്ക് വീണു. അടുത്ത കുത്തൊഴുക്കിൽ
അവിടെനിന്നും പുറത്തേക്ക് വന്നു. അങ്ങിനെ കുറേയധികം ഒഴുകിക്കഴിഞ്ഞപ്പോൾ നദിയുടെ ഒഴുക്ക് ഒന്ന് ശാന്തമായി. അപ്പോൾ എനിക്ക് കരയിലേക്ക് പിടിച്ചുകയറാൻ എളുപ്പമായിരിന്നു."
ജീവിതത്തിലെ കുത്തൊഴുക്കിൽ പെട്ടുപോയാലും രക്ഷപ്പെടാനുള്ള എളുപ്പവഴി ഇതുതന്നെ...
നാം വളരെ പെട്ടെന്നായിരിക്കും നാം പോലുമറിയാതെ ചില കുത്തൊഴുക്കു കളിൽ വീണുപോവുക. അങ്ങനെ വീണുപോവുന്ന ചിലരൊക്കെ സർവ്വശക്തിയുമെടുത്ത് ഒഴുക്കിനെതിരെ നീന്താൻ ആരംഭിക്കും. പക്ഷേ വളരെ പെട്ടെന്നുതന്നെ കൈകാലുകൾ കുഴഞ്ഞ് അവർക്ക് നീന്തൽ അവസാനിപ്പിക്കേണ്ടി വരും. ചിലപ്പോൾ ചുഴിയിൽ മുങ്ങിപ്പോയെന്നും വരും. നദിയുടെ ഒഴുക്ക് മാറ്റാൻ നമ്മെക്കൊണ്ട് സാധിക്കില്ല എന്നതുപോലെ, ജീവിതത്തിന്റെ പൂർവനിശ്ചിതമായ ഗതിയും മുഴുവനായും നമ്മെക്കൊണ്ട് മാറ്റാൻ സാധിച്ചെന്ന് വരില്ല. അപ്പോൾ ഒഴുക്കിനൊത്ത് നീന്തുകതന്നെ. ഇടക്കെപ്പോഴെങ്കിലും രക്ഷപ്പെടാനുള്ള ഒരു പഴുത് കണ്ടെത്താൻ നമുക്ക് സാധിക്കും.
നദിയിൽവീണ ഒരു കുടത്തിന്റെ അകത്തും പുറത്തും വെള്ളം തന്നെയാണ്. എന്നാൽ കരയിൽ വെറുതേ വെച്ചിരിക്കുന്ന കുടത്തിന്റെ അകവും പുറവും ശൂന്യത മാത്രമാണ്.
ജീവിതത്തെ നമുക്ക് യാഥാർത്ഥ്യ ബോധത്തോടെ തന്നെ സമീപിക്കാം.
ജീവിതത്തിലെ സംഭവ വികാസങ്ങളിൽ ബുദ്ധിപൂർവം ഇടപെടാനും സാധിക്കണം. കരക്ക് വെച്ച കുടം പോലെ അകവും പുറവും ശൂന്യമായിട്ടിരുന്നിട്ട് ഒരു കാര്യവുമില്ല.
Tags:
GOOD DAY