ഒരു ഗുരുവും ശിഷ്യനും മാസത്തിൽ ഒരു ദിവസം അടുത്തുള്ള പട്ടണത്തിലെ അങ്ങാടി സന്ദർശിക്കും. എല്ലാ കടകളിലും ഈ ഗുരുവും ശിഷ്യനും കൂടി കയറിയിറങ്ങും.
ഗുരുവാകട്ടെ മിതവ്യയ ശീലമുള്ള ആളാണ്. ചെരുപ്പ് പോലും ഇടാറില്ല. വളരെ ലളിതമായ വസ്ത്ര ധാരണവും. എങ്കിലും അദ്ദേഹം എന്തിനാണ് ഇങ്ങനെ എല്ലാ കടകളിലും കയറിയിറങ്ങുന്നതെന്ന് ശിഷ്യന് സ്വാഭാവികമായ സംശയം ഉണ്ടായി. ഒരു ദിവസം അയാൾ അത് ഗുരുവിനോട് ചോദിക്കുകയും ചെയ്തു. അപ്പോൾ ഗുരു മറുപടി പറഞ്ഞു
"എല്ലാ കടകളിലും കയറിയിറങ്ങണം. എന്നാലല്ലേ എന്തൊക്കെ സാധനങ്ങൾ ഇല്ലാതെയാണ് നാം ജീവിക്കുന്നതെന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ"
ഒരാൾക്ക് ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും കണക്കെടുക്കുമ്പോഴാണ് അയാളുടെ യഥാർത്ഥ സമ്പത്തിന്റെ കണക്ക് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.
അത്യാവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയാൻ നമുക്ക് സാധിക്കണം. അനാവശ്യങ്ങളെ ചേർത്തുപിടിക്കാനാണ് ഇന്ന് നമ്മിൽ പലർക്കും താത്പര്യം. അന്തസ്സിന്റെ പേരിൽ ഓരോന്നും വാങ്ങിക്കൂട്ടുന്നവർ ഇവ എങ്ങനെ അനുഭവിച്ചുതീർക്കുമെന്നും തലപുകഞ്ഞ് ആലോചിക്കാറുണ്ട്.
കണ്ണിൽപ്പെടുന്നതെല്ലാം സ്വന്തമാക്കണം എന്ന തോന്നൽ ഇല്ലായെങ്കിൽ നമുക്ക് സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.
ആത്മ നിയന്ത്രണവും അച്ചടക്കവും തന്നെയാണ് സംതൃപ്തമായ ജീവിതത്തിന്റെ താക്കോൽ.
Tags:
GOOD DAY