രാജ്യത്ത് അണ്‍ലോക്ക് 5.0 നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കുന്നത് പ്രായോഗികമല്ല. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കാനാകില്ല, വ്യാപനം കുറയുന്ന പക്ഷം പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ നിയന്ത്രണമേര്‍പ്പെടുത്തില്ല. ഒക്ടോബര്‍ 2ന് മുമ്പ് തീയതി തീരുമാനിച്ച പരീക്ഷകള്‍ നടത്തുന്നതിന് വിലക്കില്ല. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തുന്നതിന് നിരോധനമില്ല. കുട്ടികള്‍ക്ക് ഒപ്പമെത്തുന്ന മാതാപിതാക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരെ പരീക്ഷാ കേന്ദ്രത്തിന്റെ സമീപത്ത് നില്‍ക്കാന്‍ അനുവദിക്കില്ല.
അണ്‍ലോക്ക് 5.0 നിര്‍ദ്ദേശത്തിലുള്ള ഇളവുകള്‍ നടപ്പിലാക്കണം എന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം.
പൂര്‍ണതോതിലുള്ള അടച്ചിടല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ അണ്‍ലോക്ക് 5.0 ലെ ഇളവുകള്‍ നിലവിലെ സാഹചര്യത്തില്‍ പൂര്‍ണതോതില്‍ അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.