Qstn: കീം എൻജിനിയറിങ് പ്രവേശനം എടുത്തു. അഡ്മിഷൻ റദ്ദുചെയ്താൽ അടച്ചഫീസ് തിരികെ കിട്ടുമോ ?
Ans: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ.) പരിധിയിൽവരുന്ന എൻജിനിയറിങ്, ഫാർമസി പ്രോഗ്രാമുകളുടെ കാര്യത്തിൽ ഫീ, റീഫണ്ട് വ്യവസ്ഥകൾ 2020-'21 ലെ എ.ഐ.സി.ടി.ഇ. അപ്രൂവൽ പ്രോസസ് ഹാൻഡ് ബുക്കിൽ വിശദീകരിച്ചിട്ടുണ്ട്. കീം 2020 പ്രോസ്പക്ടസ് ക്ലോസ് 12.2.2, 12.2.3 എന്നിവയിൽ ഇതിന്റെ വിശദാംശങ്ങൾ നൽകിയിട്ടുമുണ്ട്.
കോഴ്സ് തുടങ്ങുന്നതിനുമുമ്പ് വിദ്യാർഥിപ്രവേശനം റദ്ദുചെയ്താൽ അടച്ച ഫീസിൽനിന്ന് പ്രോസസിങ് ഫീസായി പരമാവധി 1000 രൂപ എടുത്തശേഷം ബാക്കിതുക തിരികെ നൽകണം. പ്രവേശനം നേടിയശേഷം വിദ്യാർഥി അഡ്മിഷൻ റദ്ദുചെയ്യുകയും അങ്ങനെ വന്ന ഒഴിവിൽ പ്രവേശനത്തിനുള്ള അവസാനതീയതിക്കകം മറ്റൊരുവിദ്യാർഥിക്ക് പ്രവേശനം നൽകുകയും ചെയ്താൽ പ്രോസസിങ് ഫീസായി പരമാവധി 1000 രൂപ എടുത്തശേഷം ബാക്കിതുക സ്ഥാപനം തിരികെനൽകണം.
ബാധകമെങ്കിൽ പ്രതിമാസ ഫീസ്, ഹോസ്റ്റൽ വാടക എന്നിവയിൽ ആനുപാതികമായി തുക പിടിച്ച് ബാക്കി തിരികെ നൽകണം. ഒഴിവുവന്ന സീറ്റ് നികത്താൻ കഴിയാതെവന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങിയിട്ടുള്ളപക്ഷം അതും ഒറിജിനൽ രേഖകളും വിദ്യാർഥിക്ക് തിരികെ നൽകണം. പ്രവേശനം ഏതുസമയത്തു റദ്ദുചെയ്താലും ബാക്കിയുള്ള വർഷങ്ങളിലെ ഫീസ് വിദ്യാർഥിയിൽനിന്ന് ഈടാക്കാൻപാടില്ല.
എ.ഐ.സി.ടി.ഇ. നിയന്ത്രണത്തിലല്ലാത്ത കോഴ്സുകൾക്ക് പ്രവേശനപരീക്ഷാകമ്മിഷണർ പ്രഖ്യാപിക്കുന്ന തീയതിക്കുള്ളിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങുന്നവർക്ക് ഫീസ് തിരികെ ലഭിക്കാൻ അർഹതയുണ്ട്. ഈ കോഴ്സുകളിൽ എൻട്രൻസ് കമ്മിഷണറുടെ അവസാന അലോട്ട്മെന്റിനുശേഷം ടി.സി.ക്ക് അപേക്ഷിക്കുകയോ അഡ്മിഷൻ റദ്ദുചെയ്യുകയോ ചെയ്താൽ ഫീസ് തിരികെ ലഭിക്കില്ല. കീം 2020 പ്രോസ്പക്ടസ് ക്ലോസ് 12.2.4 പ്രകാരം ലിക്വിഡേറ്റഡ് ഡാമേജസ് അവർ അടയ്ക്കണം.
എൻട്രൻസ് കമ്മിഷണറുടെ അവസാനറൗണ്ട് അലോട്ട്മെന്റ് പ്രകാരം പ്രവേശനം നേടാത്തവർക്കും ഫീസ് തിരികെ ലഭിക്കില്ല. അവരും ലിക്വിഡേറ്റഡ് ഡാമേജസ് അടയ്ക്കണം.