N TA JEE Main 2021: ഇത്തവണത്തെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2021 ഫെബ്രുവരി 23 മുതൽ നടക്കും.
വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലാണ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്.
2021 ലെ ആദ്യ സെഷൻ ഫെബ്രുവരി 26 ന് അവസാനിക്കും.
അടുത്ത വർഷം മുതൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നാല് തവണയായാണ് ജെഇഇ മെയിൻ നടക്കുകയെന്നും മന്ത്രി അറിയിച്ചു.
പുതിയ പേപ്പർ പാറ്റേൺ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുക.
90 ചോദ്യങ്ങളിൽ 75 ചോദ്യങ്ങൾക്കോ അഥവാ കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഭാഗങ്ങളിൽ 30 ചോദ്യങ്ങളിൽ 25 ചോദ്യങ്ങൾക്കോ പരീക്ഷാർത്ഥികൾ ഉത്തരമെഴുതണം.
വിദ്യാർത്ഥികളുടെ താൽപ്പര്യം കണക്കിലെടുത്ത് ജെഇഇ മെയിൻ ഒന്നിലധികം ഘട്ടങ്ങളായി നടക്കും. ഫെബ്രുവരി 23 മുതൽ 26 വരെയും മാർച്ച് 15 മുതൽ 18 വരെയും ഏപ്രിൽ 27 മുതൽ 30 വരെയും 2021 മെയ് 24 മുതൽ 28 വരെയും നടക്കും.
പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടക്കും, രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6വരെയുമാണ് ഷിഫ്റ്റുകൾ. കോവിഡ്-19 പോലുള്ള സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ നഷ്ടമാവാതിരിക്കാനാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ മലയാളം അടക്കം 13 ഭാഷകളിൽ നടക്കും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഗുജറാത്തി, ആസാമി, കന്നഡ, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ഒഡിയ, മലയാളം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പുതിയ പേപ്പർ പാറ്റേണിൽ, ഇടവിട്ടിട്ടുള്ള 15 ചോദ്യങ്ങളിൽ നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല. കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഭാഗങ്ങളിലായി ആകെ 90 ചോദ്യങ്ങളിൽ 75 എണ്ണത്തിനും ഓരോ വിഭാഗങ്ങളിലും പ്രത്യേകമായി 30 ചോദ്യങ്ങളിൽ 25 എണ്ണത്തിന് വീതവും ഉത്തരം എഴുതണം.
അതേസമയം, സിലബസിൽ മാറ്റമുണ്ടാകില്ല. 11, 12 ക്ലാസുകൾ വിവിധ സ്കൂൾ ബോർഡുകൾ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് നടപടി.
ജെഇഇ മെയിൻ ഫെബ്രുവരി സെഷന്റെ ഫലം മാർച്ചിൽ പ്രഖ്യാപിക്കും. ആദ്യ സെഷൻ ഫെബ്രുവരി 23 മുതൽ 26 വരെ നടക്കുമെന്നും പരീക്ഷയുടെ അവസാന തീയതി കഴിഞ്ഞ മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്നും പോഖ്രിയാൽ പറഞ്ഞു.
ഏതെങ്കിലും നാല് ശ്രമങ്ങളിൽ നേടിയ ഏറ്റവും മികച്ച മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും ഒരു വിദ്യാർത്ഥിയുടെ റാങ്കിംഗ്. നാല് സെഷനുകളിൽ ഒരു വിദ്യാർത്ഥി പരീക്ഷ എഴുതിയാലും അവരുടെ മികച്ച മാർക്ക് കണക്കാക്കുമെന്ന് പോഖ്രിയാൽ പറഞ്ഞു.
ജെഇഇ മെയിൻ 2021 നുള്ള അപേക്ഷാ ഇന്ന് മുതൽ സമർപ്പിക്കാം, യോഗ്യതയുള്ളവർക്ക് ജനുവരി 16 വരെ അപേക്ഷിക്കാം. ഫീസ് ജനുവരി 17 വരെ ഓൺലൈനായി jeemain.nta.nic.in ൽ അടയ്ക്കാം.
അപേക്ഷിക്കാൻ,തീയതിയും ഒപ്പും അടങ്ങിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയുടെ പകർപ്പ്, ഒപ്പിന്റെ സ്കാൻ ചെയ്ത പകർപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ച ജനനത്തീയതി, ക്ലാസ് 10, ക്ലാസ് 12 മാർക്ക് ലിസ്റ്റ് എന്നിവ ഉൾപ്പെടുന്ന രേഖകൾ സമർപിക്കണം.സംവരണങ്ങൾക്ക് അർഹതയുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.