Trending

എഞ്ചിനീയറിങ് ഡിഗ്രി കഴിഞ്ഞാല്‍ എന്ത് ചെയ്യും ❓❓❓




മുജീബുല്ല KM, സിജി ഇൻ്റർനാഷനൽ കരിയർ ടീം

എഞ്ചിനീയറിങ് ഡിഗ്രി കഴിഞ്ഞാല്‍ എന്ത് ചെയ്യും എംടെക്ക് ചെയ്യണോ എംബിഎ ചെയ്യണോ? അതോ ചാർട്ടേഡ് പ്രൊഫഷനിലേക്ക് തിരിയണോ?

എഞ്ചിനിയീറിങ് പഠനം കഴിഞ്ഞ് ഉപരിപഠനത്തിനായി തയ്യാറെടുക്കുന്നവര്‍ക്കു മുന്നില്‍ പലപ്പോഴും ഉയര്‍ന്നു വരുന്ന ചോദ്യങ്ങളാണ് മുകളിലുള്ളത്. 

ഇതിന് ഒറ്റ വാക്കിലായിക്കൊണ്ട് ഒരുത്തരം നൽകാൻ ഇല്ല എന്നതാണ് സത്യം.

 ശരിയായ തിരഞ്ഞെടുപ്പ് നടത്താന്‍ ഇതിലെ ഓരോ കോഴ്‌സും മുന്നോട്ട് വയ്ക്കുന്ന സാധ്യതകളും അവ രൂപപ്പെടുത്താന്‍ പോകുന്ന കരിയര്‍ പാതയും മനസ്സിലാക്കാന്‍ ആവണം.  കൂടാതെ തിരിയാനുദ്ദേശിക്കുന്ന മേഖലയിലേക്ക് അനുയോജ്യമായ അഭിരുചിയും അതിന്നായുള്ള താത്പര്യവും നൈപുണിയും ഉണ്ടാവണം

എംടെക്കും എംബിഎയും മികച്ച തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്ന സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തരബിരുദ കോഴ്‌സുകളാണ്. എന്നാല്‍ രണ്ടു കോഴ്‌സുകളും രണ്ട് വിധത്തിലാണ് പഠിതാവിൻ്റെ ഭാവി രൂപപ്പെടുത്തുക.


 എംടെക് കോഴ്‌സ് എഞ്ചിനീയറിങ്ങിലെ ഒരു അള്‍ട്രാ സ്‌പെഷ്യലൈസേഷനിലേക്കാണ് നിങ്ങളെ നയിക്കുക. ബിടെക്കിന് ഇലക്ട്രിക്കല്‍ പഠിച്ചവര്‍ ചിലപ്പോള്‍ എംടെക്കിന് പഠിക്കാന്‍ പോകുന്നത് പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഡ്രൈവ്‌സ് ആയിരിക്കും. പ്രസ്തുത വിഷയത്തിലെ വിദഗ്ധനായാണ് എംടെക്ക് നിങ്ങളെ മാറ്റുക. 

എംബിഎ പഠനം കഴിഞ്ഞാല്‍ സെയില്‍സ്, മാര്‍ക്കറ്റിങ്ങ്, പ്രോജക്ട് മാനേജ്‌മെന്റ്, ഐടി, എച്ച്ആര്‍, കണ്‍സല്‍ട്ടിങ്ങ്, കസ്റ്റമര്‍ സര്‍വീസ് മാനേജ്‌മെന്റ്, ബാങ്കിങ്ങ്, ഫിനാന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളാകും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരുക. 

ഒരു സ്‌പെഷ്യലിസ്റ്റ് എന്നതിലുപരി ജനറലിസ്റ്റ് മേഖലയാണ് എംബിഎ തുറന്നിടുന്നതെന്ന് ചുരുക്കം. 


നിങ്ങളുടെ കരിയര്‍ ഏതെങ്കിലും ടെക്‌നിക്കല്‍ മേഖലയിലാക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ എംടെക്ക് തിരഞ്ഞെടുക്കാം.

 പിന്നീട് ഗവേഷണത്തിലേക്കോ അധ്യാപനത്തിലേക്കോ പോകാന്‍ പദ്ധതിയുള്ളവര്‍ക്കും എംടെക്ക് മികച്ച ഓപ്ഷനാണ്. 


അതേ സമയം കോര്‍പ്പറേറ്റ് ലോകമാണ് ഉന്നമെങ്കില്‍ കണ്ണുമടച്ച് എംബിഎ എടുക്കാം. നിങ്ങളുടെ നേതൃത്വശേഷിയും ആശയവിനിമയശേഷിയും നിര്‍വഹണ ശേഷിയുമെല്ലാം വളര്‍ത്തുന്ന മാനേജ്‌മെന്റ് കോഴ്‌സാണ് എംബിഎ. 


ഇനി സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്ന ഉത്പന്ന അധിഷ്ഠിതമായ വ്യവസായങ്ങളിലാണ് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ എംടെക് തിരഞ്ഞെടുക്കാം. 

മറിച്ച് സേവനമേഖലയും ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലേക്കാണ് പോകാന്‍ ആഗ്രഹമെങ്കില്‍ എംബിഎയ്ക്ക് ചേരാം. ബിടെക്ക് കഴിഞ്ഞവര്‍ രണ്ടോ മൂന്നോ വര്‍ഷത്തെ തൊഴില്‍ പരിചയത്തിന് ശേഷം എംബിഎയ്ക്ക് ചേരുന്നതാകും അഭികാമ്യം. 


രണ്ടിലൊന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ മുന്നോട്ടുള്ള മാര്‍ഗ്ഗവും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മികവിന്റെ പര്യായമായ എന്‍ജിനീയറിങ്ങ് സ്ഥാപനങ്ങളില്‍ എംടെക്ക് പഠിക്കണെങ്കില്‍ ഗേറ്റ് പരീക്ഷ പാസ്സാകണം. എംബിഎ ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നല്ല സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാന്‍ ക്യാറ്റ്, മാറ്റ് പോലുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കാം.


ഇത് കൂടാതെ ബിടെക്ക്കാരന് തിരിയാവുന്ന  മേഖലയാണ് ചാർട്ടേഡ് പ്രൊഫഷനായി അറിയുന്നതും, ബിസിനസ് രംഗവുമായി ബന്ധപ്പെട്ടതുമായ മൂന്ന് പ്രൊഫഷണൽ കോഴ്സുകളായ കമ്പനി സെക്രട്ടറി, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് എന്നിവ. ഇത് സ്റ്റാറ്റ്യൂട്ടറി ബോഡികൾ നടത്തുന്ന കോഴ്സുകളാണ്. അക്കാദമിക യോഗ്യതക്കപ്പുറം സ്കിൽ ഓറിയൻ്റഡ് പ്രൊഫഷനൽ യോഗ്യതയാണിത്.

ഈ മേഖലയിലേക്ക് ബിടെക്ക് കഴിഞ്ഞും, ബിടെക്കിനൊന്നിച്ചും തിരിയാനാവും. എഞ്ചിനീയറിങ് പഠനത്തിനൊപ്പം ഇത് ചെയ്യാനാഗ്രഹിക്കുന്നവർ, തങ്ങൾക്ക് മതിയായ സമയം ഈ വിഷയങ്ങൾ പഠിക്കാനായ് നീക്കിവെക്കാനാകും എന്നുറപ്പ് വരുത്തണം. അങ്ങിനെയുള്ളവർക്ക് സമയലാഭം ഉണ്ടാവും. ബിടെക്ക് കഴിഞ്ഞ് ഇൻ്റർ മോഡിലൂടെ കോഴ്സ് ചെയ്യുന്നവർക്ക് രണ്ട് മൂന്നോളം വർഷങ്ങൾ അധികമായി ഇതിനായി ചെലവഴിക്കേണ്ടി വന്നേക്കാം.

ബിടെക്കിനൊപ്പം ഇത്തരം പ്രൊഫഷനുകൾ ഉള്ളവർക്ക് സാങ്കേതികതയിലൂന്നിയ കമ്പനികളിൽ ഉന്നത പ്രൊഫഷനിൽ കയറിപ്പറ്റാനാകും. ടെക്നിക്കൽ, ഫിനാൻസ് മേഖലയിൽ വൈദഗ്ദ്യമുള്ളത് കൊണ്ട് കമ്പനികളുടെ നടത്തിപ്പിൽ ഇത്തരക്കാർക്കായിരിക്കും പ്രാമുഖ്യമേറുക.

മുജീബുല്ല KM, സിജി ഇൻ്റർനാഷനൽ കരിയർ ടീം

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...