അൺ എയ്ഡഡ് മേഖലയിൽ സ്വാശ്രയ കോളേജുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. വിവിധ സർവകലാശാലകൾ സ്വാശ്രയ മേഖലയിൽ ആർട്സ് ആൻഡ് സയൻസ്, ലോ കോളേജുകൾ അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചുവരികയാണ്.
മുൻ സർക്കാർ അൺ എയ്ഡഡ് മേഖലയിൽ കോളേജുകൾ അനുവദിക്കേണ്ടെന്ന് തീരുമാനിക്കുകയും അക്കാര്യം വ്യക്തമാക്കി 2017 ൽതന്നെ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.
യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് നടപടിക്രമം പൂർത്തിയാക്കിയ ചില സ്ഥാപനങ്ങൾക്ക് മാത്രമാണ് കോടതി ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ സർക്കാർ അനുമതി നൽകിയത്.
അൺ എയ്ഡഡ് കോളേജുകൾക്ക് സർവകലാശാലാ അനുമതി ലഭിച്ചാൽ സർക്കാർ അംഗീകാരം ആവശ്യമില്ലെന്ന് കോടതി വിധിയുണ്ട്. എന്നാൽ സർക്കാർ നയത്തിന് വിധേയമായേ സർവകലാശാലകൾ സ്വാശ്രയ കോളേജുകൾ അനുവദിക്കാറുള്ളൂ.
വിവിധ ബോർഡുകളിലെ ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയമുള്ളതിനാൽ ബിരുദ കോഴ്സുകൾക്ക് ആവശ്യക്കാരേറെ വരുമെന്നാണ് കണക്കാക്കുന്നത്. സമാന്തര വിദ്യാഭ്യാസത്തെ ആശ്രയിക്കേണ്ടവരുടെ എണ്ണം കൂടുമെന്നും വിലയിരുത്തുന്നുണ്ട്.
സർവകലാശാലകൾക്കും അനുകൂല സമീപനം
കാലിക്കറ്റ് സർവകലാശാലയിൽ ലഭിച്ച 30 അപേക്ഷകളിൽ സിൻഡിക്കേറ്റ് തീരുമാനമെടുത്ത് ഉപസമിതി പരിശോധന നടത്തും.
എം.ജി. സർവകലാശാലയിൽ ഓഗസ്റ്റ് 31വരെ അപേക്ഷ സ്വീകരിക്കും. നിലവിൽ 20 കോളേജുകൾക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്.
കണ്ണൂർ സർവകലാശാലയിൽ സഹകരണ മേഖലയിൽ മാത്രം കോളേജുകൾ അനുവദിച്ചാൽ മതിയെന്ന് വിജ്ഞാപനം ഇറക്കിയെങ്കിലും സർവകലാശാലാ നിയമത്തിന് വിരുദ്ധമായതിനാൽ കോടതി അത് റദ്ദാക്കി.
പുതിയ വിജ്ഞാപനമിറക്കി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
കേരള സർവകലാശാലയിൽ 20 കോളേജുകൾക്കുള്ള അപേക്ഷ ലഭിച്ചു. ഇവിടെ പരിശോധന നടത്താൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിക്കാനും തീരുമാനമായി.
Tags:
EDUCATION