എൻജിനീയറിങ് കോളേജ് പ്രവേശനത്തിന് റാങ്ക് പട്ടിക തയാറാക്കുന്നതിന് ഈ വർഷവും പ്ലസ് ടു പരീക്ഷയിലെ മാർക്ക് കൂടി പരിഗണിക്കാൻ സർക്കാർ തീരുമാനം
സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ പരീക്ഷകൾ ഉപേക്ഷിച്ച സാഹചര്യത്തിൽ പ്രവേശന പരീക്ഷയിലെ സ്കോറിനൊപ്പം പ്ലസ് ടു മാർക്ക് കൂടി പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കുന്ന സ്റ്റാൻറെഡൈസേഷൻ പ്രക്രിയ ഒഴിവാക്കാൻ പ്രവേശന പരീക്ഷ കമീഷണർ ശിപാർശ ചെയ്തിരുന്നെങ്കിലും CBSE/ICSE പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ മുൻവർഷങ്ങളിലെ രീതി ഈ വർഷവും തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പ്ലസ് ടു/തത്തുല്യ പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് മാർക്കും പ്രവേശന പരീക്ഷയിലെ സ്കോ റും തുല്യമായി പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കുന്ന രീതി മാറ്റാനുള്ള നീക്കത്തിനെതിരെ നിരവധി പരാതികൾ സർക്കാരിന് ലഭിച്ചിരുന്നു. .
പ്രവേശന പരീക്ഷയുടെ സ്കോർ മാത്രം പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കുന്നത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച നിർധന വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുമെന്നതാണ് പ്രധാന വിമർശനം.
പ്രവേശന പരീക്ഷ കമീഷണറുടെ ശിപാർശ തത്ത്വത്തിൽ അംഗീകരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു.