Trending

SSLC ഫുൾ A+ ഉം ITI, പോളിടെക്നിക് അഡ്മിഷനും



✍️ Fb.com/സുജിത് കുമാർ


എല്ലാവർക്കും ഏ പ്ലസ് ആയതിനാൽ പ്ലസ്   വണ്ണി്ന് ഇഷ്ടപ്പെട്ട ബ്രാഞ്ചിൽ അഡ്മിഷൻ കിട്ടാൻ സാദ്ധ്യതയില്ല എന്നാൽ പിന്നെ പത്താം ക്ലാസ് കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്ന പോളി ടെക്നിക് ഡിപ്ലോമയ്കോ അല്ലെങ്കിൽ ഐ ടി ഐയ്ക്കോ അപേക്ഷിച്ചാലോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. 


ആകെ കുഴഞ്ഞ് മറിഞ്ഞ് അവിയലു പോലെ കിടക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇപ്പോഴും  സാധാരണക്കാരെന്നല്ല ഈ മേഖലയുമായി ബന്ധപ്പെട്ട പലർക്കും  ഐ ടി ഐ, പോളി ടെക്നിക്, ബി ടെക് ഇവ തമ്മിലുള്ള വ്യത്യാസങ്ങളിൽ വലിയ ആശയക്കുഴപ്പമുണ്ട്.  


തൊട്ടടുത്ത ഐ ടി ഐ യിൽ പഠിച്ചവൻ എഞ്ചിനീയർ ആയി ചില്ല്  കൂടുള്ള ഓഫീസിൽ ഇരിക്കുന്നത് കാണുമ്പോൾ , പോളി ടെക്നിക് പഠിച്ച അയൽക്കാരൻ പയ്യൻ വിദേശത്തു പോയി ബിസിനസ് ചെയ്ത്  വലിയ ബംഗ്ലാവ് കെട്ടുന്നത് കാണുമ്പോൾ,  ബി ടെക് കഴിഞ്ഞവൻ  നട്ടുച്ചയ്ക്ക് മൊബൈൽ ടവറിന്റെ മണ്ടയിൽ കയറി പണിയെടുക്കുന്നത് കാണുമ്പോൾ, എം ടെക് കഴിഞ്ഞവൻ  സ്വകാര്യ ഐ ടി ഐയിൽ പതിനായിരം രൂപ ശമ്പളത്തിൽ ഇൻസ്ട്രക്റ്റർ ആയി ജോലി ചെയ്യുന്നത് കാണുമ്പോൾ  ഈ ആശയക്കുഴപ്പങ്ങളെല്ലാം കൂടുന്നത് സ്വാഭാവികം. 


ടെക്നോളജിസ്റ്റ്, ടെക്നീഷ്യൻ, ക്രാഫ്റ്റ്സ് മാൻ എന്നിങ്ങനെ  എഞ്ചിനീയർ , സൂപ്പർവൈസർ, സ്കിൽഡ് ലേബർ എന്ന പിരമിഡ് മാതൃകയിലുള്ള  ത്രിതല സാങ്കേതിക വിദ്യാഭ്യാസ സമ്പ്രദായം  പതുക്കെ പതുക്കെ  പിരമിഡ്  ചതുരാകൃതിയിൽ ആയിപ്പോയി. അതായത് ഐ ടി ഐ കഴിഞ്ഞവരുടെ എണ്ണം വർഷങ്ങളായി കാര്യമായ വ്യത്യാസമില്ലാതെ തുടർന്നപ്പോൾ പോളി ടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളേജുകളും കൂണുപോലെ മുളച്ചു വന്നതിനെത്തുടർന്ന്  ഡിപ്ലോമ ടെക്നീഷ്യന്മാരുടെയും  ബി ടെക് എഞ്ചിനീയേഴ്സിന്റെയും എണ്ണം ഐ ടിഐക്കാരുടേതിനു തുല്ല്യമോ  അതിലധികമോ ഒക്കെ ആയി. 

പക്ഷേ ഇൻഡസ്ട്രിയൽ സെക്ടറിൽ ഇങ്ങനെ ഒരു ആവശ്യം ഇല്ലാത്തതുകൊണ്ട്  പ്രായോഗിക തലത്തിൽ ഐ ടി ഐക്കാരുടെ ഡിമാന്റ് ഏറെക്കുറെ ഫ്ലാറ്റ് ആയിത്തന്നെ തുടർന്നു. പക്ഷേ ഡിപ്ലോമക്കാരും ഡിഗ്രിക്കാരും ആവശ്യത്തിലും അധികമായപ്പോൾ  സ്ഥാപനങ്ങൾക്ക്  ആണു കോളടിച്ചത്. മത്സരം ശക്തമായപ്പോൾ കുറഞ്ഞ ശമ്പളത്തിന് എന്ത് ജോലിയും ചെയ്യാൻ ഈ വിഭാഗത്തിലുള്ളവർ തയ്യാറായി.

 പല തൊഴിലിടങ്ങളിലും  ഡിപ്ലോമ എഞ്ചിനീയേഴ്സിന്റെയും ഡിഗ്രി എഞ്ചിനീയേഴ്സിന്റെയും ജോലികൾ തമ്മിൽ കൃത്യമായ അതിർ വരമ്പുകൾ ഇല്ലാതെ പോയതും രണ്ടുപേർക്കും രണ്ട് പേരുടെയും ജോലികൾ ചെയ്യാൻ കഴിയുന്നു എന്ന സാഹചര്യം ഉണ്ടായതുമൊക്കെ ഫലത്തിൽ  ഈ രണ്ടു വിഭാഗങ്ങൾക്കും പാരയാവുകയാണുണ്ടായത്. ഐ ടി ഐ കഴിഞ്ഞവരുടെ ജോലിയും ചെയ്യാൻ ബി ടെക് കഴിഞ്ഞവർ തയ്യാറാണെങ്കിലും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെങ്കിലും നിർദ്ദിഷ്ട യോഗ്യതയായി ഐ ടി ഐ തന്നെ വേണമെന്നും അതില്ലാതെ എഞ്ചിനീയറിംഗ്, ഡിപ്ലോമ തുടങ്ങിയവ കഴിഞ്ഞവർ അപേക്ഷിക്കാൻ യോഗ്യതയുള്ളവരല്ലെന്നുമുള്ള നിയമം ഒരു പരിധി വരെ ഐ ടി ഐക്കാരുടെ തൊഴിൽ സംരക്ഷണത്തിനു സഹായകമായി.   


ഐ ടി ഐയും ഡിപ്ലോമയും ബി ടെകുമെല്ലാം  ഇവ പാസായിക്കഴിഞ്ഞാൽ നേരിട്ട് തൊഴിൽ മേഖലകളിലേക്ക് ഇറങ്ങത്തക്കവിധമുള്ള ടെർമിനൽ  പ്രൊഫഷണൽ കോഴ്സുകൾ ആയ രീതിയിൽ ആണ് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത് എന്നതിനാൽ മുൻ കാലങ്ങളിൽ തുടർ പഠന സാഹചര്യം ഐ ടി ഐ, ഡിപ്ലോമ കോഴ്സുകൾ കഴിഞ്ഞവർക്ക് പരിമിതമായിരുന്നു  എങ്കിൽ  ഇപ്പോൾ   ഇപ്പോൾ  ലാറ്ററൽ എൻട്രി വഴി ഐ ടി ഐക്കാർക്ക്  ഡിപ്ലോമ നേടാനും ഡിപ്ലോമക്കാർക്ക് ബി ടെക് നേടാനുമൊക്കെയുള്ള വഴികളുണ്ട്. 


ഇവയിൽ ഒരു വർഷം ഓരോ കോഴ്സിലും ലാഭിക്കാൻ ആകും . അതുകൊണ്ട്  തന്നെ നമ്മൂടെ നാട്ടിൽ ഐ ടി ഐ കഴിഞ്ഞ് ഡിപ്ലോമയുമെടുത്ത് പിന്നെ ഡിഗ്രിയും ചെയ്ത് തൊഴിലില്ലാതെ അലയുന്നവരെയും കാണാനാകും.  


തുടങ്ങിയ ഇടത്തേയ്ക്ക് തന്നെ തിരിച്ച് വരാം. 

പത്താം ക്ലാസ് കഴിഞ്ഞ് നേരിട്ട് ഐ ടി ഐ, ഡിപ്ലോമ കോഴ്സുകൾ പ്ലസ് ടുവിനു പകരമായി തെരഞ്ഞെടുക്കുന്നത്  പലപ്പോഴും ആത്മഹത്യാപരമായിപ്പോകുന്നത്  കാണാം. കാരണം ഇവ തുടർ പഠനങ്ങൾക്കും  മറ്റും പ്ലസ് ടുവിനു തുല്ല്യമായി പല അവസരങ്ങളിലും കണക്കാക്കാത്ത പ്രശ്നവും ഉണ്ട്.  


ഐ ടി  ഐ കോഴ്സുകളിൽ ചേരുന്നവർക്ക്  അധികമായി ഭാഷാ വിഷയങ്ങളും മറ്റും  പഠിച്ചുകൊണ്ട്  പ്ലസ് ടുവിനു തുല്ല്യമായ സർട്ടിഫിക്കറ്റ് നേടാൻ അവസരമുണ്ടെങ്കിലും പ്രയോജനപ്പെടുത്തുന്നവർ കുറവാണ്. പല ഐ ടി ഐകളിലും ഇതിനുള്ള പഠന സൗകര്യവും ഇല്ല.      

 

പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടുവിനു പോകാതെ നേരിട്ട്  ഡിപ്ലോമയ്ക്ക് പോകുന്നതിൽ പണ്ടുതോട്ടേ പല പ്രശ്നങ്ങളും ഉണ്ട്.  അതിൽ പ്രധാനമാണ് സിലബസ്സുമായി ഒത്തു പോകുന്നത്.  


പത്താം ക്ലാസിൽ എത്ര ഉന്നത വിജയം കരസ്ഥമാക്കിയവർ ആയാലും ഡിപ്ലോമ ക്ലാസ് മുറികളിൽ അവർക്കൊപ്പമുള്ള പ്ലസ് ടു   സയൻസ് ഗ്രൂപ്പ് കഴിഞ്ഞ് വന്നിരിക്കുന്നവരോട്  ഒത്ത് പോകാൻ വളരെ അധികം അദ്ധ്വാനിക്കേണ്ടി വരും.  


ക്ലാസ് എടുക്കുന്ന അദ്ധ്യാപകരും പൊതുവേ ക്ലാസിൽ പ്ലസ് ടു കഴിഞ്ഞവർ കൂടുതൽ ആയിരിക്കുമെന്നതിനാൽ  പത്താം ക്ലാസുകാരെ ശ്രദ്ധിക്കില്ല.  ഡിപ്ലോമയ്ക്ക് മാത്രമല്ല ഇപ്പോൾ ഐ ടി ഐകളിലും ഭൂരിഭാഗവും പ്ലസ് ടു കഴിഞ്ഞവർ തന്നെയാണ് ചേരുന്നത്.    ഇത്   വെറും പത്താം ക്ലാസുകാരിൽ വലിയ  മാനസിക സംഘഷർമുണ്ടാക്കുകയും  പഠിക്കുന്ന വിഷയത്തോട്  തന്നെ  വെറുപ്പ്   തോന്നിക്കുകയും ചെയ്യുന്നു.  


യൂടൂബിലും മറ്റും ധാരാളം ട്യൂട്ടോറിയലുകൾ സാങ്കേതിക വിഷയങ്ങളിൽ ഉണ്ടെങ്കിലും അവ പൊതുവേ കൂടുതാലായും കാണപ്പെടുന്നത്  ഇംഗ്ലിഷിലും ഹിന്ദിയിലുമായതിനാൽ അവിടെയും നമ്മുടെ നാട്ടിലെ വെറും പത്താം ക്ലാസുകാരൻ നിസ്സഹായരകുന്നു.  


അതുപോലെത്തന്നെയാണ്  എഞ്ചിനീയറിംഗ് വിഷയങ്ങളിലെ  അവിഭാജ്യ ഘടകമായ കണക്ക് പഠിത്തത്തിന്റെ കാര്യവും. 


പ്ലസ് ടു ലവലിൽ അടിസ്ഥാനപരമ്മായ കാര്യങ്ങൾ കുറച്ചെങ്കിലും അറിഞ്ഞാൽ മാത്രമേ അവ പിന്നീടുള്ള പഠനങ്ങൾക്ക് സഹായകരമാകൂ. പത്താം ക്ലാസിനു ശേഷമുള്ള  എഞ്ചിനീയറിംഗ് ഡിപ്ലോമ ലെവലിലെ കണക് പഠിത്തം തികച്ചും അപൂർണ്ണമാണ്.   ആ പ്രശ്നം പിന്നീട്  എഞ്ചിനീയറിംഗ് ബിരുദ പഠനത്തിനു ചേരുമ്പോൾ   സെൽഫ് മോട്ടിവേഷനോടു കൂടി അത്യദ്ധ്വാനം  ചെയ്യാതെ പരിഹരികപ്പെടില്ല. പരീക്ഷകൾ ഒരുപക്ഷേ പല പൊടികൈകളും ഉപയോഗിച്ച് പാസാകാം എന്നത് മറ്റൊരു വിഷയം ആണ്. 


അതിനാൽ പ്ലസ് വണ്ണിനു പകരം ഐ ടി ഐ, ഡിപ്ലോമ കൊഴ്സുകളിൽ  നേരിട്ട് കുട്ടികളെ ചേർക്കുന്നതിനു മുൻപ് നന്നായി ചിന്തിക്കേണ്ടിയിരിക്കുന്നു.

 - FB Post


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...