പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര/ സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം (EEP) എന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
മെഡിക്കൽ/എഞ്ചിനിയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, GATE/MAT, UGC/NET/JRF തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്ക് കോച്ചിംഗ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷിക്കാം.
അവസാന തീയതി: 20.10.2021
നിബന്ധനകൾ:
1. അപേക്ഷകർ സംസ്ഥാനത്തെ ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെട്ടവരായിരിക്കണം.
2. കുടുംബ വാർഷിക വരുമാന പരിധി ചുവടെ ചേർക്കുന്നു:
- ❇️ മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, ബാങ്കിങ് സർവ്വീസ് :- 2 ലക്ഷം
- ❇️ സിവിൽ സർവ്വീസ്:- 4.5 ലക്ഷം
- ❇️ GATE/MAT, UGC/NET/JRF:- 2.5 ലക്ഷം
3. പ്രശസ്തിയും സേവനപാരമ്പര്യവും ഉള്ള സ്ഥാപനത്തിൽ നിലവിൽ പരിശീലനം നടത്തുന്നവരായിരിക്കണം.
4. Sunday/Holiday/Evening Batch/Short term batch (6 മാസത്തിൽ കുറഞ്ഞ ദൈർഘ്യം) എന്നിവയിൽ പരിശീലനം നടത്തുന്നവർ അപേക്ഷിക്കേണ്ടതില്ല. ആഴ്ചയിൽ കുറഞ്ഞത് 3 ദിവസമെങ്കിലും പരിശീലനം നടത്തുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
5. ധനസഹായത്തിന്റെ നിരക്ക് (ആകെ അനുവദിക്കുന്ന പരമാവധി തുക):
- ✅മെഡിക്കൽ/എഞ്ചിനിയറിങ് എൻട്രൻസ്: 30,000/-
- ✅സിവിൽ സർവ്വീസ്: 25,000/-
- ✅ബാങ്കിങ് സർവ്വീസ്: 20,000
- ✅GATE/MAT, UGC/NET/JRF: 25,000/-
6. ഇ-ഗ്രാന്റ്സ് 3.0 മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
7. അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തണം.
8. ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ നമ്പരും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം.
9. ഒരാൾക്ക് ഒരു വർഷം ഒരു കോഴ്സിനു മാത്രമേ ആനുകൂല്യം അനുവദിക്കൂ . ഒരു തവണ ആനുകൂല്യം ലഭിച്ചവർക്ക് അതേ പരിശീലനത്തിന് തുടർന്ന് ആനുകൂല്യം അനുവദിക്കുന്നതല്ല.
10. രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ലൈവ് ആയ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ് . രക്ഷിതാവിന്റെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
11.മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലന ധനസഹായത്തിന് അപേക്ഷിക്കുന്നവർക്ക് 17 വയസ്സ് പൂർത്തിയായിരിക്കണം. നിലവിൽ ഹയർ സെക്കന്ററി കോഴ്സിന് പഠിച്ചുകൊണ്ടിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ (2018-19, 2019-20, 2020-21) ഹയർ സെക്കന്ററി പരീക്ഷ 80% അതിലധികമോ മാർക്കോടെ വിജയിച്ചിരിക്കണം.
12. സിവിൽ സർവ്വീസ് പരീക്ഷയുടെ പരിശീലനത്തിനുള്ള ധനസഹായം സർക്കാർ നിയന്ത്രണത്തിലുള്ള സിവിൽ സർവ്വീസ് അക്കാദമിയിലും, സംസ്ഥാനത്തിനകത്തെ പ്രശസ്ത സ്ഥാപനങ്ങളിലും പ്രവേശനം നേടിയവർക്ക് മാത്രം അനുവദിക്കുന്നതാണ്.
13.ബാങ്കിങ് സർവ്വീസ് പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായത്തിന് അപേക്ഷിക്കുന്നവർ കുറഞ്ഞത് 5 വർഷമെങ്കിലും സംസ്ഥാനത്ത് പ്രവർത്തിക്കുന്നതും, രജിസ്ട്രേഷൻ ഉള്ളതും, പ്രതിവർഷം 50 പേരെയെങ്കിലും പരിശീലിപ്പിക്കുന്നതുമായ സ്ഥാപനത്തിൽ പഠിക്കുന്നവരായിരിക്കണം.
14. അപേക്ഷയിൽ രേഖപ്പെടുത്തുന്ന മാർക്ക് ശതമാനം തെളിയിക്കുന്നതിന് മാർക്ക് ലിസ്റ്റോ/കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റോ ആണ് upload ചെയ്യേണ്ടത്. മറിച്ച് കോഴ്സ് സർട്ടിഫിക്കറ്റ് അല്ല.
15. ജാതി, വരുമാനം, SSLC, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, ഓൺലൈനിൽ രേഖപ്പെടുത്തിയിരിക്കുന്ന മാർക്ക് ശതമാനം തെളിയിക്കുന്ന Mark List/Consolidated Mark List ന്റേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, നിശ്ചിത മാതൃകയിൽ പരിശീലന സ്ഥാപന മേധാവി നൽകുന്ന സാക്ഷ്യപത്രം, സ്ഥാപനത്തിൽ ഫീസ് അടച്ച ഒറിജിനൽ രസീത്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് ആധാർ/റേഷൻ കാർഡിന്റെ പകർപ്പ്, വിധവകളുടെ മക്കൾ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, മാരക രോഗം ബാധിച്ച രക്ഷിതാക്കളുടെ മക്കൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആയത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവ ഓൺലൈനിൽ upload ചെയ്യേണ്ടതാണ്.
അപേക്ഷാഫാറത്തിന്റെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.