പതിനേഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം യുജിസി നെറ്റ് പരീക്ഷയ്ക്ക് തുടക്കമായി.
2020 ജൂണിലാണ് അവസാനമായി പരീക്ഷ നടന്നത്. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതാണ് പരീക്ഷയ്ക്ക് നീണ്ട ഇടവേള ഉണ്ടാകാന്‍ കാരണം.
നവംബര്‍ 20ന് ആരംഭിച്ച യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) എഴുതാന്‍ ഏകദേശം 12.67 ലക്ഷം പേര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ലോക്ഡൗണിനെ തുടര്‍ന്ന് മുടങ്ങിപ്പോയ ഡിസംബര്‍ 2020, ജൂണ്‍ 2021 സെഷനുകള്‍ സംയോജിപ്പിച്ചാണ് ഇത്തവണ പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡില്‍ 213 നഗരങ്ങളിലെ 469 നിയുക്ത കേന്ദ്രങ്ങളിലായി നടക്കുന്ന യുജിസി നെറ്റ് പരീക്ഷ ഡിസംബര്‍ അഞ്ചിന് സമാപിക്കും.
നവംബര്‍ 20ന് നടന്ന പരീക്ഷയില്‍ 177 നഗരങ്ങളിലെ 338 കേന്ദ്രങ്ങളിലായി 52,335 ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതി. പരീക്ഷയുടെ ആദ്യദിനത്തില്‍ 48 ശതമാനം ആണ് വനിത പരീക്ഷാര്‍ത്ഥികളുടെ സാന്നിദ്ധ്യം. നാല് മൂന്നാംലിംഗക്കാരായ അപേക്ഷകരും പരീക്ഷയെഴുതി.
മൂന്ന് മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായാണ് 36 വിഷയങ്ങള്‍ക്കായി പരീക്ഷ നടത്തിയത്. ആദ്യ ഷിഫ്റ്റില്‍ 19 വിഷയങ്ങളിലായി 13,975 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ രണ്ടാം ഷിഫ്റ്റില്‍ ശേഷിക്കുന്ന 17 വിഷയങ്ങളില്‍ 38,360 പേര്‍ പരീക്ഷ എഴുതി.
പരീക്ഷയുടെ നീതിയുക്തവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പരീക്ഷയുടെ ആദ്യ ദിവസം തന്നെ എല്ലാ കേന്ദ്രങ്ങളിലും 1783 ജാമറുകളും 8142 സിസിടിവി ക്യാമറകളും അധികൃതര്‍ സ്ഥാപിച്ചിരുന്നു.
ക്രമക്കേടുകള്‍ ഒഴിവാക്കാനായി എന്‍ടിഎ (NTA) നിയമിച്ച ദേശീയ, പ്രാദേശിക കോ-ഓര്‍ഡിനേറ്റര്‍മാരുടെ വിര്‍ച്വല്‍ നിരീക്ഷണത്തിലാണ് പരീക്ഷ പൂര്‍ണ്ണമായും നടത്തിയത്. അസമിലെ ഒരു കേന്ദ്രത്തിൽ ഒഴികെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ പരീക്ഷകള്‍ വിജയകരമായി നടത്തി. സാങ്കേതിക കാരണങ്ങളാല്‍ അസം കേന്ദ്രത്തിലെ പരീക്ഷ നവംബര്‍ 28 ലേക്ക് മാറ്റി വെച്ചു.
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നല്‍കുന്നതിനും അസിസ്റ്റന്റ് പ്രൊഫസര്‍ഷിപ്പിന് യോഗ്യത നേടുന്നതിനും ആയാണ് യുജിസി നെറ്റ് നടത്തുന്നത്. 81 ടെസ്റ്റ് പേപ്പറുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
മുതിര്‍ന്നവരുടെ വിദ്യാഭ്യാസം (adult education), തുടര്‍വിദ്യാഭ്യാസം (continuing education), മുതിര്‍ന്നവര്‍ക്കായുള്ള അധ്യാപന പദ്ധതി (andragogy ), അനൗപചാരിക വിദ്യാഭ്യാസം, അറബ് സംസ്‌കാരം, ഇസ്ലാമിക് പഠനങ്ങള്‍, അറബി , പുരാവസ്തു ശാസ്ത്രം (archaeology), ബുദ്ധ, ജൈന, ഗാന്ധിയന്‍, സമാധാന പഠനങ്ങള്‍, ചൈനീസ്, താരതമ്യ സാഹിത്യം, മതങ്ങളുടെ താരതമ്യ പഠനം (comparative literature) എന്നിവയായിരുന്നു ഒന്നാം ദിവസത്തെ പരീക്ഷയുടെ വിഷയങ്ങള്‍.
ക്രിമിനോളജി, പ്രതിരോധം, സ്ട്രാറ്റെജിക് സ്റ്റഡീസ്, നാടോടി സാഹിത്യം (folk literature), ഫോറന്‍സിക് സയന്‍സ്, ഫ്രഞ്ച് (ഫ്രഞ്ച് പതിപ്പ്), മനുഷ്യാവകാശങ്ങളും കടമകളും, ഇന്ത്യന്‍ സംസ്‌കാരം, ഭാഷാശാസ്ത്രം, മാസ്സ് കമ്യൂണിക്കേഷനും ആൻഡ് ജേർണലിസം, നേപ്പാളി, പാലി, പേര്‍ഷ്യന്‍, തത്ത്വചിന്ത, ടൂറിസം അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാനേജ്‌മെന്റ്, ഗോത്ര, മത ഭാഷ/സാഹിത്യം എന്നിവ ഉള്‍പ്പെടുന്നതാണ് മറ്റ് വിഷയങ്ങള്‍.