ഏത് വിഷയമെടുത്ത് പ്ലസ്ടു പഠിച്ചവർക്കും ഏറെ വിപുലമായ സാധ്യതകളൊരുക്കുന്ന ശ്രദ്ധേയമായ തുടർ പഠന മേഖലയാണ് നിയമം.
നിയമപഠനത്തിന് അവസരമൊരുക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങണ്ടെകിലും മികച്ച പഠനാനുഭവം നൽകാനും പഠനം കഴിഞ്ഞവർക്ക് മികവുറ്റ അവസരമൊരുക്കാനും സാധിക്കുന്നത് വഴി ദേശീയ നിയമ സർവകലാശാലകളിലെ പഠനം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
പ്ലസ്ടു കഴിഞ്ഞവർക്ക് രാജ്യത്തെ ശ്രദ്ധേയമായ സ്ഥാപനങ്ങളിൽ നിയമ പഠനത്തിനവസരമൊരുക്കുന്ന ഇപ്പോൾ അപേക്ഷിക്കാവുന്ന രണ്ട് പ്രവേശന പരീക്ഷകളെ പരിചയപ്പെടാം.
1) കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് CLAT
കൊച്ചിയിലുള്ള നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യുവാൽസ്) ഉൾപ്പെടെയുള്ള രാജ്യത്തെ 22 നിയമ സർവകലാശാലകളിലെ നിയമ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള മത്സരപരീക്ഷയാണ് ക്ലാറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്.
പ്ലസ്ടു കഴിഞ്ഞവർക്കുള്ള പഞ്ചവർഷ എൽഎൽ.ബി പ്രവേശനത്തിന് മാർച്ച് 31 വരെ https://consortiumofnlus.ac.in/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
കോഴ്സുകൾ
- ബിഎ.എൽഎൽ.ബി(ഓണേഴ്സ്)
- ബി.എസ്.സി.എൽഎൽ.ബി(ഓണേഴ്സ്)
- ബി.ബി.എഎൽ.എൽ.ബി (ഓണേഴ്സ്)
- ബി.കോം.എൽഎൽ.ബി (ഓണേഴ്സ്)
- ബി.എസ്.ഡബ്ള്യു എൽഎൽ.ബി(ഓണേഴ്‌സ്)
യോഗ്യത
- 45 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ചവർക്കും (പട്ടിക വിഭാഗങ്ങൾക്ക് 40 ശതമാനം) ഇത്തവണ +2 പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
- ഉയർന്ന പ്രായപരിധിയില്ല.
പ്രവേശന പരീക്ഷ
- മെയ് എട്ടിനാണ് പരീക്ഷ.
- രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 150 മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക.
- തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടാവും.
- ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം & ആനുകാലികം, ലീഗൽ റീസണിംഗ്, ലോജിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റിവ് ടെക്നിക് എന്നിവയിൽനിന്ന് ചോദ്യങ്ങളുണ്ടാവും
പരീക്ഷ ഫീസ്
4,000 രൂപയാണ് പരീക്ഷാ ഫീസ്. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പർ കൂടി വേണമെങ്കിൽ 500 രൂപ അധികമായി ഒടുക്കണം.
ക്ലാറ്റ് പ്രവേശന പ്രക്രിയയയിൽ പങ്കെടുക്കുന്ന 22 ദേശീയ നിയമ സർവ്വകലാശാലകളുടെ പ്രവേശനം, സംവരണ രീതികൾ, ലഭ്യമായ കോഴ്സുകൾ, ഫീസ് വിവരം എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ അറിയാൻ https://consortiumofnlus.ac.in/ ലുള്ള സ്ഥാപങ്ങളുടെ വെബ്‌സെറ്റുകൾ പരിശോധിക്കാം
മാതൃകാ ചോദ്യങ്ങൾ, മറ്റു പഠന സഹായികൾ എന്നിവ വെബ്സൈറ്റിലുണ്ടാവും.
ക്ലാറ്റ്-2022 യോഗ്യത നേടിയ ശേഷം ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കണം.
22 ദേശീയ നിയമ സർവകലാശാലകൾക്ക് പുറമെ ഐ.ഐ,എം റോത്തക്ക്, നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാല (ദൽഹി ക്യാമ്പസ്), സേവിയർ ലോ സ്കൂൾ ഭുവനേശ്വർ, ഏഷ്യൻ ലോ കോളേജ് നോയിഡ , തുടങ്ങിയ വേറെയും സ്ഥാപനങ്ങളും അവരുടെ ചില കോഴ്സുകളിലെ പ്രവേശനത്തിന് ക്ലാറ്റ് പരീക്ഷാഫലം ഒരു മാനദണ്ഡമാക്കാറുണ്ട്.
തിരുവനന്തപുരം , കോട്ടയം, എറണാകുളം,കോഴിക്കോട്, കോയമ്പത്തൂർ, മംഗലാപുരം, മൈസൂർ, ചെന്നൈ, ബംഗളുരു എന്നിവ അടക്കം എൺപതോളം പരീക്ഷ കേന്ദ്രങ്ങളുണ്ട്. മുൻഗണനാ അടിസ്ഥാനത്തിൽ മൂന്ന് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.
2) ആൾ ഇന്ത്യാ ലോ എൻട്രൻസ് ടെസ്റ്റ് (AILET)
ഡൽഹിയിലുള്ള ദേശീയ നിയമ സർവകലാശാലയിലെ പഞ്ചവർഷ നിയമബിരുദ പ്രോഗ്രാമായ ബി.എ.എൽ.എൽ.ബി ഓണേഴ്സ്) കോഴ്‌സിന്റെ പ്രവേശനത്തിനുള്ള മാനദണ്ഡമായ ആൾ ഇന്ത്യാ ലോ എൻട്രൻസ് ടെസ്റ്റ് (ഐലറ്റ്).
യോഗ്യത
45 ശതമാനം മാർക്കോടെ പ്ലസ്‌ടു വിജയിച്ചവർക്ക് ( പട്ടിക വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 40 ശതമാനം) ഏപ്രിൽ 7 വരെ അപേക്ഷിക്കാം.
ഇത്തവണ പ്ലസ്‌ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
മേയ് ഒന്നിന് നടക്കുന്ന ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം&ആനുകാലികം, ലോജിക്കൽ റീസണിങ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി 150 മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക.
തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടാവും. പൊതു വിഭാഗത്തിൽ 3,050 രൂപയാണ് പരീക്ഷാ ഫീസ്. കൊച്ചി, ബംഗളുരു, ചെന്നൈ എന്നിവയടക്കം 23 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
വെബ്സൈറ്റ്
നിയമബിരുദം പൂർത്തിയാക്കിയവർക്ക് ‘ക്ലാറ്റ്’, ‘ഐലറ്റ്’ പരീക്ഷകൾ വഴി എൽ.എൽ.എം കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസരവും ഇപ്പോഴുണ്ട്.
Tags:
EDUCATION