ആ ദേവാലയം വളരെ പ്രസിദ്ധമാണ്. ദേവാലയത്തിലെ മണ്‍ചിരാതുകളില്‍ എണ്ണയൊഴിച്ച് ദീപങ്ങള്‍ തെളിയിക്കുന്നതാണ് അവിടെത്തെ പ്രധാന വഴിപാട്. ദൂരദേശങ്ങളില്‍ നിന്നുപോലും ധാരാളം പേര്‍ അവിടെയെത്തി ഈ വഴിപാട് കഴിക്കാറുണ്ട്.
ആ ദേവാലയത്തിനടുത്ത് താമസിച്ചിരുന്ന ഒരു വയോധികയ്ക്കും അവിടെ ദീപം തെളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അതിനായുള്ള എണ്ണ വാങ്ങാന്‍ പണമില്ലായിരുന്നു. ഒരിക്കല്‍ ഭിക്ഷാടനത്തിനിടെ അവര്‍ ഒരു എണ്ണവ്യാപാരിയുടെ അടുത്തെത്തി. അവര്‍ തന്റെ ആഗ്രഹമറിയിച്ചപ്പോള്‍ അയാള്‍ അവര്‍ക്ക് എണ്ണ നല്‍കി. അന്നുതന്നെ അവര്‍ ദേവാലയത്തിലെത്തി ദീപംകത്തിച്ചു. പിറ്റേന്നുരാവിലെ ദേവാലയത്തിലെത്തിയവര്‍ ചെരാതുകള്‍ കത്തി നില്‍ക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. ഇത് കണ്ട പുരോഹിതന്‍ പറഞ്ഞു: ഒരുപക്ഷേ, ആ ചിരാതുകളില്‍ വെള്ളം ഒഴിച്ചാല്‍ പോലും അത് അണയാന്‍ സാധ്യതയില്ല, കാരണം അത്രയും ആഗ്രഹത്തോടെയും ഹൃദയശുദ്ധിയോടെയുമാണവര്‍ ആ ചിരാത് തെളിച്ചത്!
സത്യത്തില്‍ എണ്ണതീരുമ്പോള്‍ അണയുന്നത് വിളക്കല്ല, വെളിച്ചമാണ്. വിളക്കും തിരിയും എത്ര ആര്‍ജ്ജവത്തോടെ നിന്നാലും കത്തിനില്‍ക്കാന്‍ ഒരു കാരണമില്ലെങ്കില്‍ ഏത് വെളിച്ചവും അസാധുവാകും.
വിളക്കും തിരിയുമായി നടക്കുന്നപലരുടേയും ഉള്ളില്‍ ഇന്ധനമില്ല എന്നതുകൊണ്ടാണ് പ്രകാശം ചൊരിയാന്‍ സാധിക്കാത്തത്.
വിളക്കല്ല വെളിച്ചം, തിരിയുമല്ല വെളിച്ചം, ഉള്ളില്‍ ആരും കാണാതെ എരിയുന്ന ഇന്ധനമാണ് വെളിച്ചം.
ജീവിതത്തില്‍ തന്റെ വേഷമെന്തന്നറിഞ്ഞ് അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നുമാത്രമേ വെളിച്ചമുണ്ടാകൂ.
കരിന്തിരിയില്‍ നിന്നും കെടാവിളക്കിലേക്കുള്ള ദൂരം അതില്‍ നനവു പകരുന്ന എണ്ണയുടേതാണ്. നമുക്കും മററുള്ളവരെ അങ്ങനെ ഒന്ന് നനച്ചുകൊടുക്കാന്‍ തയ്യാറാകാം.
തഴച്ചുവളരാനും തുടര്‍ന്നുകത്താനും ത്രാണിയുള്ള കുറച്ചുപേരെ നമുക്കവിടെ കണ്ടെത്താം - ശുഭദിനം.