നെറ്റ് / ജെ.ആര്‍.എഫ് യോഗ്യത ഉള്ളവര്‍ക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് 60 ശതമാനം സീറ്റ് സംവരണംചെയ്യാന്‍ യു.ജി.സി. നിര്‍ദേശം. അഭിമുഖം മാനദണ്ഡമാക്കി ഇവര്‍ക്ക് പ്രവേശനംനല്‍കും.
ശേഷിക്കുന്ന 40 ശതമാനത്തിലേക്ക് സംസ്ഥാനതലത്തില്‍ നടത്തുന്ന പൊതുപരീക്ഷയുടെയും (70 മാര്‍ക്ക്) അഭിമുഖത്തിന്റെയും (30 മാര്‍ക്ക്) അടിസ്ഥാനത്തിലാകും പ്രവേശനം.
പൊതുപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കെങ്കിലും നേടണം.
പിഎച്ച്.ഡി. ചട്ടഭേദഗതിയുടെ കരടാണ് യു.ജി.സി. പുറത്തുവിട്ടത്. മാര്‍ച്ച് 31 വരെ ഇതില്‍ ജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം.
ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള നാലുവര്‍ഷബിരുദം 7.5 ഗ്രേഡ് പോയന്റോടെ (സി.ജി.പി.എ.) പാസാകുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിനുശേഷം പിഎച്ച്.ഡി.ക്ക് അപേക്ഷിക്കാം.
55 ശതമാനം മാര്‍ക്കോടെ എം.ഫില്‍. പൂര്‍ത്തിയാക്കിയവര്‍ക്കും അധ്യയനവര്‍ഷം പ്രവേശനപരീക്ഷയില്ലാതെ ഗവേഷണംചെയ്യാം. സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ടാകും.
സാമ്പത്തിക പിന്നാക്കവിഭാഗങ്ങള്‍ക്കും അഞ്ചുശതമാനം ഇളവുണ്ടാകും.
വിദൂര പിഎച്ച്.ഡി.ഇനിയില്ല
വിദൂരവിദ്യാഭ്യാസരീതിയിലോ ഓണ്‍ലൈനായോ പിഎച്ച്.ഡി. ഗവേഷണം അനുവദിക്കില്ല. ഗവേഷണം പൂര്‍ത്തിയാക്കാനുള്ള ചുരുങ്ങിയ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടുവര്‍ഷമാക്കി. കൂടിയ കാലാവധി ആറുവര്‍ഷമായി തുടരും.
ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് കാരണങ്ങള്‍ ബോധിപ്പിച്ചാല്‍ രണ്ടുവര്‍ഷം നീട്ടിക്കിട്ടും. വനിതകള്‍ക്ക് 240 ദിവസത്തെ പ്രസവാവധി ലഭിക്കും. 16 ക്രെഡിറ്റില്‍ 12 എണ്ണം നേടിയാലേ പിഎച്ച്.ഡി. ലഭിക്കൂ.