ആ രാജാവിന് ഒരുകൂട്ടം വേട്ടനായ്ക്കള്‍ ഉണ്ടായിരുന്നു. തന്റെ സേവകര്‍ എന്തെങ്കിലും തെറ്റു ചെയ്താല്‍ രാജാവ് സേവകരെ നായ്ക്കള്‍ക്ക് ഇട്ടുകൊടുക്കുമായിരുന്നു. ഒരിക്കല്‍ തെററ് ചെയ്ത സേവകനെ നായ്ക്കള്‍ക്ക് കൊടുക്കാന്‍ രാജാവ് ഉത്തരവിട്ടു.
ഇത് കേട്ട് സേവകന്‍ പറഞ്ഞു: പത്ത് വര്‍ഷമായി ഞാന്‍ അങ്ങയെ സേവിക്കുന്നു. എന്നോട് എന്തിനാണ് ഈ ക്രൂരത. എനിക്കൊരാഗ്രഹമുണ്ട്. ആ നായ്ക്കളുടെ കൂടെ പത്ത് ദിവസം കഴിയാന്‍ എന്നെ അനുവദിക്കണം. രാജാവ് സമ്മതം നല്‍കി. അയാള്‍ പത്ത് ദിവസം നായക്കള്‍ക്ക് ഭക്ഷണം നല്‍കുകയും അവയെ പരിചരിക്കുകയും ചെയ്തു. പത്താം ദിവസം നായ്ക്കളുടെ കൂട്ടിലേക്ക് അയാളെ എറിഞ്ഞപ്പോള്‍ അവ അയാളുടെ കാലുകള്‍ നക്കുന്നത് കണ്ട് രാജാവ് അത്ഭുതപ്പെട്ടു. അപ്പോള്‍ സേവകന്‍ പറഞ്ഞു: ഞാന്‍ നായ്ക്കളെ സേവിച്ചത് പത്തുദിവസം മാത്രം എന്നിട്ടും അവ എന്നെ മറന്നില്ല. പത്ത് വര്‍ഷം ഞാന്‍ അങ്ങയെ സേവിച്ചിട്ടും, ഒരു തെറ്റിന്റെ പേരില്‍ അങ്ങ് എന്നെ മറന്നു. ഇത് കേട്ട് രാജാവ് സേവകനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു.
രക്ഷപ്പെടുത്തിയ ആയിരം ഗോളുകളുടെ പേരിലല്ല, വഴങ്ങിയ ഒരു ഗോളിന്റെ പേരിലായിരിക്കും പല ഗോളികളും ഓര്‍മ്മിക്കപ്പെടുക. തട്ടിയകറ്റിയ ഓരോ പന്തിനും കലങ്ങിയ നെഞ്ചിന്റെയും തകര്‍ന്ന ചെവിയുടേയും കാഴ്ചമങ്ങിയ കണ്ണിന്റെയും കഥകള്‍ പറയാനുണ്ടാകും. എങ്കിലും ഒരിക്കലിടറിയ പാദങ്ങളെകുറിച്ചും അങ്ങനെ വലകുലുങ്ങിയതിനെക്കുറിച്ചും മാത്രമായിരിക്കും എല്ലാവര്‍ക്കും സംസാരിക്കാന്‍ ഉണ്ടാകുക.
എന്തിനാണ് നൂറ് നന്മകള്‍ ചെയ്തവരുടെ ഒരു തെറ്റിനെ ഇത്രയധികം പഴിക്കുന്നത്.
ഒഴിവാക്കാന്‍ ഒരു കാരണം തേടുന്നവര്‍ ഒരു പിഴവിന്റെ പേരില്‍ ആരെയും ഒഴിവാക്കും. ഒപ്പം നിര്‍ത്താനൊരു കാരണം തേടുന്നവര്‍ ചെയ്ത ഒരു നന്മയെ മുറുകെ പിടിക്കും.
നമുക്ക് ഒന്നോര്‍ക്കാം, ഒരു മരവും ശിശിരകാലത്തിന്റെ പേരില്‍ വെട്ടിമുറിക്കപ്പെടാന്‍ പാടില്ല... കാരണം അത് ഇലപൊഴിക്കുന്ന കാലമാണ്.. അന്നു തണല്‍ നല്‍കിയില്ല എന്ന് കുറ്റപ്പെടുത്തുമ്പോള്‍, അതിന് മുന്‍പ് ആ മരം കൊണ്ട വെയിലിനെ നാം മറന്നുപോകരുത്... - ശുഭദിനം നേരുന്നു
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇📱https://bn1.short.gy/CareerLokam