അവള്‍ക്ക് കാഴ്ചയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ജീവിതത്തിന് വല്ലാത്ത വിരസത തോന്നി.
ആയിടെയാണ് ഒരു പുതിയ സുഹൃത്തിനെ അവള്‍ക്ക് കിട്ടിയത്. അയാളുടെ വാക്കുകളില്‍ അവള്‍ ജീവിതത്തെ സ്‌നേഹിച്ചുതുടങ്ങി.
ഒരിക്കല്‍ അവള്‍ അവനോട് പറഞ്ഞു: എനിക്ക് നിന്നെ ഇഷ്ടമാണ്. ഇനിയുളള കാലം എനിക്ക് നിന്നോടൊപ്പം ജീവിച്ചുതീര്‍ക്കാനാണ് ആഗ്രഹം. പക്ഷേ, എന്റെ കണ്ണുകള്‍ക്ക് കാഴ്ച ലഭിച്ചുകഴിഞ്ഞുമാത്രമേ ഞാന്‍ വിവാഹത്തെകുറിച്ച് ആലോചിക്കുന്നുള്ളൂ. അവള്‍ക്ക് കണ്ണുകള്‍ ലഭിക്കാന്‍ അവന്‍ ഒരുപാട് അന്വേഷിച്ചു. ഒന്നും ലഭിച്ചില്ല. തന്റെ കണ്ണുകള്‍ അവള്‍ക്ക് നല്‍കാന്‍ അവന്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ നടന്നു. അവള്‍ക്ക് കാഴ്ച തിരികെ കിട്ടി.
പക്ഷേ, വളരെ ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അവന്‍ അവളെ കാണാന്‍ വന്നത്. താന്‍ സ്‌നേഹിച്ചിരുന്ന ആള്‍ക്ക് കാഴ്ചയില്ലെന്ന തിരിച്ചറിവില്‍ അവള്‍ വിവാഹത്തെകുറിച്ചൊന്നു സംസാരിക്കുക പോലും ചെയ്തില്ല. കുറച്ച് ദിവസം കഴിഞ്ഞ് അവന്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തനിക്ക് കാഴ്ചയുളളയാളെ മതി വിവാഹം കഴിക്കാന്‍ എന്നവള്‍ പറഞ്ഞു. അതുകേട്ട് സങ്കടപ്പെട്ട് അവന്‍ അവിടെനിന്നും യാത്രയായി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവളെ തേടി ഒരു കത്ത് വന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു..
ഒരുമിച്ചുള്ള ജീവിതം ഞാന്‍ കാത്തിരുന്നതാണ്. പക്ഷേ, നീയത് ആഗ്രഹിക്കുന്നില്ല എന്നറിഞ്ഞപ്പോള്‍ എനിക്ക് ദുഃഖവും ദേഷ്യവും മാറി മാറി വന്നു. എന്തായാലും നിന്നെ ഞാന്‍ ഇനി ഓര്‍ക്കാന്‍ നില്‍ക്കുന്നില്ല. ഞാനെന്റെ ജീവിതവുമായി മുന്നോട്ട് പോകുന്നു. പിന്നെ ചെറിയൊരു കാര്യം പറയട്ടെ... നിനക്കുകിട്ടിയ ആ കണ്ണുകളെ നീ നല്ലോണം ശ്രദ്ധിക്കണം,. സൂക്ഷിക്കണം.. കാരണം അത് നിന്റെതാകുന്നതിന് മുമ്പ് അത് എന്റേതായിരുന്നു
വേദനിപ്പിച്ചവരെ മറക്കാനോ അവരോട് പൊറുക്കാനോ എളുപ്പമല്ല. പിന്നിലേക്ക് തന്നെ നോക്കിയിരുന്നാല്‍ ഓര്‍മ്മകള്‍ വന്ന് നമ്മുടെ മുറിവില്‍ തൊടും.
നമുക്കവരെ മറക്കാനോ , പൊറുക്കാനോ നില്‍ക്കണ്ട.. വിട്ടുകളയാം... എന്നിട്ട് മുന്നോട്ട് നോക്കി ജീവിതത്തെയും ചേര്‍ത്ത്പിടിച്ച് യാത്ര തുടരാം - ശുഭദിനം നേരുന്നു