സർവകലാശാലകളിലെ പരീക്ഷാനടത്തിപ്പിൽ വലിയ പരിഷ്‌കാരങ്ങൾ വരുന്നു. ഓർമ്മ പരിശോധന പകരം അറിവ് പരിശോധനക്ക് പ്രാധാന്യം നൽകും. ഇന്റേണൽ മാർക്ക് 40 ശതമാനമാക്കി വർദ്ധിപ്പിക്കാനും പരീക്ഷാ പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി ശിപാർശ നൽകി.
എംജി സർവകലാശാല പിവിസി ഡോ. സി ടി അരവിന്ദകുമാർ സമിതിയാണ് ശുപാർശകൾ നൽകിയത്. ഓർമ്മക്ക് പകരം അറിവ് പരിശോധിക്കുന്നതാകണം പരീക്ഷകൾ എന്നതാണ് പ്രധാന ശിപാർശ.
പ്രധാന നിർദേശങ്ങൾ
- ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഓപ്പൺബുക്ക് പരീക്ഷ വേണം.
- പരീക്ഷ നടത്തി ഒരു മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കുക.
- ബിരുദകോഴ്സുകളിൽ ആദ്യ സെമസ്റ്ററുകളിലെയും പി.ജി കോഴ്സുകളിൽ ഒന്നിടവിട്ട സെമസ്റ്ററുകളിലേയും പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കോളേജുകൾക്ക് നൽകണണം
- പുനർമൂല്യനിർണയം 15 ദിവസത്തിനകം പൂർത്തിയാക്കണം, അപേക്ഷിച്ച് 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് ലഭ്യമാക്കുക,
- യു.ജി.സി അംഗീകാരമുള്ള സർവകലാശാലകൾ പരസ്പരം അംഗീകരിച്ച് തുല്യതാ സർട്ടിഫിക്കറ്റ് നൽകുക
- കോളജുകളിൽ നടത്തുന്ന സെമസ്റ്റർ പരീക്ഷകളുടെ ചോദ്യ പേപ്പർ സർവകലാശാല തന്നെ തയ്യാറാക്കി വാട്ടർമാർക്ക് ഉപയോഗിച്ച് പരീക്ഷ കേന്ദ്രങ്ങൾക്ക് പ്രിന്റെടുത്ത് ഉപയോഗിക്കാൻ കഴിയണം
- ഉത്തരപേപ്പറുകൾ സർവകലാശാല ചുമതലപ്പെടുത്തുന്ന പരീക്ഷാ ബോർഡ് ചെയർമാൻ 10 20ശതമാനത്തിൽ റാൻഡം പരിശോധന നടത്തണം.
- ഇന്റേണൽ എക്സ്റ്റേണൽ മാർക്ക്.20:80 എന്നത് 40:60 ആക്കണം.
- ഇന്റേണൽ അസസ്മെന്റിലെ പകുതി ശതമാനവും എഴുത്തു പരീക്ഷ അടിസ്ഥാനമാക്കിയായി രിക്കണം. ഹാജർ ഇന്റേണൽ അസസ്മെന്റിൽ പരിഗണിക്കരുത്.
- ഇന്റേണൽ അസസ്മെന്റിന് സർവകലാശാല അടിസ്ഥാനത്തിൽ പ്രത്യേക സംവിധാനം വേണം.
- പരീക്ഷകൾക്ക് 15 മിനുട്ട് കൂൾ ഓഫ് ടൈം അനുവദിക്കണം.
- ബാർകോഡ് പതിച്ച ഉത്തരക്കടലാസ് ഉപയോഗിക്കണം.
- പരീക്ഷാനടത്തിപ്പ്, മൂല്യനിർണയം, പുനഃപരിശോധന എന്നിവ സുതാര്യമായും വേഗത്തിലും നടപ്പാക്കണം.
- സ്ഥാപനങ്ങളിൽ അഡ്മിഷനെടുക്കുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ആധാറുമായി ബന്ധിപ്പിച്ച ഏകീകൃത തിരിച്ചറിയൽ നമ്പർ നൽകണം.
- പി.ജി പ്രവേശനത്തിന് സർവകലാശാലാടിസ്ഥാനത്തിൽ പൊതുപ്രവേശന പരീക്ഷ നടത്തണം
- പരീക്ഷകളുടെ മുഴുവൻ സേവനത്തിനും ഓൺലൈൻ പോർട്ടൽ സംവിധാനം ഏർപ്പെടുത്തണം.