അന്ന് ബുദ്ധന്‍ പ്രഭാഷണത്തിനെത്തിയത് ഒരു തൂവാലയുമായാണ്. പ്രഭാഷണം നടക്കുന്നതിനിടയില്‍ അദ്ദേഹം തന്റെ തൂവാലയില്‍ ചില കെട്ടുകള്‍ ഇട്ടു. എന്നിട്ടു ശിഷ്യരോട് ചോദിച്ചു: ഈ തൂവാലയ്ക്ക് എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ?
ഒരാള്‍ പറഞ്ഞു: ഉവ്വ്, തൂവാലയുടെ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്.
ഇനിയതു പഴയതുപോലെയാകാന്‍ എന്തു ചെയ്യണം? : മറ്റൊരാള്‍ ചോദിച്ചു. കെട്ടുകള്‍ അഴിച്ചുമാറ്റണം. വേറെയൊരാള്‍ പറഞ്ഞു. അതിനെന്തു ചെയ്യണം? വീണ്ടും ചോദ്യങ്ങള്‍. ഉത്തരവും ഉടനടി എത്തി.
കെട്ടാനുപയോഗിച്ച രീതി എന്തെന്നു മനസ്സിലാക്കി അതേ വഴിയില്‍ തിരിച്ചിറങ്ങണം.. ബുദ്ധന്‍ ആ ശിഷ്യനെ തൂവാലയുടെ കെട്ടുകള്‍ അഴിക്കാന്‍ ഏല്‍പ്പിച്ചു...
അകപ്പെട്ടുപോയതെങ്ങനെയെന്ന് തിരിച്ചറിയുകയാണ് തിരിച്ചിറങ്ങാനുള്ള എളുപ്പമാര്‍ഗ്ഗം. എല്ലായിടത്തും അകേത്തക്കും പുറത്തേക്കും വ്യത്യസ്തമായ വഴികള്‍ ഉണ്ടാകണമെന്നില്ല. കെണികള്‍ക്ക് പലപ്പോഴും ഒരു വാതിലേ ഉണ്ടാവുകയുള്ളൂ. തന്റെ ഇര ഒരിക്കലും പുറത്ത്‌പോകരുത് എന്നതാണ് കെണിയൊരുക്കുന്നവരുടെ ഉദ്ദേശം. ആയിരിക്കുന്ന അവസ്ഥയിലെ ആനന്ദവും അസ്വസ്ഥതയും തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം.
അനാരോഗ്യകരമാണെന്ന് മനസ്സിലായാല്‍ പിന്‍വലിയണം. ഒന്നുകില്‍ മറുമരുന്നുകളിലൂടെ, അല്ലെങ്കില്‍ അത്തരം അവസ്ഥകളിലേക്കുള്ള യാത്രാനിഷേധത്തിലൂടെ. എന്തിലാണോ ആകൃഷ്ടമായത് അത് അനാരോഗ്യമെങ്കില്‍ അതിനോട് തന്നെ വിരക്തി രൂപപ്പെടുത്തുകയാണ് അതില്‍ നിന്നും രക്ഷപ്പെടാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം.
അല്ലെങ്കില്‍ മരുന്നിന്റെ സ്വാധീനം അവസാനിക്കുമ്പോള്‍ പ്രലോഭനത്തിന്റെ വഴികള്‍ വീണ്ടും തെളിയും. അനാരോഗ്യകരമായ അവസ്ഥകളില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കാം, അല്ലെങ്കില്‍ കെട്ടുകളില്‍ വീഴാതിരിക്കാന്‍ ശ്രമിക്കാം -