ചാരവൃത്തി നടത്തിയതിനാണ് ആ യുവാവിനെ പിടിച്ചത്. അന്നു സന്ധ്യാമണി മുഴങ്ങുമ്പോള്‍ ആ യുവാവിനെ വെടിവെച്ചുകൊല്ലാന്‍ പട്ടാളമേധാവി ഉത്തരവിട്ടു.
വിധികേട്ട് യുവാവിന്റെ പ്രണയിനി മണി മുഴക്കുന്നയാളിന്റെ അടുത്തെത്തി. ഇന്ന് സന്ധ്യക്ക് മണി മുഴക്കരുതെന്നും മണി മുഴക്കിയാല്‍ തന്റെ പ്രിയപ്പെട്ടവന്റെ ജീവന്‍ അപകടത്തിലാകുമെന്നും അവള്‍ പറഞ്ഞു. പക്ഷേ തന്റെ കൃത്യനിഷ്ഠയില്‍ വിശ്വസിച്ചിരുന്ന അയാള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
അവസാനം അവര്‍ ഒരു ഏണി ഉപയോഗിച്ച് ആ മണിഅടിക്കുന്ന കെട്ടിടത്തിന്റെ മുകളിലെത്തി മണിയില്‍ തൂങ്ങിപ്പിടിച്ചു കിടന്നു. അന്ന്
കൃത്യസമയത്ത് അയാള്‍ മണിയടിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല. കാര്യമന്വേഷിച്ചെത്തിയവര്‍ ആ കെട്ടിടത്തിന്റെ മുകളില്‍ കയറിയപ്പോള്‍ കാണുന്നത്, മുറിവേറ്റ്, മണിയില്‍ തൂങ്ങിക്കിടക്കുന്ന യുവതിയെയാണ്.
പട്ടാളമേധാവി ആ യുവാവിനെ വെറുതെവിടാന്‍ ഉത്തരവിട്ടു.
എല്ലാവരും ഉപേക്ഷിച്ചുപോകുമ്പോഴും ഉയിരാകുന്ന ഒരാളുടെ സാന്നിധ്യമെങ്കിലുമുണ്ടെങ്കില്‍ ഏത് തകര്‍ച്ചയിലും തളിരിടാനുള്ള ഒരു തന്മാത്ര അവശേഷിക്കും.
ലോകം മുഴുവന്‍ അനുകൂലമാകും എന്ന് ആര്‍ക്കും ഉറപ്പുവരുത്താനാകില്ല. എന്നാല്‍ താന്‍ ലോകമായി കരുതുകയും തന്നെ ലോകമായി കാണുകയും ചെയ്യുന്ന അപൂര്‍വ്വം ആളുകളെ ആശ്രയിച്ചാണ് ഓരോ ജീവിതവും അതിന്റെ തണലും തായ് വേരും കണ്ടെത്തുന്നത്.
ആനന്ദാനുഭൂതികള്‍ പങ്ക് വെയ്ക്കാന്‍ എല്ലാവരും കൂടെയുണ്ടാകും. എന്നാല്‍ ആപത്ത് വരുമ്പോള്‍ കൂടെ സഞ്ചരിച്ചാല്‍ തനിക്കത് അത്യാഹിതം വരുത്തിവെയ്ക്കും എന്ന് കരുതി പലരും തന്ത്രപൂര്‍വ്വം രക്ഷപ്പെടുന്നത് കാണാം.
വ്യവസ്ഥകളോട് കൂടി തന്നെയാണ് എല്ലാ ബന്ധങ്ങളും. അത് വിശ്വാസത്തിന്റെതാകാം, നേട്ടങ്ങളുടേതാകാം, മാനസികോല്ലാസത്തിന്റെതാകാം. ഇവയ്ക്ക് കോട്ടം സംഭവിച്ചാല്‍ അന്നവസാനിക്കും ആത്മബന്ധങ്ങള്‍.
എന്നാല്‍ അതിന് അപവാദമായി ചിലരുണ്ട്. കുറവുകളെ അംഗീകരിച്ച് ആപത്തിലും കൂടെ നില്‍ക്കുന്നവര്‍. അവരെ നമുക്ക് കണ്ടെത്താം, ചേര്‍ത്തുനിര്‍ത്താം
ശുഭദിനം നേരുന്നു