Trending

ശുഭദിന ചിന്തകൾ




അന്ന് സി എച്ച് മുഹമ്മദ് കോയ കോഴിക്കോട്ടെ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അക്കാലത്ത് അദ്ദേഹം നിത്യവും കാണുന്ന ഒരാളുണ്ട്. തെരുവിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന ഒരു ചെറുപ്പക്കാരന്‍.  തുച്ഛമായ ജോലിക്ക് പൊരിവെയിലത്തും അയാള്‍ തന്റെ ജോലി തുടരുന്നത് സി എച്ച് പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്. 


ഒരിക്കല്‍ അദ്ദേഹം അയാളെ അടുത്ത് വിളിച്ച് വിശേഷങ്ങള്‍ തിരക്കി. പിന്നീടൊരിക്കല്‍ ഒപ്പം ഇരുത്തി ചായ കുടിപ്പിച്ചു. പതുക്കെ അവര്‍ പരിചയക്കാരായി, സുഹൃത്തുക്കളായി.  സി എച്ച് മന്ത്രിയായി.  

ഒരുദിവസം ആ തൂപ്പുകാരനെ തേടി പോലീസുകാര്‍ എത്തി.  അവരുടെ കയ്യില്‍ അയാള്‍ക്കായി ഒരു ട്രെയിന്‍ ടിക്കറ്റ് ഉണ്ടായിരുന്നു.  തിരുവനന്തപുരത്തേക്ക്..  

അങ്ങനെ അയാള്‍ വിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫംഗമായി.. ഒരു തൂപ്പുകാരന്റെ ജോലി നിര്‍വ്വഹിച്ച അതേ ആത്മാര്‍ത്ഥതയില്‍ സ്റ്റാഫിന്റെ ചുമതലകളും നിര്‍വ്വഹിച്ചു. 



സി എച്ച് ഓര്‍മ്മയായി.. പിന്നീടാണ് അദ്ദേഹം വിവാഹിതനാകുന്നതും ഒരു കുഞ്ഞ് ജനിക്കുന്നതും. 

കുഞ്ഞിന് ചോറൂണും പേരിടലും ഗുരുവായൂരില്‍ വെച്ച് നടത്താന്‍ അയാളുടെ അമ്മ തീരുമാനിച്ചു.  പക്ഷേ, ഗുരുവായൂരിലേക്ക് പുറപ്പെട്ട ആ വാഹനം കോഴിക്കോട്ടെ ഒരു ഖബര്‍സ്ഥാനില്‍ ചെന്ന് നിന്നു.  അയാള്‍ തന്റെ അമ്മയോട് പറഞ്ഞു: ചോറൂണ് ഗുരുവായൂരിലാക്കാം അമ്മേ, പക്ഷേ, പേരിടല്‍ നമുക്ക് ഇവിടെയാക്കാം...   ആ ഖബര്‍സ്ഥാനിലരികിലിരുന്ന് അയാള്‍ മകന് പേരിട്ടു   

ഒന്ന് നോക്കി അവഗണിക്കാമായിരുന്ന ഒരു ജീവിതത്തെ തന്റെ ചങ്ങാത്തം നല്‍കി മാറ്റിമറിച്ചു സി എച്ച് എന്ന മനുഷ്യന്‍.. 

ശരിക്കും ഒരാള്‍ വലിയ മനുഷ്യനാകുന്നത് എപ്പോഴാണെന്ന് അറിയാമോ?  ചെറിയ മനുഷ്യര്‍ അയാളെ സ്‌നേഹത്തോടെ ഓര്‍ക്കുമ്പോള്‍.... 

പെട്ടെന്ന് പെയ്ത മഴയില്‍ ഓടിക്കൂടിയ ആള്‍ക്കൂട്ടം പോലെയാണ് നമ്മുടെ ആയുസ്സ്.. മഴ തോരുമ്പോള്‍ ഓരോരുത്തരായി ഇറങ്ങി നടക്കും..  അതിനിടയില്‍ നമ്മെ സ്‌നേഹത്തോടെ ഓര്‍ക്കുന്ന ചിലരെയെങ്കിലും നമുക്ക് ബാക്കിയാക്കാം.. 

ശുഭദിനം നേരുന്നു 

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...