രാജാവ് തന്റെ മട്ടുപ്പാവില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ചിലന്തി വല നെയ്യുന്നത് കാണുന്നത്. ഏറെ നേരം പണിപ്പെട്ടിട്ടും ചിലന്തിക്ക് നൂല് തമ്മില്‍ യോജിപ്പിക്കാന്‍ സാധിച്ചില്ല. ഇത് കണ്ട് രാജാവ് സ്വയം പറഞ്ഞു: ഇവയൊക്കെ എന്തിന് ജന്മമെടുത്തതാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ഇവയെയൊക്കെ കൊണ്ട് ഉണ്ടാകുമോ...
മാസങ്ങള്‍ കടന്നുപോയി. രാജ്യം ആക്രമിക്കപ്പെട്ടു. രാജാവ് ഒരു ഗുഹയില്‍ അഭയം തേടി. രാജാവ് ഗുഹക്കുള്ളില്‍ കയറിയ നിമിഷം മുതല്‍ ഒരു ചിലന്തി ഗുഹാവാതിലില്‍ വല നെയ്യുന്നുണ്ടായിരുന്നു. ഏറെ നേരത്തെ അന്വേഷത്തിന് ശേഷം ശത്രുസൈന്യം ആ ഗുഹയ്ക്കരികിലും എത്തി. പൊട്ടാത്ത ചിലന്തിവലകണ്ടപ്പോള്‍ സൈന്യാധിപന്‍ പറഞ്ഞു: ഈ ഗുഹയില്‍ ആരും കയറിയിട്ടില്ല. ഉണ്ടെങ്കില്‍ ആ ചിലന്തിവല പൊട്ടിയേനെ, നമുക്ക് തിരിച്ച് പോകാം..
സുരക്ഷിതമേഖലയില്‍ ഇരിക്കുമ്പോള്‍ മറ്റുള്ളവരുടെ ജീവിതം അളന്നെടുക്കുന്നതില്‍ ചിലപ്പോള്‍ അബദ്ധങ്ങള്‍ സംഭവിച്ചേക്കാം. ആ സമയത്ത് സ്വന്തം അഹന്തയില്‍ നിന്നുമാത്രമേ മറ്റു ജീവിതങ്ങളെ നിരീക്ഷിക്കൂ..
ഓരോ ജീവിതത്തിനും അതിന്റെതായ തിരക്കഥകളുണ്ടാകും. പുറത്ത് നില്‍ക്കുന്നവര്‍ക്ക് അജ്ഞാതമയത്. അതിനെ സ്വന്തം അനുഭവങ്ങളുമായി താരതമ്യപ്പെടുത്തി വിലയിരുത്തുമ്പോഴാണ് അന്യരുടെ ജീവിതങ്ങള്‍ അടിസ്ഥാനരഹിതമായി തോന്നുന്നത്.
പ്രാണനുള്ളവയ്‌ക്കെല്ലാം അതിന്റെതായ ചൂടും വെളിച്ചവുമുണ്ട്. ലോകത്തെ പ്രകാശിപ്പിക്കാനുള്ള വഴിവിളക്കാകാന്‍ സാധിച്ചില്ലെങ്കിലും സ്വയം ചലിക്കാനുള്ള റാന്തല്‍വെളിച്ചം എല്ലാവരുടേയും കയ്യിലുണ്ട്.
അവരവര്‍ അപ്രസക്തരായിരിക്കുന്ന സ്ഥലത്ത് വെച്ച് കണ്ടുമുട്ടാന്‍ സാധിച്ചാല്‍ ഈ വെളിച്ചം നമുക്ക് തിരിച്ചറിയാന്‍ സാധിക്കുക തന്നെ ചെയ്യും. ശുഭദിനം നേരുന്നു