ആ കുടുംബനാഥന്റെ അവസാന നിമിഷമായിരുന്നു അത്. കുടുംബം മുഴുവനും ചുറ്റും കൂടി നില്‍ക്കുന്നു. യാത്ര ചോദിക്കുന്നതുപോലെ കണ്ണുകള്‍ തുറന്നടഞ്ഞു. എല്ലാ മക്കളേയും അയാള്‍ മാറി മാറി നോക്കി ഒരേ ഒരു വാക്ക് ആവര്‍ത്തിച്ചു പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
കാതുകൂര്‍പ്പിച്ചപ്പോള്‍ മക്കള്‍ ഒരു വാക്ക് കേട്ടു.. നാരങ്ങാ.. നാരകം... ആര്‍ക്കും ഒന്നും മനസ്സിലായില്ല. ചിലപ്പോള്‍ നട്ടുവളര്‍ത്തിയ മധുരനാരങ്ങ രുചിച്ച് ജീവിതത്തില്‍ നിന്നും പോകാനായിരിക്കും.. ഒരു മകന്‍ ഓടിപ്പോയി ഒരു മധുരനാരങ്ങപറിച്ച് അതിന്റെ നീര് വായിലേക്ക് ഉറ്റിച്ചുകൊടുത്തു. ഏതാനും നിമിഷങ്ങള്‍.. അയാള്‍ എന്നേക്കുമായി കണ്ണടച്ചു.
അച്ഛന്‍ നട്ടുവളര്‍ത്തിയ നാരങ്ങാമരം പ്രിയതരമായ ഓര്‍മ്മയായി മുറ്റത്ത് പൂത്ത് നിന്നു. വര്‍ഷങ്ങള്‍ കടന്നുപോയി തറവാട് വില്‍പനയ്ക്ക് വെച്ചു. ആ വീടും ഭൂമിയും മറ്റൊരാളുടെ കയ്യിലെത്തി. അയാളവിടെ പുതിയ കെട്ടിടം പണിയാനുള്ള ജോലികളാരംഭിച്ചു. നാരകം പിഴുതെടുത്ത് മണ്ണ്കുഴിച്ചപ്പോള്‍ വലിയൊരു പെട്ടി ലഭിച്ചു. അതില്‍ നിറയെ സ്വര്‍ണ്ണകൂമ്പാരങ്ങള്‍. അവസാനനിമിഷവും ആ കുടുംബനാഥന്‍ ആവര്‍ത്തിച്ചുപറഞ്ഞവാക്കിന്റെ പൊരുളതായിരുന്നു. പക്ഷേ, മക്കള്‍ അതിനെ മറ്റൊരുരീതിയിലാണ് ഗ്രഹിച്ചത്. കാലം അത് മറ്റൊരാള്‍ക്ക് കൊടുത്തു.
അതുപോലെ തന്നെ ഈ ലോകത്തെ മുഴുവന്‍ നിധിയും ഒളിച്ചുവെച്ചിരിക്കുന്ന ഒരു വാക്കുണ്ട്. സത്യം! ഭൂമിയിലെ ഏതോ കോണില്‍ ജനിച്ച് ജീവിച്ച് മരിക്കുന്നതിനിടെ സത്യത്തിനും കുറച്ച് മൂല്യങ്ങള്‍ക്കും കാവലിരിക്കേണ്ട ജോലി കൂടി ഈശ്വരന്‍ നമ്മെ ഏല്‍പ്പിച്ചിട്ടുണ്ട്.
കൗതുകങ്ങളുടെ ഒരു കാറ്റത്തും ഈ സത്യത്തെ പറത്തിക്കളയാതിരിക്കണമെന്ന് ദൈവവും നമ്മോട് പറയുന്നുണ്ട്... അത് നമുക്കും കാതോര്‍ക്കാം
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇