തിരുവന്തപുരം നിഷിലെ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ പാര്‍വ്വതിയേയും ലക്ഷ്മിയേയും ആ അമ്മ ചേര്‍ത്തത് ഒന്നരവയസ്സുള്ളപ്പോഴാണ്.
ഇവര്‍ക്ക് രണ്ടുവയസ്സായപ്പോഴാണ് അവരുടെ അച്ഛന്‍ മരിക്കുന്നത്. അന്ന് ആ അമ്മയ്ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. അവര്‍ക്ക് ഈ ഇരട്ടമക്കളെകൂടാതെ ഒരു മകന്‍ കൂടിയുണ്ടായിരുന്നു. ഈ കുട്ടികളെപോലെ തന്നെ മകനും അമ്മ സീതയ്ക്കും കേള്‍വിക്കുറവ് ഉണ്ടായിരുന്നു.
ഈ മൂന്ന് മക്കളെ വളര്‍ത്താന്‍ ആ അമ്മ ആദ്യം ഇന്‍ഷുറന്‍സ് ഏജന്റായി പ്രവര്‍ത്തിച്ചു. പിന്നെയും നിരവധി ജോലികള്‍. അവസാനം സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി ഒരു സര്‍ക്കാര്‍ ജോലി ലഭിച്ചത് ഇവരുടെ ജീവിതത്തില്‍ ഏറെ വെളിച്ചം നിറച്ചു.
നാട്ടിലെ സ്‌ക്കൂളില്‍ പ്രാഥമിക പഠനം കഴിഞ്ഞ് തിരുവനന്തപരും എബ്രഹാം മെമ്മോറിയല്‍ സ്‌കൂളില്‍ ചേര്‍ന്ന് ഹൈസ്‌ക്കൂള്‍ പഠനം.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇരുവരുടേയും സ്വ്പനത്തില്‍ സിവില്‍ സര്‍വ്വീസ് കടന്നുവന്നത്.
പക്ഷേ, ജന്മനാല്‍ പരിമിതികളുള്ള ഈ കുട്ടികള്‍ക്ക് അവിടെ എത്തിച്ചേരാനാകുമോ എന്ന് എല്ലാവരും സംശയം പ്രകടിപ്പിച്ചു. പക്ഷേ, അവര്‍ മാത്രം തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തിയതേയില്ല.
തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ പാര്‍വ്വതിക്കും ലക്ഷ്മിക്കും കേരള പൊതുമരാമത്ത് വകുപ്പിലും കേന്ദ്രപൊതുമരാമത്ത് വകുപ്പിലുമായി ജോലി കിട്ടി. പക്ഷേ, അവരുടെ സ്വപ്നം അവിടംകൊണ്ട് അവര്‍ അവസാനിപ്പിച്ചില്ല.
സിവില്‍ സര്‍വ്വീസ് ലക്ഷ്യം വെച്ച് കഠിനമായി പ്രയത്‌നിച്ചു. പഠനത്തിനായി അവര്‍ക്ക് കോച്ചിങ്ങ് സെന്ററുകളെ ആശ്രയിക്കാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രത്യേകം നോട്ടുകള്‍ എടുത്ത് തയ്യാറെടുത്തു. അങ്ങനെ സിവില്‍ സര്‍വ്വീസ് പരീക്ഷ കഴിഞ്ഞപ്പോള്‍ അടുത്തടുത്ത രണ്ടു റാങ്കുകളില്‍ ഇരുവരും.. ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സര്‍വ്വീസിലേക്ക് ഇരുവരും ചുവടുവെയ്ക്കുമ്പോള്‍ അത് ആ അമ്മയുടെ ആത്മസമര്‍പ്പണത്തിനുകൂടിയുള്ള അംഗീകാരമായി മാറി..
ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ ചെറിയ ചെറിയ ഇടര്‍ച്ചകള്‍ സംഭവിച്ചേക്കാം.. അവിടെ നമുക്ക് ഈ മൂന്ന് മുഖങ്ങളെ ഓര്‍ക്കാം -
ശുഭദിനം നേരുന്നു