Trending

ശുഭദിന ചിന്തകൾ




സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ കഥയും കവിതയും എല്ലാം എഴുതുന്നത് കണ്ടപ്പോള്‍ തനിക്കും എന്തെങ്കിലും ചെയ്യണമെന്ന് ലാജോയ്ക്ക്  തോന്നി. പെന്‍സില്‍ ഡ്രോയിങ്ങ് ആയിരുന്നു അവിടെ ലാജോയെ രക്ഷപ്പെടുത്തിയത്. പക്ഷേ, സ്വപ്നം അപ്പോഴും സിനിമയായിരുന്നു.

വര്‍ഷങ്ങള്‍ കടന്നുപോയി.  ലേണിങ്ങ് ആന്റ് ഡെവലപ്‌മെന്റ് സെക്ഷനില്‍ ആദ്യ ജോലി. ജോലിയ്ക്കിടയിലും സിനിമ എന്ന സ്വപ്നം ഇടക്കിടെ ഉയര്‍ന്നുവന്നു.  

2011ലാണ് ലാജോയുടെ സ്വപ്നത്തിലേക്ക് ആദ്യ ചുവട് വെക്കാന്‍ ഒരു അവസരം കിട്ടിയത്.  ഒരു കൂട്ടുകാരന്‍ ഷോട്ട്ഫിലിമിന്റെ ഒരു സ്‌ക്രിപ്റ്റ് ലാജോയ്ക്ക് ഒന്ന് വായിക്കാന്‍ കൊടുത്തു.  ലാജോയ്ക്ക് ആ സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ല.  അന്ന് തന്നെ വേറൊരു സ്‌ക്രിപ്റ്റ് തയ്യാറാക്കി ലാജോ അത് കൂട്ടുകാരന് അയച്ചുകൊടുത്തു.  അത് അയാള്‍ക്ക് ഇഷ്ടപ്പെട്ടു.  അതോടെ എഴുതാനുള്ള ആത്മവിശ്വാസം കൂടി.  പിന്നെ കുറെ തിരക്കഥകള്‍, പലതും ഷോട്ഫിലിമായി മാറി.  മനസ്സില്‍ കുറെ കഥകള്‍, അതെല്ലാം തിരക്കഥയായി രൂപം കൊണ്ടു.  അവസാനം സിനിമാമോഹം തലക്ക് പിടിച്ചപ്പോള്‍ ജോലി രാജിവെച്ചു. 

പക്ഷേ, ലാജോ വിചാരിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല സിനിമാപ്രവേശനം.  പലപ്പോഴും തിരക്കഥകള്‍ തളളിപ്പോയി. മിക്കപ്പോഴും അതിനുള്ള അവസരം പോലും ലഭിച്ചില്ല.  

ജോലിയില്ലാതെ 2 വര്‍ഷം കഴിഞ്ഞപ്പോഴേക്കും കയ്യിലെ സമ്പാദ്യമെല്ലാം തീര്‍ന്നു.  അപ്പോള്‍ തോന്നി ഇനി ഒരു നോവല്‍ എഴുതിയാലോ എന്ന്.  എഴുതാനിരുന്നപ്പോള്‍ തിരിച്ചറിവ് വന്നു, ഇത് തനിക്ക് പറ്റിയ പണിയല്ല.  എങ്കിലും ചെയ്ത നോവല്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.  6 പ്രസാധകര്‍ക്ക് അയച്ചുകൊടുത്തു.  ഒന്നിനും ഒരു പ്രതികരണവും ഉണ്ടായില്ല.  നിരാശപൂണ്ട് തന്റെ തിരക്കഥകളെല്ലാം കത്തിച്ചു.  

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു.  ആത്ഹത്യചെയ്യാന്‍ തയ്യാറായ അവസാനനിമിഷം ഫോണ്‍ ബെല്ലടിച്ചു.  മകളുടെ ശബ്ദം.  അത് കേട്ടപ്പോള്‍ ആത്മഹത്യചെയ്യാന്‍ സംഭരിച്ച ധൈര്യം ചോര്‍ന്നുപോയി.  അങ്ങനെ ആ പ്ലാന്‍ മാറ്റി. 

പക്ഷേ, അധികം വൈകാതെ ഗ്രീന്‍ബുക്‌സിന്റെ ഒരു വിളി ലാജോയെ തേടിയെത്തി.  അങ്ങിനെ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ 'കോഫീ ഹൗസ്' പുറത്തിറങ്ങി.  ആ നോവല്‍ വായനാലോകത്ത് സ്വീകരിക്കപ്പെട്ടു.  പിന്നെ ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം, റെസ്റ്റ് ഇന്‍ പീസ്... അങ്ങനെ മലയാളി കണ്ടുശീലിച്ച കുറ്റാന്വേഷണകഥകളില്‍ നിന്നും വ്യത്യസ്ഥമായി നാലോളം നോവലുകള്‍. 

ആഗ്രഹിച്ചതൊന്നും സ്വന്തമാക്കാന്‍ കഴിയാതെവന്നപ്പോള്‍ ഒരുമുഴം കയറില്‍ ജീവനൊടുക്കാന്‍ തുനിഞ്ഞ അയാള്‍ ഇന്ന് മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ്.. ലാജോ ജോസ്..

ജീവിതം , യാദൃശ്ചികതകളാല്‍ സമ്പന്നമാണ്. ചിലപ്പോള്‍ വിജയത്തിന് തൊട്ടുമുന്നിലെത്തുമ്പോഴായാരിക്കും നമ്മള്‍ ആ യാത്ര നിര്‍ത്താന്‍ തീരുമാനിക്കുന്നത്.

പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും വകഞ്ഞുമാറ്റി മുന്നോട്ട് സഞ്ചരിക്കുന്നവര്‍ക്ക് മുന്നിലാണ് വിജയവീഥി തെളിഞ്ഞുവരിക.  നമ്മുടെയും യാത്ര മുന്നോട്ട് തന്നെയാകട്ടെ.

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...