ഉത്തര്‍പ്രദേശിലെ കാണ്‍പൂരുള്ള ഒരു കുഗ്രാമത്തിലെ ദലിത് കുടുംബത്തിലാണ് റാം ജനിച്ചത്. നെയ്ത്തുകാരനും വൈദ്യനുമായ മൈക്കുലാലിന്റെയും ഫുല്‍മതിയുടേയും ഒന്‍പതുമക്കളില്‍ ഏറ്റവും ഇളയവന്‍. റാമിന് അഞ്ച് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അടുപ്പില്‍ നിന്നും തീ പിടിച്ചായിരുന്നു അമ്മ മരിച്ചത്.
അമ്മയില്ലാത്ത ആ ഒന്‍പതുമക്കളേയും വളര്‍ത്താന്‍ മൈക്കുലാല്‍ ഒരുപാട് കഷ്ടപ്പെട്ടു. അമ്മപോയപ്പോള്‍ തന്നേക്കാള്‍ 14 വയസ്സിന് മുന്നിലുള്ള ചേച്ചി പാര്‍വ്വതി അമ്മയുടെ സ്ഥാനം ഏറ്റെടുത്തു. അവരുടെ കുലത്തൊഴില്‍ നെയ്ത്തായിരുന്നു. പക്ഷേ, റാം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി.
ഗ്രാമത്തില്‍ നിന്നും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം കാണ്‍പൂരിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് ബി.കോമും നിയമബിരുദവും നേടിയത്. അതിന് ശേഷം ഐഎഎസ് എന്ന ലക്ഷ്യത്തോടെ സിവില്‍ സര്‍വ്വീസ് പാസ്സായി. പക്ഷേ, ഐഎഎസിന് പകരം മറ്റുസര്‍വ്വീസ് ലഭിച്ചപ്പോള്‍ ആ മോഹം വേണ്ടെന്നുവെച്ച് അഭിഭാഷകനായി തുടര്‍ന്നു. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി.
അങ്ങനെയിരിക്കെ 1977 ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി. പിന്നീട് രണ്ടുവട്ടം അദ്ദേഹം രാജ്യസഭാ എം പിയായി. ബീഹാര്‍ ഗവര്‍ണ്ണറായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹത്തേടി ഒരു അവസരം എത്തുകയായിരുന്നു. അങ്ങനെ രാജ്യം ഇന്നുവരെ കേള്‍ക്കാത്ത ഒരു പേര് പ്രഥമപൗരന്റെ പേരായി മാറി. റാം നാഥ് കോവിന്ദ്..
എന്നും അദ്ദേഹം തന്റെ വന്ന വഴികളെ മറക്കാതെ കാത്ത് സൂക്ഷിച്ചു. തന്നെ വളര്‍ത്തിയ ചേച്ചിയേയും സ്‌കൂള്‍ മുറ്റത്ത് ഒരുമിച്ചിരുന്ന പഠിച്ച കൂട്ടുകാരേയും എല്ലാം അദ്ദേഹം പലപ്പോഴും തേടിയെത്തി.
അതെ, ഒരു ചൊല്ലുണ്ട്... ' വിഹായസ്സും കാല്‍ക്കീഴിലമരുമ്പോഴും ശിരസ്സ് വസുധയ്ക്ക് കീഴിലായിരിക്കണം'
ഉയരുന്തോറും എളിമയും വിനയവും നമുക്ക് കൈവിടാതിരിക്കാം. വന്ന വഴികളെ , ആ വഴികളില്‍ താങ്ങും തണലുമായവരെ നമുക്ക് ഓര്‍മ്മിക്കാം.