വളരെ പ്രശസ്തനും പ്രഗത്ഭനുമായ ഗുരുവില്‍ നിന്നാണ് രാജാവ് യുദ്ധതന്ത്രങ്ങള്‍ എല്ലാം പഠിച്ചത്.
പഠനശേഷം ആരെയും തോല്‍പ്പിക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് അദ്ദേഹത്തിന് സ്വയം തോന്നിതുടങ്ങി.
അങ്ങനെ അടുത്തുള്ള ഏറ്റവും വലിയ രാജ്യത്തെ ആക്രമിച്ചു. പക്ഷേ ആദ്യദിനം തന്നെ അദ്ദേഹം തോറ്റോടി. വിശന്നുവലഞ്ഞ് ഒരു കാടിനരികില്‍ അഭയം പ്രാപിച്ചു. അപ്പോഴാണ് അടുത്തുള്ള ഒരു വീട്ടില്‍ ഒരമ്മ കുഞ്ഞിനെ വഴക്ക് പറയുന്നത് അദ്ദേഹം കേട്ടത്.
'എന്ത് വിഡ്ഢിത്തമാണ് നീ കാണിച്ചത്. നീ രാജാവിനെ പോലെയാകാന്‍ നോക്കുകയാണോ..' ഇത് കേട്ടപ്പോള്‍ രാജാവിന് ഉത്കണ്ഠയായി.
വേഷം മാറിചെന്ന് എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോള്‍ അമ്മ ഇങ്ങനെ പറഞ്ഞു: ഇവന്‍ ചൂടുകഞ്ഞിയുടെ നടുവില്‍ വിരല്‍വെച്ചു. കൈ പൊള്ളി. വശങ്ങളില്‍ നിന്നും കുറെശ്ശേഎടുത്തു കഴിച്ചിരുന്നുവെങ്കില്‍ വിരല്‍ പൊള്ളില്ലായിരുന്നു. ഞങ്ങളുടെ രാജാവും ഇങ്ങനെയാണ്. ഒരു ദിവസം രാവിലെ എഴുന്നേറ്റ് ഏറ്റവും ശക്തമായ രാജ്യത്തെ ആക്രമിച്ചു. ഇപ്പോള്‍ എവിടെയോ ഒളിവില്‍ പോയിരിക്കുകയാണ്.
ചെറിയ രാജ്യങ്ങളെ ആക്രമിച്ചശേഷം വലുതിലേക്ക് പോയാല്‍ പോരായിരുന്നോ..' വലുതായിരുന്നവയെല്ലാം ഒരിക്കല്‍ ചെറുതു തന്നെയായിരുന്നു. ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ചതും പടിപടിയായി കയറിയതുമാണ് അവരുടെ വലുപ്പത്തിന്റെ ആധികാരികതയ്ക്ക് അടിസ്ഥാനം.
ഇന്നലത്തേതിനേക്കാള്‍ വളര്‍ച്ച ഇന്നെനിക്കുണ്ടാകണമെന്ന ചിന്ത, വളര്‍ച്ചോന്മുഖമാണ്. എന്നാല്‍ മറ്റുള്ളവരേക്കാള്‍ വളര്‍ച്ച ഇന്നെനിക്കുണ്ടാകണമെന്ന ചിന്ത അനാരോഗ്യകരവുമാണ്.
ഓരോന്നിനും വലുതാകുന്നതിന് അതിന്റേതായ സമയം അനുവദിക്കണം...
അല്ലെങ്കില്‍ ഒന്നുകില്‍ അപകര്‍ഷതാ ബോധത്തില്‍ ചെന്ന് വീഴും, അല്ലെങ്കില്‍ ശത്രുക്കളുടെ കെണിയിലും.
ചെറിയ ചെറിയ ചുവടുകളിലൂടെ പടിപിടിയായി നമുക്ക് വളരാന്‍ ശ്രമിക്കാം..
ശുഭദിനം നേരുന്നു