അച്ഛനും മകനും സര്‍ക്കസ് കാണുകയായിരുന്നു. കയറിലൂടെ നടക്കുന്ന അഭ്യാസിയെ കണ്ടപ്പോള്‍ മകന് കൗതുകം. അയാള്‍ എങ്ങിനെയാണ് കയറിലൂടെ നടക്കുന്നത് എന്ന് അവന്‍ അച്ഛനോട് ചോദിച്ചു. അച്ഛന്‍ പറഞ്ഞു: അതിന് നിരന്തര പരിശ്രമവും പരിശീലനവും വേണം.
കയ്യടികിട്ടാന്‍ വേണ്ടിയല്ലേ അയാള്‍ അങ്ങിനെ ചെയ്യുന്നത്: മകന്‍ ചോദിച്ചു. അച്ഛന്‍ തുടര്‍ന്നു: നീ പറഞ്ഞത് ശരിയാണ്. പക്ഷേ, ആ കയറില്‍ കൂടി അയാള്‍ നടക്കുന്നതിനിടെ ഒരു നിമിഷമെങ്കിലും തനിക്ക് ലഭിക്കുന്ന കയ്യടികളെ കുറിച്ചോ പണത്തെക്കുറിച്ചോ അയാള്‍ ചിന്തിച്ചാല്‍ ആ നിമിഷം അയാള്‍ കയറില്‍ നിന്ന് താഴെ വീണ് മരിക്കും.
രണ്ടു വിധത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. ചിലര്‍ പ്രതിഫലത്തിന് വേണ്ടി, ചിലര്‍ സംതൃപ്തിക്ക് വേണ്ടി.
ഏതെങ്കിലും തരത്തിലുള്ള പ്രതിഫലമില്ലാതെ ഒരു പ്രവൃത്തിയും മുന്നോട്ട് പോകില്ല. അത് ചിലപ്പോള്‍ പണമാകാം, ശമ്പളമാകാം ചിലപ്പോള്‍ അഭിനന്ദനങ്ങളാകാം, അംഗീകാരമാകാം. അതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുമാണ് തുടര്‍കര്‍മങ്ങള്‍ക്കുള്ള ആവേശം ലഭിക്കുന്നത്. പക്ഷേ, പ്രതിഫലം ലക്ഷ്യമാകരുത് മാര്‍ഗ്ഗം മാത്രമേ ആകാവൂ.
കണക്ക് പറഞ്ഞ് കാര്യങ്ങള്‍ ചെയ്യുന്നവരുടെ കര്‍മ്മങ്ങളില്‍ പണത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ നിഴലിക്കും. കര്‍മ്മങ്ങള്‍ വിലയിരുത്തിയതിന് ശേഷംമാത്രം വില നിശ്ചയിക്കുന്നവര്‍ക്ക് അവരര്‍ഹിക്കുന്ന വില ലഭിക്കുകയും ചെയ്യും.
നമ്മുടെ പ്രവൃത്തികളും പ്രതിഫലത്തിന് വേണ്ടി മാത്രമാകാതെ, ആത്മസംതൃപ്തിക്ക് വേണ്ടികൂടിയാകാന്‍ നമുക്ക് ശ്രമിക്കാം.