കൃഷി സംബന്ധമായ മേഖലകളിൽ പഠനം നടത്തുന്ന വിദ്യാർഥികളുടെ സിലബസ് പരിഷ്കരിക്കാൻ ഒരുങ്ങി കേരള കാർഷിക സർവ്വകലാശാല.
കൃഷി വിജ്ഞാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി പഠനരീതി ആവിഷ്കരിക്കാനാണ് പദ്ധതി.
കഴിഞ്ഞദിവസം വെള്ളാനിക്കര കാർഷിക സർവ്വകലാശാല ആസ്ഥാനത്ത് നടന്ന അക്കാദമിക് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ദേശീയതലത്തിൽ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പാഠ്യപദ്ധതിയാണ് ഇത്.
ഇതിൻറെ ഭാഗമായി കേരള കാർഷിക സർവ്വകലാശാലയിലെ ബിരുദ വിദ്യാർത്ഥികൾ കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെ ഭാഗമാകും.
കൃഷി മന്ത്രി പി പ്രസാദ് മുന്നോട്ടുവെച്ച ആശയ പ്രകാരമാണ് പഠനരീതി പരിഷ്കരിക്കുന്നത്.
ബ്ലോക്ക് തലത്തിലുള്ള കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ഭാഗമായാണ് വിദ്യാർത്ഥികൾ പ്രവർത്തിക്കേണ്ടത്.
വിദ്യാർത്ഥികൾ കർഷകരെ കാണുകയും അവരുടെ കൃഷിയിടം സന്ദർശിക്കുകയും അവരുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കുകയും ചെയ്യണമെന്ന് കൃഷിമന്ത്രി പറഞ്ഞു.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി അനുബന്ധ ക്യാമ്പുകളും സംഘടിപ്പിക്കും.
വിദ്യാർത്ഥികൾ 120 മണിക്കൂർ കൃഷിയിടത്തിൽ ഇതിൻറെ ഭാഗമായി ചെലവാക്കിയിരിക്കണം. ഈ അധ്യായന വർഷത്തിൽ ബി എസ് സി അഗ്രികൾച്ചർ കോഴ്സിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലായി പുതിയ രീതി നടപ്പിലാക്കും. 10 വിദ്യാർഥികൾ അടങ്ങിയ ഒരു ഗ്രൂപ്പായാണ് പഠനം നടത്തേണ്ടത്. ഈ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ ചുമതലയുള്ള കൃഷി ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ആയിരിക്കും.
കൃഷി പഠിക്കുന്ന വിദ്യാർത്ഥി കൃഷിയെ പാഠപുസ്തകങ്ങളിൽ നിന്ന് അടുത്ത് അറിയുക മാത്രമല്ല ചെയ്യേണ്ടത് കർഷകരുടെ പ്രശ്നങ്ങളും അവരുടെ കാഴ്ചപ്പാടുകൾ തിരിച്ചറിയണം. അതിന് ഒതുങ്ങുന്ന തരത്തിൽ ഒന്നാണ് ഈ ആശയം. കർഷകരും കാർഷിക രംഗവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം ഉണ്ടാക്കുവാനും,പ്രശ്ന പരിഹാരത്തിന് വേണ്ടി നൂതനാശയങ്ങൾ കണ്ടെത്തുവാനും ഈ രീതി അവരെ പ്രാപ്തമാക്കും. പുതിയ പഠനരീതി പ്രകാരം പഠനവിഷയങ്ങൾ ആകുന്നത് മൂല്യവർദ്ധിത രീതികൾ, കാർഷിക വികസന പദ്ധതികൾ, വിപണി, കർഷകരുടെ ജീവിതസാഹചര്യം, കൃഷി രീതി, അവർ നേരിടുന്ന സാമ്പത്തിക സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയവയാണ്. യുവതലമുറ കൂടുതലായി കാർഷികവൃത്തിയിലേക്ക് കടന്നുവരുവാൻ ഈ പഠന രീതി ഏറെ സഹായകമാകും.