എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനിയമനത്തിലും ഭിന്നശേഷി സംവരണം പാലിക്കണമെന്ന് ഹൈക്കോടതി.
ഭിന്നശേഷിക്കാർക്ക് നിയമപ്രകാരമുള്ള സംവരണം എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിൽ നടപ്പാക്കണമെന്ന മുൻ ഉത്തരവ് ഹയർ സെക്കൻഡറി സ്‌കൂളുകളുടെ കാര്യത്തിലും ബാധകമാണെന്നാണ് ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കിയിരിക്കുന്നത്.
എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപക തസ്തികയിൽ ഭിന്നശേഷിക്കാരെ ഒഴിവാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് നിയമപ്രകാരമല്ലെന്ന് വിലയിരുത്തി റദ്ദാക്കി.
ഭിന്നശേഷിക്കാർക്ക് ഹയർ സെക്കൻഡറി അധ്യാപകതസ്തിക അനുയോജ്യമല്ലെന്നും അതിനാൽ നിയമനാംഗീകാരത്തിനായി നൽകിയിട്ടുള്ള മറ്റ് അധ്യാപകരുടെ അപേക്ഷകൾക്ക് അംഗീകാരം നൽകാമെന്നുമായിരുന്നു ഈ ഉത്തരവ്.
ഇതിനെതിരേ കോഴിക്കോട് സ്വദേശി എം.കെ. ഹരികൃഷ്ണൻ, മലപ്പുറം സ്വദേശികളായ ടി.കെ. കബബ് ബീരാൻ, പി.യാസർ യാസീൻ, ഇ. റാഹിയാനത്ത്, പാലക്കാട് സ്വദേശിനി വി.ഫാത്തിമത്ത് മുസ്‌ഫിറ എന്നിവർ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
ഓഗസ്റ്റ് 10-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയായിരുന്നു ഭിന്നശേഷി സംവരണം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിലും ബാധകമായതോടെ 2017 ഏപ്രിൽ 18 വരെയുള്ള ഒഴിവുകളിൽ മൂന്നുശതമാനവും 2017-നുശേഷമുള്ള ഒഴിവുകളിൽ നാലുശതമാനവും ഭിന്നശേഷിക്കാർക്കായി നീക്കിവെക്കണം. ഇക്കാലയളവിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ഒഴിവുകളിൽ അവർക്ക് നിയമനം നൽകിയിട്ടില്ലെങ്കിൽ 2018 നവംബർ 18-നുശേഷമുണ്ടായ ഒഴിവുകളിൽ അവർക്ക് നിയമനം നൽകണം. അതിനുശേഷമേ 2018 നവംബർ 18-നുശേഷം നൽകിയിരിക്കുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകാനാകൂ. എന്നാൽ, ഇതിനോടകം അംഗീകാരം ലഭിച്ച നിയമനങ്ങളുടെ കാര്യത്തിൽ ഉത്തരവ് ബാധകമാകില്ല