ഇന്നലെ ഈ ചോദ്യവുമായി മൂന്നാൾ വിളിച്ചു.
വിളിയിൽ ഒട്ടേറെ പരിഭവം പറച്ചിലായിരുന്നു ഉണ്ടായിരുന്നത്;
അവർക്ക് സമാശ്വാസം നൽകി താഴെ പറയുന്ന രീതിയിൽ മറുപടി കൊടുത്തു...
ജോലി കിട്ടാൻ രണ്ടു വഴിയുണ്ട്.
ഒന്ന് നന്നായി പരിശ്രമിക്കുക.
രണ്ട്, വീണ്ടും വീണ്ടും പരിശ്രമിക്കുക.
സര്‍ക്കാര്‍ ജോലിക്ക് എളുപ്പവഴി ഇല്ല.
കഠിന പ്രയത്നം തന്നെയാണ് വേണ്ടത്.
▪️ആദ്യം ലക്ഷ്യമാണ് വേണ്ടത്.
ഇന്നത്തെ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ജോലി കിട്ടിയിരിക്കണം എന്ന ലക്ഷ്യംവെക്കുക. തുടര്‍ന്ന് നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പഠനത്തിനുള്ള അവസരമൊരുക്കുക. വീട്ടുകാരെ നിങ്ങളുടെ അവസ്ഥയും ലക്ഷ്യവും ബോധ്യപ്പെടുത്തണം.
തുടക്കത്തില്‍ തന്നെ റാങ്ക്ലിസ്റ്റില്‍ ഇടം കണ്ടത്തൊനായില്ലെങ്കിലും നിരാശപ്പെടരുത്. പഠനം തുടരുക.
🔹അറിയണം, സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നവുമായി നടക്കുന്ന നമ്മളെ പോലെ ഈ ലക്ഷ്യമുള്ള ലക്ഷക്കണക്കിന് പേരുണ്ട്.
അപ്പോള്‍ അവിടെ മത്സരം സ്വാഭാവികമാണ്.
ഇനി ഈ മത്സരത്തില്‍ ആര് മുന്നിലെത്തും എന്നതാണ് വിഷയം. ഏറ്റവും മികച്ച രീതിയില്‍ സമയത്തെ വേണ്ടപോലെ ഉപയോഗിച്ച് ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്നവരാരോ അവര്‍ തന്നെയാണ് വിജയി ആവുക..
സര്‍ക്കാര്‍ ജോലിക്കായി കേന്ദ്ര, സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രായോഗിക ബുദ്ധിയും ലോക പരിജ്ഞാനവുമാണ് അളവുകോലായി എടുക്കുന്നത്.
അറിവ് ഏതെല്ലാമോ വഴികളിലൂടെയാണ് നമ്മളിലേക്ക് എത്തുന്നത്. പുറത്തുപോകുമ്പോഴും സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒപ്പം ഇടപഴകുമ്പോഴും മനസ്സിന്റെ ഒരു കോണ്‍ അറിവ് ശേഖരിക്കാനുള്ള ത്വരയിലായിരിക്കണം.
🔗ഇനി പറയുന്ന 10 കാര്യങ്ങള്‍ നിങ്ങള്‍ മറന്നുപോകരുത്, കാരണം ഇതിന്റെ ശരിയായ പാലനം നിങ്ങളെ ലക്ഷ്യത്തിലെത്തിക്കും തീര്‍ച്ച.
1. നേടിയെടുക്കേണ്ട ലക്ഷ്യത്തിലാകണം ശ്രദ്ധ:
പരമപ്രധാനം എന്നത് ലക്ഷ്യമെന്താണെന്ന് മനസ്സിലുറപ്പിക്കുകയാണ്. വീണ്ടും വീണ്ടും മനസ്സിനോട് സംസാരിക്കാം എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്. അങ്ങനെ ഉറപ്പിക്കാം നമ്മുടെ ലക്ഷ്യം. കാരണം വ്യതിചലിക്കുന്ന മനസ്സ് ഒരിക്കലും നമ്മളെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കില്ല.
2. സിലബസ്
പരത്തിയുള്ള പഠനത്തേക്കാളും ഫലം തരുന്നത് പ്രസ്തുത പരീക്ഷയുടെ സിലബസ് മനസ്സിലാക്കി പഠിക്കുമ്പോഴായിരിക്കും.
അതിനാല്‍ ഓരോ പരീക്ഷയുടേയും സിലബസ് അറിഞ്ഞ് തയ്യാറാക്കി വെക്കണം. ഇങ്ങനെയാകുമ്പോള്‍ എല്ലാ ഭാഗങ്ങളും ഒന്നു പോലും നഷ്ടമാകാതെ നിശ്ചിത സമയത്തിനുള്ളില്‍ പഠിക്കാനാകും.
3. ദൗര്‍ബല്യം മനസ്സിലാക്കാം:
ലക്ഷ്യമുണ്ട്, സിലബസും റെഡി, ഇനി പഠനം തുടങ്ങാം.
പഠനത്തിനും വേണം ഒരു ക്രമം. ഏതെങ്കിലും വിഷയത്തില്‍ നിങ്ങള്‍ മോശമാണോ, സിലബസ് പ്രകാരം പരീക്ഷയ്ക്ക് ആ വിഷയം ഉണ്ടോ എന്ന് പരിശോധിക്കുക. എന്നിട്ട് ആ വിഷയത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി വേണം പഠിക്കാന്‍. ആ വിഷയം പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വിഷയം അറിയുന്നവരുമായി ഒരു മടിയുമില്ലാതെ നിങ്ങളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാം.
നല്ല സുഹൃത്തെങ്കില്‍ അവര്‍ അതിനുള്ള പരിഹാരവും നിര്‍ദ്ദേശിക്കും. പഠനത്തില്‍ ആദ്യം ഊന്നല്‍ നല്‍കേണ്ടത് ആ വിഷയത്തിനാകണം.
കാരണം അറിയാത്തത് പഠിച്ചെടുക്കാനാണ് അധികം സമയം വേണ്ടത്. വീണ്ടും വീണ്ടും പഠിക്കാം. ഒപ്പം മറ്റ് വിഷയങ്ങളും.
4. ആരോഗ്യം:
ഒരിക്കലും നിങ്ങളെ തന്നെ മറന്നാകരുത് പഠനം. പറഞ്ഞുവരുന്നത് സ്വന്തം ആരോഗ്യത്തെക്കുറിച്ചാണ്.
പഠിക്കണം. ഒപ്പം തന്നെ പ്രധാനമാണ് ആരോഗ്യസംരക്ഷണം. ആരോഗ്യം ശ്രദ്ധിക്കാതെ പഠിച്ചാല്‍ അത് മനസ്സില്‍ ഉറയ്ക്കുകയുമില്ല, പരീക്ഷയാകുമ്പോഴേക്കും നിങ്ങള്‍ ക്ഷീണിച്ച് മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ സാധിക്കാതെ പോകുകയും ചെയ്യും. അതിനാല്‍ ഭക്ഷണം ആവശ്യത്തിന് കഴിച്ച്, ആവശ്യത്തിന് വ്യായാമവും നടത്തി ആരോഗ്യം സംരക്ഷിക്കാം.
5. സ്റ്റഡി മെറ്റീരിയല്‍:
പഠിക്കാനുള്ള നോട്ടുകള്‍ സ്വയം തയ്യാറാക്കിയെടുക്കുന്നതാണ് ഏറ്റവും ഗുണകരം.
കാരണം ഒരിക്കല്‍ നോട്ടുകള്‍ തയ്യാറാക്കുമ്പോഴും വീണ്ടും അത് വായിക്കുമ്പോഴും നിങ്ങള്‍ ചോദ്യോത്തരങ്ങളോട് കൂടുതല്‍ അടുക്കുകയാണ് എന്ന് മനസ്സിലാക്കുക. വിപണിയില്‍ ഇപ്പോള്‍ പല പ്രസാധകരുടേയും സ്റ്റഡി മെറ്റീരിയലുകള്‍ ലഭ്യമാണ്.
അതില്‍ നല്ലത് നോക്കി തെരഞ്ഞെടുക്കുക. ചോദ്യപേപ്പറുകള്‍ കൂടുതല്‍ എഴുതി പരിശീലിക്കാന്‍ ശ്രമിക്കണം. എത്രത്തോളം ചോദ്യപേപ്പറുകളെ സമീപിക്കുന്നോ അത്രയും നിങ്ങളുടെ പഠനം എളുപ്പമാകും.
പരീക്ഷയ്ക്ക് അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കാനുള്ള പരിശ്രമവും ഇതോടൊപ്പം വേണം.
6. ഏകാഗ്രതയോടെ പഠിക്കുക:
ഏറെ നേരം പഠിക്കുന്നുണ്ട് പക്ഷെ ഒന്നും മനസ്സില്‍ നില്‍ക്കുന്നില്ലെന്ന പരാതിക്കാര്‍ ഏറെയുണ്ട് നമുക്കിടയില്‍.
ഏകാഗ്രതക്കുറവാണ് ഇതിന് കാരണം.
പഠിക്കുന്നതിന് മുമ്പ് മനസ്സ് ഫ്രഷ് ആക്കുക. എന്നിട്ട് സ്വതന്ത്രമായി നിശബ്ദമായി പഠിക്കാന്‍ സാധിക്കുന്ന സ്ഥലത്ത് പോയി പഠിക്കാം.
നിങ്ങളുടെ ശ്രദ്ധയെ തെറ്റിക്കുന്ന മൊബൈല്‍ ഫോണ്‍, ടി.വി മറ്റ് ഉപകരണങ്ങള്‍ എന്നിവയൊന്നും അടുത്തുണ്ടാകാതെ നോക്കണം.
7. മുതിര്‍ന്നവരില്‍ നിന്ന് ഉപദേശം തേടാം:
സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവരോ ജോലി ഉറപ്പായവരോ ആയവരോട് ഉപദേശങ്ങള്‍ ആരായം. അവരുടെ പഠനരീതി എങ്ങനെയായിരുന്നെന്നും അന്വേഷിക്കാം.
അതിനനുസരിച്ച് ടൈംടേബിളും തയ്യാറാക്കാം.
8. അതിരാവിലെ പഠിക്കാം:
പഠനത്തിനായി ഏറ്റവും മികച്ച സമയം അതിരാവിലെ ആണ്. പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്കായി ഈ സമയം നീക്കിവെക്കുന്നത് ഗുണകരമാണ്.
അതിനാല്‍ രാത്രി ഏറെ വൈകാതെ ഉറങ്ങി അതിരാവിലെ ഉണരുക,
പഠനം തുടങ്ങുക. ഉറക്കം വേണ്ടുവോളം ഇല്ലെങ്കിലും പഠനത്തിന് തടസ്സം വന്നേക്കാം.
നല്ല ഉറക്കവും ആവശ്യമാണെന്നര്‍ത്ഥം. ഭക്ഷണശേഷമോ ആലസ്യമുള്ള മറ്റേതെങ്കിലും സമയത്തോ പഠിക്കാനിരിക്കാതിരിക്കുക. ഇത് സമയം നഷ്ടപ്പെടുത്തുകയേ ഉള്ളൂ. പകരം അത്തരം സാഹചര്യത്തില്‍ മറ്റുള്ളവരുമായി ഇടപഴകി സംസാരിക്കുകയോ ചെറിയൊരു മയക്കമോ ആകാം. ഇത് നിങ്ങളെ കൂടുതല്‍ ഉന്മേഷവാന്മാരാക്കും തീര്‍ച്ച.
9. പുസ്തകത്തില്‍ മാര്‍ക്ക് ചെയ്തിടാം:
ഏറ്റവും വൃത്തിയുള്ള പുസ്തകമാണ് ഏറ്റവും മികച്ച വ്യക്തിയുടേത് എന്ന കരുതരുത്. ഇത് ഒരു കാലത്ത് പ്രചരിച്ച തെറ്റായ ധാരണ മാത്രമാണ്.
നമുക്ക് നമ്മുടെ ലക്ഷ്യത്തിലെത്താന്‍ തെറ്റില്ലാത്ത ചില എളുപ്പവഴികള്‍ സ്വീകരിക്കാവുന്നതാണ്. വളരെ വിശാലമായ ഒരു സിലബസ് അടിസ്ഥാനമാക്കി നമ്മള്‍ പഠിക്കുമ്പോള്‍ പലപ്പോളും മുമ്പ് വായിച്ച ഒരു സംഭവം എവിടെയാണെന്ന് വീണ്ടും പുസ്തകങ്ങളില്‍ തിരയേണ്ടി വരും.
ഇത് ഒഴിവാക്കാനാണ് പുസ്തകത്തിലെ ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകള്‍ക്ക് നിറം നല്‍കുക എന്ന തന്ത്രം.
പ്രധാന തിയ്യതികള്‍ക്ക് ഒരു നിറം, പുതിയ ഉദ്യമങ്ങള്‍ക്ക് മറ്റൊരു നിറം,
ആളുകള്‍, സ്ഥലപ്പേരുകള്‍ എന്നിവയില്‍ ഏറെ ശ്രദ്ധിക്കേണ്ടവയ്ക്ക് മറ്റ് നിറങ്ങള്‍ എന്നിങ്ങനെ നല്‍കാം.
ഇനിയൊരു ഘട്ടത്തില്‍ ഇവയിലൊന്ന് തിരയേണ്ടതുണ്ടെങ്കില്‍ ഈ നിറങ്ങള്‍ നോക്കി അത് കണ്ടെത്താന്‍ എളുപ്പമാണ്.
10. ആത്മവിശ്വാസത്തോടെ നീങ്ങാം:
ഏറ്റവും പ്രധാനപ്പെട്ട ഈ ഘടകമാണ് ജീവിതത്തെ വിജയത്തിലേക്കും പരാജയത്തിലേക്കും നയിക്കുന്നത്.
ഒരു പക്ഷെ പലതവണ പരീക്ഷകള്‍ എഴുതേണ്ടി വന്നേക്കാം ലക്ഷ്യത്തിലെത്താന്‍. എന്നാലും ഞാന്‍ തോറ്റുപോകുകയാണല്ലോ എന്ന ചിന്തവരാതെ എന്ത് വന്നാലും ഞാന്‍ നേടിയിരിക്കും എന്ന ഉറച്ച വിശ്വാസത്തിലാകണം നമ്മള്‍ എപ്പോഴും.
പരീക്ഷാ സമയത്തും ഈ പോസ്റ്റീവ് ചിന്ത നഷ്ടപ്പെടരുത്.
കാരണം ഒരല്പനേരത്തെ മാനസികസമ്മര്‍ദ്ദം നമുക്കുള്ള ഒരു അവസരമാണ് നഷ്ടപ്പെടുത്തുക.
📍നിങ്ങൾക്കൊരു സർക്കാർ ജോലി കിട്ടണം എന്നൊരാഗ്രഹവും, അതിന്നായി ഒരുക്കം തുടങ്ങാൻ പ്രേരണയുമുണ്ടാവട്ടെ എന്നാഗ്രഹിച്ച് കൊണ്ടാണീ കുറിപ്പിട്ടത്.
നിങ്ങളുടെ ആഗ്രഹം പൂവണിയാൻ നിങ്ങളിൽ നിന്നു തന്നെ ഒരു തുടക്കമുണ്ടാവട്ടെ..
✒️മുജീബുല്ല കെ എം
സിജി കരിയർ ടീം കോ-ഡയരക്ടർ
www.cigi.org
00971509183198
Tags:
CAREER GUIDE