പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
അവർ പ്രണയത്തിലായിരുന്നു. അവരുടെ പ്രണയത്തിന് മാതാപിതാക്കളും സമ്മതം മൂളി. വരൻ പട്ടാളത്തിലായതുകൊണ്ട് അടുത്ത തവണ അവധിക്കുവരുമ്പോൾ വിവാഹം നടത്താനും തീരുമാനമായി.
നിർഭാഗ്യവശാൽ അവൾക്ക് ഒരു അപകടം സംഭവിച്ചു. മുഖം വിരൂപമായി. സഞ്ചാരം വീൽചെയറിലായി. അയാളെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ അവൾ ആവുന്നതും ശ്രമിച്ചു. അവധിക്കെത്തിയപ്പോൾ കാണാൻ പോലും സമ്മതിച്ചില്ല. ഒരു ദിവസം അയാൾ അവളുടെ വീട്ടിലെത്തിയപ്പോൾ അമ്മ അവളോട് പറഞ്ഞു: അയാൾ വന്നിട്ടുണ്ട്. കല്യാണം ക്ഷണിക്കാൻ വന്നതാണ്. വിഷമത്തോടെയാണെങ്കിലും അവൾ അയാളെ കാണാൻ സമ്മതിച്ചു. അയാൾ നൽകിയ ക്ഷണക്കത്തിൽ വധുവിന്റെ സ്ഥാനത്ത് അവളായിരുന്നു
എല്ലാമറിഞ്ഞു സ്‌നേഹിക്കുന്നവരുടെ പ്രണയത്തിന് ദൃഢതയുണ്ടാകും. വെറും പുറം കാഴ്ചകൾ മാത്രം കണ്ട് സ്‌നേഹിക്കുന്നവർക്ക് അരുചികരമായ ഒരു കാരണം മതി, വേർപിരിയാൻ. സ്‌നേഹിച്ചതിന് ശേഷം അറിയുന്നതും, അറിഞ്ഞതിന് ശേഷം സ്‌നേഹിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
സ്‌നേഹിക്കാനുള്ള കാരണങ്ങൾ പലപ്പോഴും ബാഹ്യമാണ്. അകകാഴ്ചയുടെ രൂപഭംഗി അവിടെ പ്രസക്തമല്ല. എന്നാൽ അടുത്തറിയുമ്പോഴുള്ള ആന്തരികത പുറം കാഴ്ചകളെ സ്വാധീനിക്കുന്നതേയില്ല. എല്ലാ കുറവുകളോടും കൂടി ഒരാളെ സ്‌നേഹിക്കാൻ സാധിക്കുമോ എന്നതാണ് സ്‌നേഹിക്കുമ്പോഴുളള വെല്ലുവിളി. അറിഞ്ഞ് സ്‌നേഹിക്കുന്നവർക്ക് അത് കൂടുതൽ സാധ്യമാണ്.
ഇന്ദ്രിയ സീമകൾക്കപ്പുറമാണ് ഓരോ വ്യക്തിയും. മജ്ജയും മാംസവും കടന്ന് മനസ്സിലേക്കെത്താൻ കഴിയുന്നവരാണ് യഥാർത്ഥ പ്രണയിനികൾ. എല്ലാവരേയും ആരേങ്കിലുമൊക്കെ സ്‌നേഹിക്കുന്നുണ്ട്. സ്‌നേഹം, അത് നൽകുന്നവരറിയാതെ പുറപ്പെടേണ്ടതും സ്വീകരിക്കുന്നവരറിയാതെ എത്തിച്ചേരേണ്ടതുമാണ്.
ഉറവയ്ക്ക് ഒരിക്കലും അതിന്റെ ഉറവിടത്തിലേക്ക് മടങ്ങാനാവില്ല. ഓരോ തടസ്സത്തിലും അത് വഴിമാറി കടലിലേക്ക് തന്നെ ഒഴുകിയെത്തും, പക്ഷേ, പോകുന്നവഴികളിലെ തീരങ്ങളെയെല്ലാം അത് നനച്ചുകൊണ്ടേയിരിക്കും…
നമ്മുടെയാത്രയും അങ്ങനെതന്നെയാണ്… ഒഴുകിയെത്തേണ്ടിടത്ത് എത്തിയേ പറ്റു.. പക്ഷേ, പോകും വഴി സ്‌നേഹത്തിന്റെ തീരങ്ങളെ നമുക്ക് നനച്ചുകൊണ്ടൊഴുകാൻ ശ്രമിക്കാം –
ശുഭദിനം നേരുന്നു