മഠത്തിനകത്ത് എബ്രഹാമിന്റെയും ഏലിക്കുട്ടിയുടേയും ആറ് മക്കളിൽ അഞ്ചാമനായിരുന്നു ജോൺസൺ. പിറന്ന് വീണ് ആറാം മാസം പോളിയോ ബാധിച്ച് കൈകാലുകൾ തളർന്നുപോയി. സ്വന്തമായി ഒന്നുംചെയ്യാൻ കഴിയാത്ത അവന് സ്‌കൂളും പഠനവുമെല്ലാം സ്വപ്നമായി മാറി. പക്ഷേ, തോൽക്കാൻ അവൻ തയ്യാറായില്ല.
സ്വന്തമായി എഴുത്തും വായനയും പഠിച്ചു. ഇലക്ട്രോണിക്‌സിനോടായിരുന്നു താൽപര്യം. അതേക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. ഇരുട്ടായിരുന്നു ചെറുപ്പംമുതലേ അവന്റെ ശത്രു. കേരളത്തിലെ വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളുടെ പട്ടികയിലായിരുന്നു തൊണ്ണൂറുകളിലെ പെരുവണ്ണാമൂഴിയും. 1991 ലാണ് ആ ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിയത്. പക്ഷേ, രാത്രിയിൽ ബൾബ് കത്തുന്നുണ്ടോ എന്നറിയാൻ ടോർച്ചടിച്ചുനോക്കേണ്ട അവസ്ഥ.
വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നായി ജോൺസന്റെ പരീക്ഷണം. നിരന്തരമായ പരിശ്രമത്തിനൊടുവിൽ 5 വാട്ടിന്റെ ചോക്ക് ജോൺസൻ വികസിപ്പിച്ചെടുത്തു. 30 വാട്ടിൽ പ്രവർത്തിക്കുന്ന സ്റ്റെബിലൈസറും, സിഎഫ്എൽ ലാമ്പുകളുമെല്ലാം ജോൺസന്റെ പരീക്ഷണശാലയിൽ പിറവിയെടുത്തു. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ജോൺസൻ സിഎഫ്‌ലാമ്പിൽ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കിയാണ് എൽഇഡി ബൾബ് നിർമ്മിക്കാനുള്ള പരീക്ഷണം ആരംഭിച്ചത്. അതിൽ അയാൾ വിജയിക്കുകയും ചെയ്തു.
സ്വന്തമായി തനിയെ ചലിക്കാൻ പോലും കഴിയാത്ത ജോൺസൻ ഇന്ന് ഒരുപാട് പേരുടെ അന്നദാതാവായി മാറി. വൈകല്യങ്ങളോട് പടപൊരുതിയും വൈതരണികളെ അതിജീവിച്ചും സ്വയം പ്രകാശമായി മാറിയതാണ് ജോൺസന്റെ ജീവിതം.
ചിലർ അങ്ങിനെയാണ് സ്വയം പ്രകാശമായി മാറുന്നവർ. വാക്കുകളിൽ പോലും ആത്മവിശ്വാസം കൊണ്ടുനടക്കുന്നവർ. സമ്പത്തുകൊണ്ടുമാത്രമല്ല, വാക്കുകൾകൊണ്ടും നമുക്ക് മറ്റുള്ളവരുടെ വെളിച്ചമായി മാറാൻ സാധിക്കും.
നമുക്കും ഇരുട്ടിൽ ഒരു വെളിച്ചമായി മാറാൻ സാധിക്കട്ടെ
ശുഭദിനം നേരുന്നു
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
INSPIRE