കൃഷ്ണന്റെ ഭാര്യമാരിൽ ആദ്യഭാര്യ രുഗ്മിണിയോടായിരുന്നു കൃഷ്ണനും കൊട്ടാരവാസികൾക്കും നാട്ടുകാർക്കും കൂടുതൽ ഇഷ്ടം. ലാളിത്യവും എളിമയും അവരുടെ മുഖമുദ്രയായിരുന്നു.
കൃഷ്ണന്റെ മറ്റൊരു ഭാര്യയായ സത്യഭാമയായിരുന്നു സമ്പത്തിൽ മുൻപന്തിയിൽ . ഇതുകൊണ്ട് തന്നെ അവർ കുറച്ചധികം അഹങ്കാരിയും ആയിരുന്നു. അവരുടെ ഈ അഹങ്കാരം ശമിപ്പിക്കാൻ നാരദൻ തീരുമാനിച്ചു.
നാരദൻ സത്യഭാമയെ കാണാനായി വന്നു.നാരദൻ പറഞ്ഞു: കൃഷ്ണപത്‌നിമാരിൽ ഏറ്റവും സുന്ദരി സത്യഭാമയാണ്. എന്നിട്ടും കൃഷ്ണന് ഇഷ്ടം രുഗ്മിണിയോടാണല്ലോ.. അതെന്താണ് അങ്ങിനെ? സത്യഭാമ നാരദൻ പറഞ്ഞതിനോട് അല്പം സങ്കടത്തോടെ യോജിച്ചു. ഇതിന് നാരദൻ ഒരു വഴി പറഞ്ഞുകൊടുത്തു.
കൃഷ്ണന്റെ തൂക്കത്തിൽ നാരദന് സ്വർണ്ണം നൽകുക. പിന്നെ കൃഷ്ണൻ സത്യഭാമയെയായിരിക്കും ഏറ്റവും അധികം ഇഷ്ടപ്പെടുക. സത്യഭാമ സമ്മതിച്ചു. നാരദൻ തുടർന്നു: ഇനി കൃഷ്ണന്റെ തൂക്കത്തിന് സ്വർണ്ണം ഇല്ലെങ്കിൽ കൃഷ്ണനെ താൻ കൊണ്ടുപോകും. സത്യഭാമ ചിരിച്ചു. ഞാൻ ഒരു സമ്പന്നനായ രാജാവിന്റെ മകളാണ്. രാജകുമാരിയാണ്. കൃഷ്ണനെ ഇട്ടുമൂടാനുള്ള അത്രയധികം പൊന്ന് എനിക്ക് ഉണ്ട്.
അങ്ങനെ വിവരം നാരദൻ കൃഷ്ണനെ ധരിപ്പിച്ചു. കൃഷ്ണനും സമ്മതം. ഒരു തുലാസിൽ കൃഷ്ണൻ കയറിയിരുന്നു. കൊട്ടാരവാസികളെല്ലാം ഇത് കാണാനായി എത്തി. സത്യഭാമ ധാരാളം സ്വർണ്ണം കൊണ്ടുവന്നു അടുത്ത ത്രാസിൽ വെച്ചു. എത്ര സ്വർണ്ണം വെച്ചിട്ടും കൃഷ്ണൻ ഇരുന്ന തട്ട് താണ് തന്നെയിരുന്നു. കൃഷ്ണനെ താൻ കൊണ്ടുപോവുകയാണെന്ന് സത്യഭാമയോട് നാരദൻ പറഞ്ഞു. ഭാമ കരഞ്ഞുകൊണ്ട് വിവരം രുഗ്മിണിയെ ധരിപ്പിച്ചു.
രുഗ്മിണി കയ്യിൽ ഒരു തുളസിയിലയുമായി സംഭവസ്ഥലത്ത് എത്തി. ഭഗവാനെ പ്രാർത്ഥിച്ച് ഭക്തിയോടും നിറഞ്ഞ സ്‌നേഹത്തോടും കൂടി ആ തുളസിയിലെ സ്വർണ്ണത്തിനു മുകളിൽ വെച്ചു. തട്ട് തുല്യമായി നിന്നു. അപ്പോൾ കൃഷ്ണൻ ഭാമയോട് ആ സ്വർണ്ണം എല്ലാം എടുത്തുമാറ്റാൻ ആവശ്യപ്പെട്ടു. എല്ലാ സ്വർണ്ണവും മാറ്റി. തട്ടിൽ തുളസിയില മാത്രമായി. തുളസിയില ഇരുന്ന തട്ട് താഴ്ന്നു. ഇത് കണ്ട് എല്ലാവരും രുഗ്മണിയെ നോക്കി കൈകൂപ്പി.
എന്ത് നൽകുന്നു എന്നതിലല്ല , അത് എങ്ങിനെ നൽകുന്നു എന്നതിലാണ് കാര്യം. നൽകുന്നയാളുടെ മനസ്സിന്റെ നിറവാകണം നൽകുന്ന വസ്തുവിന്റെ മൂല്യത്തിനേക്കാൾ പ്രാധാന്യമർഹിക്കേണ്ടത്.
ഒരു വിഷുകൂടി.. മനമറിഞ്ഞ് ... മനം നിറഞ്ഞ് ....വിഷു ആചരിക്കാനും ആഘോഷിക്കാനും നമുക്ക് സാധിക്കട്ടെ - വിഷു ആശംസകൾ ...
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
INSPIRE