Trending

ഹോസ്പിറ്റൽ മാനേജ്മെന്റ്: സാധ്യതകൾ, സ്ഥാപനങ്ങൾ


❓സർ, എനിക്ക് ഡോക്ടർമാരെയൊക്കെ മാനേജ് ചെയ്യുന്ന, ആശുപത്രി മാനേജ് ചെയ്യുന്ന പണി വേണം. അതിന് പറ്റിയ കോഴ്സുണ്ടോ...?

രാവിലെ വാട്സപ് തുറന്ന് നോക്കിയപ്പോൾ കണ്ട ആദ്യ സന്ദേശമിത്. അയച്ചയാൾ വിശദമായിട്ട് വോയിസും തന്നിട്ടുണ്ട്.

ഡോക്ടർ ദമ്പതികളുടെ ഏക മകൻ, +2 കഴിഞ്ഞ് അവനെയും ഡോക്ടറാക്കാനായിരുന്നു ആഗ്രഹം. നീറ്റ് കോച്ചിങ്ങിനയച്ചു. 2 തവണ എഴുതി. ലക്ഷത്തിന് മീതെ റാങ്ക്. സർക്കാർ സീറ്റൊന്നും കിട്ടാൻ വകയില്ല. പ്രൈവറ്റ് മെഡിക്കൽ കോളേജിലൊന്നിൽ അവന് സീറ്റ് തരമാക്കി ചേർത്തു. ആമോദത്തോടെ കോഴ്സിന് തുടക്കമായി. പഠിച്ച് കൊണ്ടിരിക്കെ അവന് തോന്നിത്തുടങ്ങി ഇതെനിക്ക് പറ്റുന്നതല്ല എന്ന്. ലക്ഷങ്ങൾ നൽകി അവനെ ഡോക്ടറാക്കാൻ ശ്രമിച്ച മാതാപിതാക്കളെ വെറുപ്പിക്കണ്ട എന്ന് കരുതി അവൻ കാര്യങ്ങൾ അവരോട് പറഞ്ഞില്ല. ആദ്യവർഷ പരീക്ഷ വരെ തട്ടി മുട്ടി നീങ്ങി. അവൻ പരീക്ഷയെഴുതി. എഴുതിയ പേപ്പറുകളുടെ റിസൾട്ട് വന്നു. എല്ലാ പേപ്പറിലും പൊട്ടി. അപ്പോഴാണ് മാതാപിതാക്കൾക്ക് കാര്യത്തിൻ്റെ പിടി കിട്ടിയത്. അഭിമാനപ്രശ്നമായി കണ്ട് അവന് സ്പെഷൽ ട്യൂഷനെടുപ്പിച്ച് വീണ്ടും പരീക്ഷക്ക് തയ്യാറാക്കി. അവൻ പരീക്ഷ എഴുതി.  വീണ്ടും സുന്ദരമായി പൊട്ടി.

മകനെ ഡോക്ടറാക്കണമെന്ന പ്രതീക്ഷ മാതാപിതാക്കൾ മാറ്റിവെച്ചു. കോഴ്സ് നഷ്ടപരിഹാരം നൽകി അവൻ്റെ രേഖകൾ തിരികെ വാങ്ങി മാതാപിതാക്കൾ അവനെ ആലോചിക്കാനും മനസിലാക്കാനുമായി സ്വതന്ത്രമാക്കി വിട്ടു. ഒരു മാസം വീട് വിട്ട് ടൂർ പോകാൻ പറഞ്ഞു. അവൻ അത് പ്രകാരം കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്ര നടത്തി. മനോഹരമായ കാഴ്ചകൾ കണ്ടു. അതിനിടക്ക് അവൻ സ്വയം വിചാരണ നടത്തി. എനിക്ക് ഇനിയെന്ത് വഴിയെന്ന്. അച്ഛനമ്മമാരുടെ ഏക സന്താനം. മികച്ച ആശുപത്രി ശൃംഘല. അതിനെ ഇനിയുള്ള കാലത്ത് ഞാനാണ് നയിക്കേണ്ടത്. അതിന് വഴിയാണ് വേണ്ടത്. അവൻ അതിനെ പറ്റി ചിന്തിച്ച്‌ തുടങ്ങി. വഴിതേടാനും. കാര്യങ്ങൾ മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തി. നീ തന്നെ അതിനുള്ള വഴികണ്ടോളൂ എന്ന് പറഞ്ഞ് അവർ അവന്ന് സ്വാതന്ത്ര്യം നൽകി. അങ്ങിനെ അവൻ ആശുപത്രി മാനേജ്മെൻ്റ് കോഴ്‌സ് എന്നതിനെ അറിഞ്ഞു. അതിനെ പറ്റി കൂടുതലറിയാൻ അവൻ പലരോടും ചോദിച്ചു. അവൻ്റെ ഒരു FB സുഹൃത്ത് ആണ് എൻ്റെ നമ്പർ കൊടുത്തത്. അങ്ങിനെ അവൻ എന്നെ ബന്ധപ്പെടുന്നു...

ഇത്രയും വിശദമായിരുന്നു ആ ശബ്ദ സന്ദേശം.

എല്ലാം കേട്ടറിഞ്ഞ ശേഷം അവനായി താഴെ പറഞ്ഞ രീതിയിൽ മറുപടി നൽകി.

🔹 ഹോസ്പിറ്റൽ മാനേജ്മെൻ്റ് / അഡ്മിനിസ്ട്രേഷൻ കോഴ്‌സാണ് നിങ്ങൾ അറിഞ്ഞ് വെച്ചത്. അതെപ്പറ്റി വിശദമാക്കിത്തരാം.

🔲എന്താണ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ?

  എന്താണ് ആശുപത്രികളിൽ അഡ്മിനിസ്ട്രേഷൻ ടീം ചെയ്യുന്നത്?

 ആശുപത്രികളിൽ ചെല്ലുമ്പോൾ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ചില ആരോഗ്യ പ്രവർത്തകരെയും മാത്രം കണ്ട് ശീലിച്ചിട്ടുള്ള നമുക്ക് ഈ പറഞ്ഞ അഡ്മിനിസ്ട്രേഷൻ ടീം അന്യരായിരിക്കും. നമുക്ക് പലപ്പോഴും അവരോട് ഡീൽ ചെയ്യേണ്ടതായി വരുന്നില്ല എന്നത് തന്നെ കാരണം.

 പക്ഷെ, ആശുപത്രികളിൽ അവരുടെ റോൾ വളരെ പ്രധാനപെട്ടതാണ്. ആശുപത്രികളുടെ പ്രവർത്തനങ്ങൾ സുഗമമായി നടന്നുപോകുന്നത് ഈ പറഞ്ഞ അഡ്മിനിസ്ട്രേഷൻ ടീം കാരണമാണ്.

 എങ്ങനെയാണോ ഹോട്ടലുകളും മറ്റും മാനേജർമാർ മാനേജ് ചെയ്യുന്നത്, അതെ പോലെ തന്നെ ആശുപത്രികളുടെ പ്രവർത്തനങ്ങൾ മാനേജ് ചെയ്യുന്നവരാണ് അഡ്മിനിസ്ട്രേഷൻ ടീം അംഗങ്ങൾ. 

ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മാനേജ് ചെയ്യുന്ന ആളിനെ നമുക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എന്ന് വിളിക്കാം.

 അവിടത്തെ A to Z കാര്യങ്ങളിൽ അഡ്മിനിസ്ട്രേറ്ററുടെ കണ്ണെത്തിയിരിക്കണം. ഡോക്ടർമാരുടെ സേവനങ്ങൾ, ജീവനക്കാരുടെ ലഭ്യതകൾ എന്നിവ മനസിലാക്കി, ആശുപത്രിയിൽ വരുന്ന രോഗികൾക്ക് മികച്ച സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങി ആശുപത്രി മാലിന്യങ്ങളുടെ സംസ്കരണം കൃത്യമായി നടക്കുന്നുണ്ടോ എന്നൊക്കെ ഉറപ്പ് വരുത്തേണ്ടത് വരെ അഡ്മിനിസ്ട്രേറ്ററുടെ ജോലിയാണ്.

 സാമ്പത്തിക കാര്യങ്ങൾ, ജോലിക്കാരുടെ നിയമനം, ഉദ്യോഗസ്ഥരെ നിയോഗിക്കൽ, ദൈനം ദിന ആവിശ്യങ്ങൾക്ക് വേണ്ടിയുള്ള മുതൽമുടക്ക് കൈകാര്യം ചെയ്യൽ, കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും പരിപാലനം അങ്ങനെ അങ്ങനെ സകലമാന കാര്യങ്ങളും മാനേജ് ചെയ്യണം

🔗അഡ്മിനിസ്ട്രേഷൻ ജോലി എന്നത് ഒട്ടും എളുപ്പമുള്ളതല്ല, പ്രത്യേകിച്ച് ആശുപത്രിയിലേക്ക് വരുമ്പോൾ.

 ഫിനാൻഷ്യൽ സ്കിൽ, കമ്മ്യൂണിക്കേഷൻ സ്കിൽ, ലീഡർഷിപ്പ് സ്കിൽ, എംപ്ലോയീ റിലേഷൻസ്, പ്രോബ്ലം മാനേജ്‌മന്റ് സ്കിൽ തുടങ്ങി ഒരു ഓൾറൗണ്ടർ ആയാൽ മാത്രമേ അഡ്മിനിസ്ട്രേഷൻ മേഖലയിൽ ശോഭിക്കാൻ കഴിയൂ.

 ജോലി സാധ്യത ഒരുപാടുള്ള ഒരു മേഖലയാണ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ.

 കാരണം ഏത് ആശുപത്രിയിലായാലും, ഒരു ഡോക്ടറുടെയെന്ന പോലെ, നഴ്സിന്റെയെന്നപോലെ അത്ര തന്നെ പ്രാധാന്യമുള്ള ഒരു പോസ്റ്റാണ് അഡ്മിനിസ്ട്രേറ്ററുടേത്. 

ഇനി ലഭ്യമാവുന്ന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ ഏതൊക്കെ എന്ന് നോക്കാം.

▫️ബാച്ചിലർ ഓഫ് ഹോസ്പിറ്റൽ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷൻ

▫️പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷൻ

▫️മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (MHA)

▫️എം.ബി.എ. ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ

▫️എം.ബി.എ ഇൻ ഹെൽത്ത്കേർ മാനേജ്മെൻ്റ്.

▫️എം.ഡി./എം.ഫിൽ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ 

എന്നിങ്ങനെയാണ് കോഴ്സുകളുള്ളത്.

 കൂടാതെ ഹെൽത്ത്‌കെയർ അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എഴുപതോളം കോഴ്‌സുകൾ വേറെയുമുണ്ട്.

 ബാച്ചിലർ ഓഫ് ഹോസ്പിറ്റൽ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷൻ കോഴ്സിന്റെ യോഗ്യത 50 % മാർക്കോടുകൂടിയ + 2 ആണ്. 

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് എം.ബി.എ. ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, പി.ജി/ഡിഗ്രി/ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ കോഴ്സുകൾക്ക് ചേരാൻ കഴിയും. 


🔦എം ബി ബി എസ് ഡിഗ്രി ഉള്ളവർക്ക് മാത്രം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പരിമിതപ്പെടുത്തിയ ചില സ്ഥാപനങ്ങളുമുണ്ട്.

  • ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)
  • ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ്, പൂനെ
  • ദേവി അഹല്യ വിശ്വവിദ്യാലയം, ഇൻഡോർ
  • നൈസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഹൈദരാബാദ്
  • കസ്തൂർബാ മെഡിക്കൽ കോളേജ്, മണിപ്പാൽ 
  • ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസ്, ജമ്മു 

തുടങ്ങിയ സ്ഥാപനങ്ങളിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പഠിക്കാൻ എം.ബി.ബി.എസ്. നിർബന്ധിത യോഗ്യതയാണ്. 

🔦പി.ജി., എം.ബി.എ. പഠനത്തിന് പുറമെ വിവിധ സർവകലാശാലകളും സ്ഥാപനങ്ങളും ഹോസ്പിറ്റൽ മാനേജ്‌മെന്റിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, കറസ്‌പോണ്ടൻസ് കോഴ്‌സുകൾ ഡിസ്റ്റൻസ് മോഡിൽ നൽകി വരുന്നുണ്ട്. 

അതേപോലെ ഇന്ത്യൻ സൊസൈറ്റി ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ അഥവാ ഐ.എസ്.എച്ച്.എ. ഹോസ്പിറ്റൽ മാനേജ്‌മെന്റിൽ ഒരു വർഷത്തെ ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാം സംഘടിപ്പിച്ച് വരുന്നുണ്ട്.

തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്‌സിറ്റി നടത്തുന്ന  എം.ബി.എ. ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ,

ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങിന്റെ, ‘എക്‌സിക്യുട്ടീവ് എം.ബി.എ. ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അഥവാ ഇ.എം.ബി.എ.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അഥവാ എ.ഡി.എച്ച്.എം. തുടങ്ങിയ ഡിസ്റ്റൻസ് കോഴ്സുകളുമുണ്ട്. 

കൂടാതെ പോണ്ടിച്ചേരി സർവകലാശാല, മദ്രാസ് സർവകലാശാല, ഭാരതീയാർ സർവകാലാശാല, അണ്ണാമലൈ സർവകലാശാല തുടങ്ങിയ യൂണിവേഴ്സിറ്റികൾ നടത്തിവരുന്ന എം.എച്ച്.എ. കോഴ്സുകളും ലഭ്യമാണ്

▫️അഡ്മിഷൻ നടപടിക്രമങ്ങൾ

പ്ലസ്ടു മാർക്ക്, എൻട്രൻസ് പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ബാച്ചിലർ ഓഫ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കോഴ്സിന് അഡ്മിഷൻ ലഭിക്കുക. 

ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മാനേജ്‌മെന്റ് റിസർച്ച് (ഐ.എച്ച്.എം.ആർ.) നടത്തുന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റ് പി.ജി. (പി.ജി.പി.എച്ച്.എം.) പ്രോഗ്രാമുകൾക്ക്  ഇന്റർവ്യൂ പാസായാലേ അഡ്മിഷൻ ലഭിക്കൂ.

 എം.ബി.എ. കോഴ്‌സുകൾക്കായുള്ള കോമൺ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് എം.ബി.എ. ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കോഴ്‌സിനും ചേരാം.

🔗മൂന്നുവർഷമാണ് ബി.എച്ച്.എം. കോഴ്‌സിന്റെ കാലാവധി. 

ഡിപ്ലോമ/എം.ബി.എ./മാസ്‌റ്റേഴ്‌സ് ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ/മാനേജ്‌മെന്റ് കോഴ്‌സിന്റെ കാലാവധി രണ്ടുവർഷവും, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷനൽ പ്രോഗ്രാം ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കോഴ്‌സിന് 11 മാസവും ഇ.എം.ബി.എ., പി.ജി.ഡി.എച്ച്.എം., എ.ഡി.എച്ച്.എം. കോഴ്‌സുകൾക്ക് ഒരു വർഷവുമാണ് കാലാവധി.

🟰ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങൾ

സിംബിയോസിസ് സെന്റർ ഓഫ് ഹെൽത്ത് കെയർ, പൂനെ

ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ്, പിലാനി

അപ്പോളോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, ഹൈദരാബാദ്

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ

മണിപ്പാൽ യൂണിവേഴ്‌സിറ്റി, മണിപ്പാൽ 

ഡി വൈ പാട്ടീൽ യൂനിവേഴ്സിറ്റി പൂനെ തുടങ്ങിയവ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളാണ്. 


🟰 കേരളത്തിലെ സ്ഥാപനങ്ങളിൽ ചിലത്

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അരണാട്ടുകരയിലെ ഡോ. ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സ് പഠിക്കാൻ 50 ശതമാനം മാർക്കോട് കൂടിയ ബിരുദമാണ് യോഗ്യത. 

എം.ജി. സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സുണ്ട്. 20 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 

കേരളസർവകലാശാലയുടെ വിദൂര വിദ്യഭ്യാസവിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്റ് എജ്യുക്കേഷൻ മൂന്നുവർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, ഒരുവർഷത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, എന്നീ കോഴ്‌സുകൾ സംഘടിപ്പിക്കുന്നുണ്ട്. ഡിഗ്രിയാണ് യോഗ്യത. ഈ കോഴ്‌സിന് കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും സ്റ്റഡി സെന്ററുകളുമുണ്ട്.

അങ്കമാലിയിലെ ലിറ്റിൽ ഫ്‌ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിൽ എം.എച്ച്.എ. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.

കൊച്ചിയിലെ അമൃത സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസ് ക്യാമ്പസിലും എം.എച്ച്.എ. കോഴ്‌സ് നടക്കുന്നുണ്ട്.

📍ഇത് കൂടാതെ തമിഴ്‌നാട്ടിലെയും കർണാടകയിലെയും വിവിധ യൂണിവേഴ്സിറ്റികളുടെ സ്റ്റഡിസെന്ററുകൾ വഴിയും കേരളത്തിൽ എം.എച്ച്.എ. കോഴ്‌സ് പഠിക്കാൻ പറ്റുന്നുണ്ട്. 

അങ്ങനെ ഈ കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഈ കോഴ്സുകളൊക്കെ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുണ്ടോ എന്നുള്ളതാണ്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ചാൽ എട്ടിൻ്റെ പണികിട്ടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. സർട്ടിഫിക്കറ്റിന്‌ മൂല്യമുണ്ടാവില്ല എന്നത് തന്നെ കാര്യം. 

🔎ഡിവൈ പാട്ടീൽ യൂണിവേഴ്സിറ്റി, പൂനെ, 

മണിപ്പാൽ വാഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് മൈസൂർ തുടങ്ങിയവ ഹെൽത്ത് കേർ മാനേജ്മെൻ്റിൽ UGC അംഗീകൃത ഓൺലൈൻ എം ബി എ യും നടത്തുന്നുണ്ട്.

▶️ വിശദമായ ഈ മെസേജ് വായിച്ച ശേഷം രണ്ട് സ്മൈലിയും നന്ദിയും അവൻ തിരിച്ച് തന്നു...

അഡ്മിഷൻ നേടിക്കഴിഞ്ഞ് വീണ്ടും കാണാമെന്നും പറഞ്ഞു...

മുജീബുല്ല KM

0097150 9220561

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ Whatѕ Aρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...