Trending

മർച്ചന്റ് നേവിയെ അറിയാം



രാജ്യത്തിന്റെ സമുദ്രാതിർത്തികൾ കാത്തുസംരക്ഷിക്കുകയെന്ന ദൗത്യമാണ് നേവി അഥവാ നാവികസേനയ്ക്കുളളത്. എന്നാൽ രാജ്യാതിർത്തികൾ കടന്നുളള കപ്പലുകളുടെ യാത്രയ്ക്ക് നേതൃത്വം വഹിക്കുന്ന വിഭാഗത്തെയാണ് മർച്ചന്റ് നേവി എന്ന് വിളിക്കുന്നത്. 

ഏതെങ്കിലും രാജ്യത്തിന്റെ ഔദ്യോഗിക സേനാവിഭാഗത്തിൽ പെടുന്നവരല്ല ഇവർ. കപ്പൽ യാത്ര സംബന്ധിച്ചുളള രാജ്യാന്തരക്കരാറുകളും ഉടമ്പടികളും പാലിച്ചുകൊണ്ട് വിവിധ തുറമുഖങ്ങളിലടുപ്പിച്ചുകൊണ്ട് വാണിജ്യഇടപാടുകൾ നടത്തുകയെന്നതാണ് മർച്ചന്റ് നേവി ഉദ്യോഗസ്ഥരുടെ കർത്തവ്യം. യാത്രാക്കപ്പലുകൾ, കാർഗോ ലൈനറുകൾ, എണ്ണ ടാങ്കറുകൾ എന്നിവയിലെല്ലാം മർച്ചന്റ് നേവി ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. സാങ്കേതിക പരിജ്ഞാനവും കടൽ ഗതാഗത അറിവുമുള്ള ഇവരില്ലാതെ ഒരു കപ്പലിനും നീങ്ങാനാവില്ല.

കൈയിൽ വേണ്ടത്
ലക്ഷങ്ങൾ പ്രതിമാസ ശമ്പളം കിട്ടുന്ന ജോലിയാണ് മർച്ചന്റ് നേവി എന്ന് എല്ലാവർക്കുമറിയാം. കൊച്ചുകുട്ടികളെ പോലും ആകർഷിക്കുന്ന ഗ്ലാമർ പരിവേഷവും ഈ കരിയറിനുണ്ട്. പക്ഷേ എല്ലാവർക്കും പറ്റിയതല്ല കടലിലെ ജോലി എന്ന് മനസിലാക്കണം. 

രാവിലെ പത്ത് മുതൽ അഞ്ച് വരെ നീളുന്ന ഓഫീസ് ജോലിയല്ല ഇത്. ഭൂഖണ്ഡങ്ങൾ തോറും മാസങ്ങൾ നീളുന്ന യാത്രയാണ് മർച്ചന്റ് നേവി ജോലിയുടെ പ്രധാന വൈഷമ്യം. കടൽ യാത്രയെന്ന് കേൾക്കുമ്പോൾ രസമായി തോന്നുമെങ്കിലും കരയിൽ നിന്ന് അല്പം വിട്ടുനിന്നാൽ മനസിലാകും അതിന്റെ ബുദ്ധിമുട്ടുകൾ. ഒരിക്കൽ കപ്പലിൽ കയറിയാൽ ആറുമാസം മുതൽ ഒമ്പത് മാസം വരെ തുടർച്ചയായി ജോലി ചെയ്യേണ്ടിവരും. അതിനിടയ്ക്ക് ഓഫും ലീവുമൊന്നും കിട്ടില്ല. മനക്കരുത്തും ആരോഗ്യശേഷിയുമുള്ളവർക്ക് മാത്രം പറഞ്ഞിട്ടൊരു തൊഴിലാണിത്. 

രക്തത്തിൽ അല്പം സാഹസികമനോഭാവവും അറിയാത്ത നാടുകൾ കാണാനുളളള മോഹവുമൊക്കെയുള്ളവർക്ക് ഈ കരിയറിൽ ശോഭിക്കാനാകും. 
ഒറ്റയ്ക്കും ടീമായും പ്രവർത്തിക്കാനുള്ള കഴിവ്, പെട്ടെന്ന് തീരുമാനമെടുക്കാനുളള ശേഷി, നേതൃത്വപാടവം എന്നിവയും അത്യാവശ്യമാണ്. 
ഏറ്റവും പ്രധാനം ഉറ്റവരെയും സുഹൃത്തുക്കളെയുമൊക്കെ ഉപേക്ഷിച്ച് ആറുമാസം കടലിൽ നിൽക്കാനുള്ള മനക്കട്ടിയാണ്. ജോലിക്ക് കയറി അടുത്തയാഴ്ച നാട്ടിൽ പോകണമെന്ന് തോന്നിയാൽ കടലിൽ ചാടി നീന്തുകയേ പോംവഴിയുണ്ടാകൂ. രാവും പകലുമുള്ള ഷിഫ്റ്റുകളിലായി എല്ലു മുറിയെ അധ്വാനിക്കാൻ സന്നദ്ധരായവർ മാത്രം ഈ കരിയർ തിരഞ്ഞെടുത്താൽ മതി. മികച്ച കാഴ്ചശക്തിയും ഇക്കൂട്ടർക്ക് അത്യാവശ്യമാണ്.

പല വിഭാഗങ്ങൾ, പലതരം ജോലികൾ
മർച്ചന്റ് നേവി എന്ന് വിശാല അർഥത്തിൽ പറയുമെങ്കിലും കപ്പലിനുള്ളിൽ തന്നെ നൂറിലേറെ വ്യത്യസ്ത വിഭാഗങ്ങളിലായി ജോലികളുണ്ട്. 
കപ്പൽ ജോലിയെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരം തിരിക്കാം. 
ഡെക്ക്, എഞ്ചിൻ, സർവീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയാണത്. 
ക്യാപ്റ്റൻ, ചീഫ് ഓഫീസർ, സെക്കൻഡ് ഓഫീസർ, തേഡ് ഓഫീസർ, ജൂനിയർ ഓഫീസർമാർ എന്നിവരെല്ലാം ഡെക്ക് വിഭാഗത്തിൽ പെടുന്നു. 
  • ചീഫ് എഞ്ചിനിയർ, റേഡിയോ ഓഫീസർ, ഇലക്ട്രിക്കൽ ഓഫീസർ, ജൂനിയർ എഞ്ചിനിയർമാർ എന്നിവരാണ് എഞ്ചിൻ വിഭാഗത്തിലെ പ്രധാനികൾ. 
  • സർവീസ് വിഭാഗത്തിലാണ് കിച്ചൻ, ലോണ്ട്‌റി, മെഡിക്കൽ, മറ്റ് സേവനവിഭാഗങ്ങൾ എന്നിവയൊക്കെ പെടുന്നത്. 
ഈ ജോലികളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കണമെങ്കിൽ അതിന് പറ്റിയ കോഴ്‌സുകൾ ചെയ്യേണ്ടതുണ്ട്.

✅കപ്പലിന്റെ മുഴുവൻ ചുമതലയും ക്യാപ്റ്റന്റെ പക്കൽ നിക്ഷിപ്തമാണ്. ക്യാപ്റ്റന് തൊട്ടുതാഴെയുളള ഉദ്യോഗസ്ഥനാണ് ഫസ്റ്റ് മേറ്റ് എന്ന് അറിയപ്പെടുന്ന ചീഫ് ഓഫീസർ. ഡെക്കിലെ കീഴ്ജീവനക്കാർക്ക് ജോലികൾ വീതിച്ചുകൊടുക്കുക, കപ്പലിൽ അച്ചടക്കം ഉറപ്പുവരുത്തുക എന്നതൊക്കെയാണ് ചീഫ് ഓഫീസറുടെ പ്രധാനജോലികൾ. 
ചീഫ് ഓഫീസർക്ക് താഴെയാണ് സെക്കൻഡ് ഓഫീസർ പദവി. കപ്പലിന്റെ ദിശാസൂചികളുടെ പ്രവർത്തനം നിരീക്ഷിക്കുക, ആവശ്യമായ ചാർട്ടുകൾ തയ്യാറാക്കുക, തുറമുഖങ്ങളുമായുളള ഇ-മെയിൽ ഇടപാടുകൾ നടത്തുക എന്നതൊക്കെയാണ് ഇവരുടെ ജോലി.
കപ്പലിലെ സുരക്ഷാസംവിധാനങ്ങളുടെ പൂർണചുമതല തേഡ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ഇതിന് വേണ്ട സഹായങ്ങൾ ചെയ്യാൻ ജൂനിയർ ഓഫീസർമാരുമുണ്ടാകും.

ഇനി എഞ്ചിൻ വിഭാഗത്തിലെ ജോലികൾ നോക്കാം. 
✅കപ്പലിന്റെ എഞ്ചിൻ മുറിയുടെ പൂർണ ഉത്തരവാദിത്തം ചീഫ് എഞ്ചിനിയറുടെ ചുമലിലാണ്. വിവിധ തരത്തിലുളള എഞ്ചിനുകൾ, ബോയ്‌ലറുകൾ, കപ്പലിനുള്ളിലെ ഇലക്ട്രിക്കൽ വയറിങ്, സാനിട്ടറി സംവിധാനങ്ങൾ എന്നിവയെല്ലാം സംരക്ഷിക്കേണ്ടതിന്റെ നേതൃത്വം ചീഫ് എഞ്ചിനിയർക്കാണ്. 
ഇദ്ദേഹത്തെ സഹായിക്കാനായി സെക്കൻഡ്,തേഡ്,ഫോർത്ത്,ഫിഫ്ത്ത് എഞ്ചിനിയർമാരും ജൂനിയർ ഓഫീസർമാരുമുണ്ടാകും. 
✅കപ്പലിലെ വയർലെസ് സംവിധാനവും സിഗ്നൽ പ്രക്ഷേപണവുമൊക്കെ നിയന്ത്രിക്കുന്ന ജോലിയാണ് റേഡിയോ ഓഫീസറുടേത്. 
✅കപ്പലിലെ വയറിങ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യുക എന്നതാണ് ഇലക്ട്രിക്കൽ ഓഫീസറുടെ ജോലി.

✅കപ്പൽ യാത്രക്കാർക്കും ജീവനക്കാർക്കും സമയാസമയങ്ങളിൽ ഭക്ഷണമുണ്ടാക്കി വിളമ്പുക, അവരുടെ വസ്ത്രങ്ങൾ അലക്കുക, മുറികൾ വൃത്തിയാക്കുക എന്നതൊക്കെ സർവീസ് വിഭാഗത്തിന്റെ ജോലികളിൽ പെടുന്നു.

എന്ത് പഠിക്കണം?
പത്താം ക്ലാസ് കഴിഞ്ഞും പ്ലസ്ടു കഴിഞ്ഞും ചേരാവുന്ന പല കോഴ്‌സുകൾ പൂർത്തിയാക്കിയാൽ കപ്പലുകളിൽ ജോലി നേടാനാകും. ഇതിനായി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ഓഫീസിന്റെ അംഗീകാരമുള്ള നിരവധി കോഴ്‌സുകൾ സർക്കാർ,സ്വകാര്യമേഖലകളിലായി നടക്കുന്നു. പലതരത്തിലുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ,എഞ്ചിനിയറിങ് കോഴ്‌സുകൾ കപ്പൽജോലിക്കാർക്കായി നടത്തുന്നുണ്ട്. ആദ്യം സർട്ടിഫിക്കറ്റ് കോഴ്‌സുകളെക്കുറിച്ച് പറയാം.
പ്രീ-സീ ട്രെയിനിങ്: 
ജനറൽ പർപ്പസ് ട്രെയിനിങ് (ജി.പി.ടി.) എന്നും പേരുളള ഈ സർട്ടിഫിക്കറ്റ് കോഴ്‌സ് ആറുമാസം ദൈർഘ്യമുള്ളതാണ്. കണക്ക്, സയൻസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 40 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി. പാസായ 17നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം. 
കപ്പൽ എഞ്ചിന്റെ പരിപാലനവും ഡെക്കിലെ ജോലികളുമാണ് പാഠ്യവിഷയങ്ങൾ. 
ഇതിന് പുറമെ മൂന്ന് മാസത്തെ ഡെക്ക് റേറ്റിങ് പ്രീ-സീ കോഴ്‌സ്, എഞ്ചിൻ റേറ്റിങ് പ്രീ-സീ കോഴ്‌സ്, നാല് മാസത്തെ സലൂൺ റേറ്റിങ് പ്രീ-സീ കോഴ്‌സ് എന്നിവയുമുണ്ട്.

✅ഡെക്ക് കേഡറ്റായാണ് ജോലി ആഗ്രഹിക്കുന്നതെങ്കിൽ നോട്ടിക്കൽ സയൻസിൽ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കേണ്ടതുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾ പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് ഈ കോഴ്‌സിന് ചേരാനാകും.
✅കപ്പലിൽ എഞ്ചിനിയർ ഗ്രേഡിലുളള ജോലിയാണ് ആഗ്രഹിക്കുന്നതെങ്കിൽ ബി.ഇ. മറൈൻ എഞ്ചിനിയറിങ്, ബി.എസ്.സി. നോട്ടിക്കൽ ടെക്‌നോളജി, ബി.എസ്.സി. നോട്ടിക്കൽ സയൻസ്, എന്നീ കോഴ്‌സുകളിൽ ഏതെങ്കിലും ചെയ്യണം. 
✅ആർട്‌സ് വിഷയങ്ങളിൽ ഡിഗ്രി കഴിഞ്ഞിറങ്ങിയവർക്ക് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സിൽ എം.ബി.എ. ചെയ്തുകൊണ്ട് കപ്പലുകളിൽ ജോലിക്ക് കയറാം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...