Trending

അഭിരുചി അറിഞ്ഞു മുന്നേറാം



സ്‌കൂളുകൾ തുറന്നു പാഠഭാഗങ്ങളിലൂടെ കടന്നു പോകുമ്പോ മിക്ക അധ്യാപകരും കുട്ടികളോട് ചോദിക്കാറുള്ള ചോദ്യമാണ്, വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകണമെന്നത്.
 
ഈ ചോദ്യത്തിനു പലപ്പോഴും കുട്ടികൾ പറയുന്ന ഉത്തരങ്ങൾ‌ രസകരമായതാണ്. 
ഡോക്ടർ, എൻജിനീയർ, പൈലറ്റ്, അധ്യാപകൻ, വക്കീൽ എന്നിവയിൽ തുടങ്ങി ക്രിക്കറ്റ് താരമെന്നും തീവണ്ടിയോടിക്കുന്ന ഡ്രൈവർ, സ്വിഫ്റ്റ് ബസ് ഡ്രൈവർ, ബഹിരാകാശ സഞ്ചാരി എന്നൊക്കെ വ്യത്യസ്തമായ ഉത്തരങ്ങളാണ് പലരും പറയുന്നത്. അതിലേക്കുള്ള വഴികൾ എന്തെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം.

കുട്ടികൾ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിതുടങ്ങുന്നതോടെ അവരുടെ താൽപര്യങ്ങൾക്കും അഭിരുചികൾക്കും വ്യക്തതയേറുന്നു. ഭാവിയിൽ ആരായിത്തീരണം എന്ന ചോദ്യത്തിനു കുട്ടികൾക്കു പ്രായമേറുന്നതോടെ മികവുള്ള ഉത്തരങ്ങൾ വന്നു തുടങ്ങുന്നു. 

എന്നാൽ അവരുടെ ഉള്ളിൽ വിരിയുന്ന നൈസർഗികമായ അഭിരുചികളെ തച്ചുടച്ചു തങ്ങളുടെ ആഗ്രഹങ്ങൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളാണ് ഇന്നത്തെ കാലത്ത് ഏറെയുള്ളത്. മക്കളുടെ അഭിരുചിക്കനുസരിച്ച് അവരെ വളർത്തിയെങ്കിൽ മാത്രമേ അവർ വിജയത്തിലെത്തിച്ചേരൂ എന്ന് ഇത്തരത്തിലുള്ള  മാതാപിതാക്കൾ മനസ്സിലാക്കാറില്ല. 

മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസിനെ അദ്ദേഹത്തിൻ്റെ  മാതാപിതാക്കൾ ഒരു ക്രിക്കറ്റർ ആക്കിത്തീർക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നോ സംഭവിക്കുക, അതുതന്നെയായിരിക്കും സച്ചിൻ തെൻഡുൽക്കറെ ഒരു ഗായകനാക്കാൻ അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ തീരുമാനിച്ചിരുന്നെങ്കിൽ സംഭവിച്ചിരിക്കുക.

ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെട്ടു വരുന്ന കൗമാര കാലഘട്ടം തന്നെയാണ് കുട്ടികളുടെ കരിയർ ലക്ഷ്യം തീരുമാനിക്കാനും ഉചിതമായ സമയം. പലപ്പോഴും കുട്ടികളുടെ താത്പര്യങ്ങളെ അഭിരുചികളായി രക്ഷിതാക്കളും കുട്ടികളും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. 

ഒരാളുടെ അഭിരുചി എന്നാൽ അയാളിൽ ഏറെക്കുറെ ജന്മസിദ്ധമായി നിലനിൽക്കുന്നതും കൂടുതൽ വളർത്തിയെടുക്കാവുന്നതുമാണ്. എന്നാൽ, താത്പര്യങ്ങൾ എന്നത്  സാഹചര്യങ്ങൾ കൊണ്ടും പ്രേരണ കൊണ്ടും പെട്ടെന്നു മാറ്റം വരുന്നതാണ്. താല്പര്യവും അഭിരുചിയും കോർത്തിണക്കിയുള്ള ഗൈഡിങ്ങാണ് കുട്ടികൾക്ക് നൽകേണ്ടതും. 

കരിയർ, ജോബ്(ജോലി) എന്നീ രണ്ടു വാക്കുകൾ ഏതാണ്ട് സമാന അർത്ഥത്തിൽ ഉപയോഗിച്ചു വരുന്നത് കാണാറുണ്ടെങ്കിലും ഇവ രണ്ടും വ്യത്യസ്തമാണ്. 

കരിയർ എന്നാൽ ഒരാൾ അയാളുടെ താൽപര്യത്തിനും അഭിരുചിക്കും അനുസരിച്ച് സ്വന്തം  ജീവിതലക്ഷ്യങ്ങളെ നേടുന്നതിനായി പ്രവർത്തി ചെയ്യുന്ന മേഖലയാണ്. 
എന്നാല്‍  ജോബ് (ജോലി) ഉപജീവനത്തിനും ധന സമ്പാദനത്തിനുമായി ചെയ്യുന്ന ഏതൊരു പ്രവൃത്തിയെയും സൂചിപ്പിക്കുന്നു. 
തങ്ങളുടെ അഭിരുചികൾക്കനുസരിച്ചുള്ള തൊഴില്‍മേഖല കണ്ടെത്തിയാൽ മാത്രമേ ആ മേഖലയിൽ വിജയിക്കുവാനും അതിൽ തുടരുവാനും ഉയരങ്ങൾ കീഴടക്കുവാനും ഒരാൾക്ക് സാധിക്കൂ. 

പലപ്പോഴും നമ്മുടെ കുട്ടികൾ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് തൊഴിൽ സാധ്യത മാത്രം മുന്നിൽ കണ്ടാണ്. 
ഏതു മേഖലയിലാണോ തൊഴിലവസരങ്ങൾ ഏറുന്നത് വിദ്യാർഥികള്‍ കൂട്ടമായി അത്തരം കോഴ്സുകൾക്കു ചേരുന്നു. 
തങ്ങളുടെ അഭിരുചിയുമായി പുലബന്ധമില്ലാത്ത അത്തരം മേഖലകളിലെ കോഴ്സുകൾ പൂർത്തിയാക്കാൻ സാധിക്കാതെ വരികയോ അഥവാ പൂർത്തിയാക്കിയാൽത്തന്നെ നല്ല ഒരു ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതെ വരികയോ ചെയ്യുന്നു. അഭിരുചെയ്യും താല്പര്യവുമായി ബന്ധപ്പെട്ട കോഴ്‌സുകൾ തേടി പുറപ്പെടുമ്പോ, അംഗീകാരങ്ങളില്ലാത്ത കോഴ്‌സിന് ചേർന്ന് ജീവിതം പെരുവഴിയിലാവുന്നവരും ഉണ്ട്‌.

നഴ്സിങ്, മെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയശേഷം ആശുപത്രിയിലെ ജീവിതവുമായി പൊരുത്തപ്പെടാൻ സാധിക്കാതെ വരുന്ന ഒട്ടേറെ കുട്ടികളുണ്ട്. 
മാറ്റത്തിനൊത്തു മാറുക എന്നതാണ് ഇത്തരം സാഹചര്യത്തിൽ നല്ലത്. ഉദാഹരണത്തിനു മേൽപ്പറഞ്ഞ വിഭാഗങ്ങളിലുള്ളവര്‍ക്ക് മെഡിക്കൽ സ്ക്രൈബിങ്, മെഡിക്കൽ ട്രാന്‍സ്ക്രിപ്ഷൻ തുടങ്ങിയ മേഖലകളിലേക്കോ ആശുപത്രി മാനേജ്‌മെൻറ്റ് തുടങ്ങിയ മേഖലയിലേക്കോ മാറാം. അങ്ങനെ പഠിച്ച മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന അഭിരുചിയുള്ള മേഖലകളിലേക്കു ജീവിതം മാറ്റിപിടിക്കാം.

അഭിരുചികളെ അറിയാൻ ശാസ്ത്രീയമായി നടത്തുന്ന അഭിരുചിപരീക്ഷകൾക്ക് കുട്ടികളെ പ്രേരിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം. കേരള സർക്കാർ ഹയർ സെക്കണ്ടറി വകുപ്പ് നടത്തുന്ന  KDAT, സിബിഎസ്ഇയുടെ തമന്ന എന്നിവ പോലെ തന്നെ ഇരുപത്തിആറ് വർഷക്കാലമായി കരിയർ ഗൈഡൻസ് രംഗത്ത് പ്രവർത്തിക്കുന്ന എൻജിഒ ആയ സിജി നടത്തുന്ന സിഡാറ്റ് അഭിരുചി പരീക്ഷയെയും കുട്ടികൾക്ക് പ്രയോജനപ്പെടുത്തതാവുന്നതാണ്. (സിജിയുടെ സിഡാറ്റ് അഭിരുചി  പരീക്ഷ എഴുതാൻ താല്പര്യമുള്ളവർക്ക് 8086664001 നമ്പറിൽ വിളിച്ചു ബുക്ക് ചെയാവുന്നതാണ്.

കരിയർ ആസൂത്രണവുമായി ചേർത്ത് ചിന്തിക്കുമ്പോൾ നിലവിൽ 10, 12 ക്ലാസുകളിലായി സിലബസ് അധിഷ്ഠിതമായി നടത്തുന്ന പരീക്ഷകൾ കുട്ടികളുടെ അഭിരുചി കാട്ടിത്തരാൻ പ്രാപ്തമല്ല. പത്തിലും പന്ത്രണ്ടിലും മുഴുവൻ വിഷയത്തിലും A+ ലഭിച്ച വിദ്യാർഥികൾ പോലും പ്രവേശന പരീക്ഷകളിലെ കട്ടോഫ് നേടാതെ പരാജയപ്പെടുന്നു എന്നത് വസ്തുതയാണ്. ഇത്തരം സാഹചര്യങ്ങളിൽ ശാസ്ത്രീയമായ  അഭിരുചി നിർണയ പരീക്ഷകൾക്ക് ഏറെ പ്രസക്തിയുണ്ട്. 

ഒരു കുട്ടിയുടെ താത്പര്യങ്ങളും അയാളുടെ അഭിരുചിയും തമ്മിൽ പൊരുത്തപ്പെട്ടു പോകുമോ/പോകുന്നുണ്ടോ എന്ന് തിരിച്ചറിയാൻ അഭിരുചി നിർണയ പരീക്ഷകൾ കൊണ്ട് സാധിക്കും. പരീക്ഷയെഴുതുന്നയാളുടെ സന്നദ്ധതയും നിർദ്ദേശങ്ങൾ നൽകുന്ന കൗൺസലറുടെ വൈദഗ്ധ്യവുമനുസരിച്ച് ഇത്തരം ടെസ്റ്റുകളുടെ ഫലപ്രാപ്തിയിൽ വ്യത്യാസങ്ങൾ വരാം എന്നതും, മുൻപൊരിക്കൽ നടത്തിയ ടെസ്റ്റിന്റെ ഫലം പിൽക്കാലത്ത് വ്യത്യാസങ്ങൾക്കു വിധേയമാണെന്നതും ഇത്തരം ടെസ്റ്റ് ചെയ്യുന്നവർ പ്രത്യേകം ഓർക്കണം. 

ഓരോ വിദ്യാർഥിക്കും ഏറ്റവും അഭിരുചിയുള്ള മേഖലകൾ വ്യത്യസ്തമായിരിക്കും .ചില വിദ്യാർഥികൾ കണക്കിലും അനുബന്ധ വിഷയങ്ങളിലും സമർത്ഥരായിരിക്കും. ഇത്തരം വിദ്യാർഥികൾക്ക് എൻജിനീയറിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളായിരിക്കും അനുയോജ്യം. മറ്റു ചിലർ ആളുകളുമായി നന്നായി ഇടപഴകാൻ കഴിവുള്ളവരായിരിക്കും. ഇത്തരക്കാർ ഹോസ്പിറ്റാലിറ്റി, എച്ച്ആർ, കസ്റ്റമർ സർവീസ് തുടങ്ങിയ മേഖലകളിൽ തിളങ്ങിയേക്കാം. ചില കുട്ടികൾ സാങ്കേതിക ഉപകരണങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കും. ഉദാഹരണത്തിന് മൊബൈൽ, കംപ്യൂട്ടർ തുടങ്ങിയവയുടെ പ്രവർത്തനം മനസ്സിലാക്കാൻ താൽപര്യമുള്ളവർ. ഇവർക്കും എൻജിനീയറിങ് മേഖല അനുയോജ്യമായേക്കാം. 
എൻജിനീയറിങ് മേഖലയിൽത്തന്നെ തൊഴിലവസരങ്ങളുടെ കാര്യത്തിൽ വൈവിധ്യമാർന്ന ഓപ്ഷനുകളാണ് വിദ്യാർഥികൾക്കുള്ളത്. അധ്യാപന േമഖലയോട് താൽപര്യമുള്ളവർക്ക് പഠനശേഷം ആ മേഖലയിലേക്ക് തിരിയാം. അതുമല്ല എഴുത്തിലാണ് താൽപര്യമെങ്കിൽ എൻജിനീയറിങ് കോഴ്സ് കഴിഞ്ഞ വിദ്യാർഥിക്ക് പ്രസ്തുത മേഖലയിലെ ടെക്നിക്കൽ റൈറ്റിങ് (Technical writing) ജോലികൾ തിരഞ്ഞെടുക്കാം.

ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് ഒന്നിലധികം രംഗങ്ങളിൽ താൽപര്യവും നൈപുണ്യവുമുണ്ടാകും.. ഉദാഹരണമായി ചിത്രരചന, സംഗീതം, സാഹിത്യം എന്നീ മേഖലകളിൽ താൽപര്യമുള്ള കുട്ടികൾ, കംപ്യൂട്ടറിലും താൽപര്യം പ്രകടമാക്കിയാൽ അവരെ വെബ് ഡിസൈനിങ്, മൾട്ടിമീഡിയ, ആനിമേഷൻ തുടങ്ങിയ മേഖലകളിലേക്കു കൈപിടിച്ചുയർത്താം. ഐടി അനുബന്ധ കോഴ്സുകള്‍ കഴിഞ്ഞ വിദ്യാർഥികൾക്കും ഇത്തരം വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ ലഭ്യമാണ്. നല്ല രീതിയിൽ ആശയവിനിമയം ചെയ്യുന്നതിനു കഴിവുള്ള വിദ്യാർഥികളെ ജേണലിസം പോലുള്ള മേഖലകളിലേക്കും ആതുരസേവനത്തിലും മറ്റും താല്‍പര്യമുള്ളവരെ സോഷ്യൽവർക്ക്, നഴ്സിങ് തുടങ്ങിയ മേഖലകളിലേക്കും തിരിച്ചുവിടാം.

കരിയർ രംഗത്തെ ഏറ്റവും കാലികമായ പ്രവണതകൾ പരിശോധിച്ചാൽ കണക്കിലെടുക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. 
നാലാം വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി നിർമിത ബുദ്ധിയും റോബട്ടിക് സാങ്കേതിക വിദ്യയും ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനങ്ങളും വ്യാപകമാവുകയാണ്. ഇത് ഭാവിയിൽ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടാക്കുക. ഇന്ന് മനുഷ്യർ നിർവഹിക്കുന്ന പല തൊഴിലുകളും യന്ത്രങ്ങളോ റോബട്ടുകളോ ഏറ്റെടുക്കുന്ന സ്ഥിതി ഉണ്ടാകുമെന്ന് വിദഗ്ധർ പ്രവചിക്കുന്നുണ്ട്. 

ആഗോള സാമ്പത്തിക നയങ്ങൾക്കനുസരിച്ച്, തൊഴിൽദായകൻ എന്ന നിലയിൽനിന്നു സർക്കാർ പിന്മാറുന്നതും സ്വകാര്യമേഖലയിലെ മത്സരാധിഷ്ഠിതമായ പുതിയ തൊഴിൽ സാധ്യതകളെക്കുറിച്ചുമൊക്കെ കൗമാരപ്രായത്തിലേ വിദ്യാർഥികൾ അറിഞ്ഞിക്കണം. അതുകൊണ്ട് അപ്രതീക്ഷിതമായ എന്തിനെയും പ്രതീക്ഷിച്ചിരിക്കാനുള്ള മാനസികശേഷിയാണ് കൗമാരപ്രായത്തിൽ കുട്ടികളിൽ വികസിപ്പിക്കേണ്ടത്. അതിന് അവരിൽ കോൺഷ്യസും ലക്ഷ്യബോധവും പ്ലാനിങ്ങും രൂപപ്പെടുത്താൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിക്കണം.

എൻജിനീയറിങ് താൽപര്യമുണ്ടായിരുന്ന ആടുതോമയെ കണക്കു പഠിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ‘സ്ഫടികം’ സിനിമയിലെ ചാക്കോ മാഷിന്റെ  അവസ്ഥ നമ്മുടെ മക്കൾക്ക്, രക്ഷിതാക്കൾക്ക്  ഒരു തിരിച്ചറിവായി വന്നാൽ മാറ്റങ്ങൾ ദ്രുതഗതിയിൽ സംഭവിക്കാം.

മക്കളെ അറിഞ്ഞു മക്കൾക്ക് വഴി കാട്ടുന്നവരായി നമുക്ക് മാറാം.

മുജീബുല്ല കെഎം  
സിജി കരിയർ ടീം
00971509220561

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...