സുഹൃത്തുക്കളായ രണ്ട് ഉദ്യോഗസ്ഥർ ഒരിക്കൽ അവരുടെ ഔദ്യോഗിക യാത്രക്കിടയിൽ പ്രഭാത ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറി. രണ്ട് പേരും ദോശ ഓർഡർ ചെയ്തു.
പരിചാരകൻ കൊണ്ടുവന്നുവെച്ച ദോശ കണ്ടപ്പോൾ ഒന്നാമന് നല്ല ദേഷ്യം വന്നു. ദോശക്ക് സ്വാഭാവികമായ വൃത്താകൃതി ഉണ്ടായിരുന്നില്ല, മാത്രവുമല്ല അവിടവിടെയായി വക്കുകൾ പൊട്ടിയിരിക്കുന്നു. ഒന്നാമൻ പരിചരകനോട് വല്ലാതെ കയർത്തു.
"ഇതെന്ത് ദോശയാണ്! നിങ്ങൾ ഇങ്ങനെയാണോ ഇവിടെ ദോശ ഉണ്ടാക്കുന്നത്? ദോശക്ക് ഒരു ഭംഗിയുമില്ലല്ലോ. ഇതു കണ്ടാൽ കഴിക്കാനേ തോന്നുന്നില്ല"
ഈ ഉദ്യോഗസ്ഥർക്ക് അവരുടെ ഓഫീസിനടുത്തുള്ള കാൻ്റീനിൽ നിന്ന് കിട്ടുന്ന ദോശയായിരുന്നു അയാളുടെ മനസ്സിൽ. നല്ല വൃത്താകൃതിയിൽ ഒരു പൊട്ടലോ പൊടിയലോ ഇല്ലാതെ...
ഇയാൾ തന്റെ ജല്പനങ്ങൾ തുടർന്നുകൊണ്ടിരുന്നപ്പോൾ രണ്ടാമനാകട്ടെ ഒന്നും മിണ്ടാതെ തന്റെ മുന്നിലുള്ള ദോശ തിന്നുതുടങ്ങിയിരുന്നു. കുട്ടിക്കാലത്ത് തന്റെ അമ്മൂമ്മ ഉണ്ടാക്കിത്തന്നിരുന്ന ദോശയായിരുന്നു അയാളുടെ മനസ്സിലപ്പോൾ.
അമ്മൂമ്മക്ക് കണ്ണിന് ശകലം കാഴ്ച കുറവായിരുന്നതിനാൽ അവർ ഉണ്ടാക്കിയിരുന്ന ദോശക്ക് പ്രത്യക്ഷത്തിൽ ചില പോരായ്മകളുണ്ടായിരുന്നു. ചിലപ്പോൾ കൃത്യമായ വൃത്താകൃതി ഉണ്ടാകില്ല... മറ്റുചിലപ്പോൾ അവിടവിടെ കരുവാളിച്ചും വക്ക് പൊട്ടിയും ഒക്കെ...എങ്കിലും അതിൽ അമ്മൂമ്മയുടെ സ്നേഹവും കൂടി കലർത്തിയിരുന്നതുകൊണ്ട് അവ അയാൾക്ക് വളരെ ഹൃദ്യമായി തോന്നിയിരുന്നു.
നിസ്സാരമായ പോരായ്മകൾ മൂലം ഭക്ഷണമേശയിൽ വഴക്കിടുന്ന നിരവധി സംഭവങ്ങൾ നാം കണ്ടുവരുന്നുണ്ട്.
ചെറിയ ചെറിയ പോരായ്മകൾ പലപ്പോഴും പരിപൂർണതയേക്കാൾ നല്ലതായിട്ടാണ് ഭവിക്കാറുള്ളത്. ചുറ്റും പായലിലും ചെളിയിലുമാണ് നിൽക്കുന്നതെങ്കിലും താമരയുടെ സൗന്ദര്യം ഒട്ടും കുറയാറില്ല.
എത്ര നല്ല കലാസൃഷ്ടികൾ പോലും പരിപൂർണതയുടെ അവസാന വാക്കല്ല.
ചെറിയ ചെറിയ പോരായ്മകളിൽ അക്ഷമരാകാത്തവർക്ക് പലതും ആസ്വദിക്കാൻ സാധിക്കും. നമ്മുടെ കൂടെയുള്ളവർക്കും നാം ഇടപെടുന്നവർക്കുമൊക്കെ എന്തെങ്കിലുമൊക്കെ പോരായ്മകൾ ഉണ്ടാകും. അവരെ അവയോടുകൂടി ഉൾക്കൊള്ളാനും നമ്മെക്കൊണ്ടാവും വിധം അവരെ മെച്ചപ്പെടാൻ സഹായിക്കുകയുമാണ് നാം ചെയ്യേണ്ടത്. ഒരു സ്പാനിഷ് പഴമൊഴി ഇങ്ങനെ:
"പരിപൂർണത എന്നൊന്നില്ല. അതിനെ നമ്മൾ ഭയപ്പെടേണ്ടതില്ല. കാരണം, നമുക്ക് അതിലേക്ക് എത്തിപ്പെടാൻ സാധിക്കില്ല എന്നതുതന്നെ."
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam