തന്റെ കൊട്ടാരത്തില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കാന്‍ രാജാവ് തീരുമാനിച്ചു. പക്ഷേ വിശിഷ്ടമായ മത്സ്യം മാത്രം ലഭിച്ചില്ല. ആ മത്സ്യം എത്തിക്കുന്നവര്‍ക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കുമെന്ന് രാജാവ് വിളംബരം ചെയ്തു. വിളംബരം കേട്ട ഒരു മീന്‍ കച്ചവടക്കാരന്‍ തന്റെ കയ്യിലെ വിശിഷ്ടമായ മത്സ്യം രാജാവിന് നല്‍കാനായി കൊട്ടാരത്തിലെത്തി.
അപ്പോള്‍ കാവല്‍ക്കാരന്‍ അയാളെ തടഞ്ഞിട്ടുപറഞ്ഞു: തനിക്ക് കിട്ടുന്നസമ്മാനത്തിന്റെ പാതി എനിക്ക് തരാമെന്ന് സമ്മതിച്ചാല്‍ ഞാന്‍ തന്നെ കടത്തിവിടാം. ഇല്ലെങ്കില്‍ തനിക്ക് വന്നവഴി തിരികെ പോകാം. മീന്‍ വില്‍പനക്കാരന്‍ സമ്മതമറിയിച്ചു. അയാള്‍ മീന്‍ രാജാവിന് നല്‍കി.
രാജാവ് സമ്മാനം നല്‍കാന്‍ തുനിഞ്ഞപ്പോള്‍ തനിക്ക് 100 ചാട്ടവാറടി സമ്മാനമായി മതിയെന്നായി അയാള്‍. എല്ലാവരും ഇത് കേട്ട് അത്ഭുതപ്പെട്ടു. 50 അടി കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു: എനിക്കൊരു പങ്കാളിയുണ്ട്. അയാള്‍ കൊട്ടാരം കാവല്‍ക്കാരനാണ്. ബാക്കി അയാള്‍ക്ക് നല്‍കണം. രാജാവിന് കാര്യം മനസ്സിലായി. അന്‍പത് അടി നല്‍കി അയാളെ രാജാവ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പിന്നീട് മീന്‍വില്‍പനക്കാരന് കൈ നിറയെ പണം നല്‍കുകയും ചെയ്തു.
ആഗ്രഹങ്ങള്‍ക്ക് അതിരില്ലാതാകുന്നതില്‍ തെറ്റില്ല. പക്ഷേ, അധ്വാനരഹിതമായ ആഗ്രഹങ്ങളില്‍ അടിസ്ഥാനപരമായ ചില പിഴവുകളുണ്ട്. തല്‍സമയത്ത് ലഭിക്കുന്ന നൈമിഷിക നേട്ടങ്ങളിലൂടെയല്ല പ്രവൃത്തികളെ വിലയിരുത്തേണ്ടത്. ദീര്‍ഘകാലടിസ്ഥാനത്തില്‍ വേണം പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാന്‍.
അനര്‍ഹമായവയോടുളള ആര്‍ത്തി അനര്‍ത്ഥങ്ങളിലേക്ക് വഴിതെളിയിക്കും. നമുക്ക് കുറുക്കുവഴി ഉപേക്ഷിക്കാം. വിജയവീഥിയിലേക്കുള്ള യാത്ര തുടരാം - ശുഭദിനം നേരുന്നു
ഈ കഥയിൽ നിന്നും നമുക്ക് ലഭിക്കുന്ന പാഠങ്ങൾ:
- അധ്വാനരഹിതമായ ആഗ്രഹങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ നെഗറ്റീവ് ഫലങ്ങൾ ഉണ്ടാകും.
- നൈമിഷിക നേട്ടങ്ങൾക്കായി അടിസ്ഥാന തത്വങ്ങൾ ത്യജിക്കരുത്.
- അനർഹമായ കാര്യങ്ങൾക്ക് വഴങ്ങുന്നത് നാശത്തിലേക്ക് നയിക്കും.
- നാം കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും വിജയം നേടണം.
Tags:
GOOD DAY