''ഒരു ആരാധനാലയത്തിൻ്റെ മുറ്റത്തെ മരത്തിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു .ആരാധനാലയത്തിലെ പ്രഭാഷണം കുരങ്ങൻ എന്നും കേൾക്കും. അന്നത്തെ പ്രഭാഷണം ഉപവാസത്തെ കുറിച്ചായിരുന്നു . കേട്ടിരിക്കെ ക്രമേണ കുരങ്ങന് ആവേശമായി. തനിക്കും ഉപവസിക്കണം എന്നൊരാഗ്രഹം കുരങ്ങൻറെ മനസിലുദിച്ചു. ഉപവസിക്കുകയും ഈശ്വരനാമം ജപിക്കുകയും ചെയ്താൽ തൻ്റെ അഭിലാഷങ്ങളും പൂവണിയും എന്ന് കുരങ്ങന് തോന്നി.
"ഉപവാസം ശരീരത്തിനുള്ള ശുദ്ധീകരണം ആണ്, മനസ്സിനുള്ള ഉയർച്ചയാണ്, ആത്മാവിനുള്ള പ്രകാശമാണ്." - മഹാത്മാഗാന്ധി
പിറ്റേദിവസം അതിരാവിലെ കുരങ്ങൻ കുളത്തിൽ പോയി മുങ്ങി മരത്തിലെത്തി സുഖമായി ഇരിക്കാവുന്ന ഒരു ശിഖരത്തിൽ ഇരിപ്പുറപ്പിച്ചു. പതുക്കെ ജപം തുടങ്ങി. ഒന്നുരണ്ട് വട്ടം ജപം കഴിഞ്ഞപ്പോൾ കുരങ്ങൻറെ മനസിൽ ഇങ്ങനെയൊരു ചിന്തയുണ്ടായി.
"ഒന്നും കഴിക്കാതെ ഇന്ന് മുഴുവൻ ഉപവാസം തുടർന്നാൽ നാളെ രാവിലെ പഴങ്ങൾ ശേഖരിക്കാൻപോലും എനിക്ക് ആരോഗ്യം ഉണ്ടായെന്നു വരില്ല. അതുകൊണ്ട് കുറച്ച് പഴം പറിച്ചുവച്ചിട്ട് ഉപവാസം തുടങ്ങാം."
കുരങ്ങൻ അടുത്ത തോട്ടത്തിൽ പോയി കുറെ പഴങ്ങൾ പറിച്ചുകൊണ്ടു വന്ന് ആൽമരത്തിന് മുകളിലുള്ള ഒരു പൊത്തിൽ വച്ചിട്ട് വീണ്ടും ജപം തുടങ്ങി.
അപ്പോൾ മറ്റൊരു ചിന്ത തലപൊക്കി. "നാളെ ക്ഷീണം കൊണ്ട് ചിലപ്പോൾ മുകളിലേക്ക് കയറി പഴം എടുക്കാൻ കഴിയാതെ വന്നാലോ? അതുകൊണ്ട് ഈ പഴം കൈയിൽ വച്ചുകൊണ്ട് ജപിക്കാം. ഉപവാസം തീരുമ്പോൾ കഴിക്കാൻ എളുപ്പമാണല്ലോ."
അങ്ങനെ പൊത്തിൽനിന്ന് പഴമെടുത്ത് കൈയിൽ വച്ചുകൊണ്ട് കുരങ്ങൻ ജപിക്കാനാരംഭിച്ചു.
അൽപനേരം കഴിഞ്ഞപ്പോൾ വീണ്ടും ഒരു ചിന്ത. "കൈയിലിരിക്കുന്ന പഴം എടുത്തു പൊക്കാൻ ക്ഷീണംമൂലം നാളെ കഴിയാതെ വന്നാലോ? അതുകൊണ്ട് പഴം വായിലിട്ടു കൊണ്ട് ജപിക്കാം. നാളെ ചവച്ചിറക്കിയാൽ മതിയല്ലോ."
കുരങ്ങൻ വായിൽ പഴം വച്ച് ജപം തുടർന്നു. അപ്പോൾ ഒരു കുഴപ്പം , ജപിക്കാൻ വിഷമം. കുരങ്ങന് ദേഷ്യം വന്നു. "എന്തൊരു ശല്യം. ഈ പഴം കാരണം ഈശ്വരനാമം ജപിക്കാൻ കൂടി പറ്റുന്നില്ല. എന്തായാലും നാളെ ഞാൻ തന്നെയാണല്ലോ ഇത് തിന്നേണ്ടത്. എങ്കിൽപ്പിന്നെ ഇപ്പോൾതന്നെ കഴിച്ചിട്ട് ജപിക്കുകയല്ലേ നല്ലത്?" എന്ന് ചിന്തിച്ചുകൊണ്ട് കുരങ്ങൻ ആ പഴമത്രയും കഴിക്കാൻ തുടങ്ങി.
പഴം കഴിച്ചു തീർന്നപ്പോൾ ഒരാലസ്യം. കുരങ്ങൻ വിചാരിച്ചു.
"ആഹാരം കഴിഞ്ഞാൽ കുറച്ച് കിടക്കുന്നത് നല്ലതാണ്. ഒന്ന് ഉറങ്ങിയിട്ട് സമാധാനമായി ജപിക്കുകയാണ് നല്ലത്."
ഇങ്ങനെ വിചാരിച്ച് കുരങ്ങൻ മരക്കൊമ്പിൽ സുഖമായി നീണ്ടുനിവർന്ന് കിടന്നു. മെല്ലെമെല്ലെ ഉറക്കത്തിലേക്ക് വീണു. മണിക്കൂറുകൾ നീണ്ട ഉറക്കം.
"ലക്ഷ്യം നേടാൻ ക്ഷമയും ത്യാഗവും ആവശ്യമാണ്. വഴിയിൽ വരുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ദൃഢ നിശ്ചയവും ഉണ്ടായിരിക്കണം." - സ്വാമി വിവേകാനന്ദ
അലസത ലക്ഷ്യത്തെ തടസപ്പെടുത്തും. അലസതയ്ക്കെതിരെ ജാഗ്രതയുള്ള മനസുണ്ടെങ്കിൽ മാത്രമേ വിജയിക്കാനാവൂ. എന്നാൽ വിജയത്തിന് ചില മാറ്റിവയ്ക്കലുകൾ വളരെ ആവശ്യമാണ്. പലപ്പോഴും ആളുകൾ പരാജയപ്പെടുന്നത് അവർ അദ്ധ്വാനിക്കാത്തതു കൊണ്ടല്ല; ഫലം കുറഞ്ഞ കാര്യങ്ങൾ കൂടുതൽ ചെയ്യുന്നതുകൊണ്ടാണ്.
ശുഭ ദിനം നേരുന്നു
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY