Trending

ശുഭ ചിന്ത : ദാമോക്ലിസിന്റെ വാൾ


ഡെമോക്ലിസിന്റെ വാളിനെ കുറിച്ച് കേട്ടിട്ടില്ലേ..  ?
പുരാതനകാലത്തെ സിസിലിയിലെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു സീറക്കൂസ്. ബി.സി.405 മുതല്‍ 367 വരെ സീറക്കൂസ് ഭരിച്ചിരുന്നത് ഡയനീഷ്യസ് എന്ന രാജാവായിരുന്നു. സമ്പത്ത് ധാരാളം ഉണ്ടായിരുന്നതുകൊണ്ട് ആര്‍ഭാടപൂര്‍ണമായ ഒരു ജീവിതമാണ് ഡയനീഷ്യസ് നയിച്ചിരുന്നത്. എങ്കിലും, ഏതു നിമിഷവും അസ്തമിക്കാവുന്നതാണ് തന്റെ രാജ്യവും രാജാധികാരവും എന്ന ബോധ്യം ഡയനീഷ്യസിന് എപ്പോഴുമുണ്ടായിരുന്നു.

ഡയനീഷ്യസിന്റെ ആത്മസുഹൃത്തുക്കളിലൊരാളായിരുന്നു ഡമോക്ലിസ് . എങ്കിലും ഡയനീഷ്യസിന്റെ സമ്പത്തും അധികാരവുമൊക്കെ ഡമോക്ലിസിനെ എപ്പോഴും അസൂയാലുവാക്കിയിരുന്നു. ''അങ്ങ് എത്ര ഭാഗ്യവാനാണ്,'' ഡമോക്ലിസ് ഇടക്കിടെ രാജാവിനോടു പറയും. ''ആഗ്രഹിക്കത്തക്കതെന്തും എപ്പോഴും അങ്ങേക്കുണ്ട്. അങ്ങായിരിക്കണം ലോകത്തിലെ ഏറ്റവും സൗഭാഗ്യവാനായ മനുഷ്യന്‍.''

ആദ്യമൊക്കെ ഡമോക്ലിസിന്റെ ഈ സംസാരരീതി ഡയനീഷ്യസ് ഗൗനിച്ചില്ല. എന്നാല്‍, വീണ്ടും വീണ്ടും ഡമോക്ലിസ് ഇങ്ങനെ ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ ഡയനീഷ്യസ് ചോദിച്ചു: ''ഞാനാണ് ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനെന്നു നിങ്ങള്‍ കരുതുന്നുണ്ടോ...?

'തീര്‍ച്ചയായും. അങ്ങാണ് ഏറ്റവും സന്തോഷവാനായ മനുഷ്യന്‍''. ഡമോക്ലിസ് പറഞ്ഞു. ''നോക്കൂ. അങ്ങേക്ക് എന്തുമാത്രം സമ്പത്തുണ്ട്! എന്തുമാത്രം അധികാരമുണ്ട്! മനഃപ്രയാസത്തിനാണെങ്കില്‍ അങ്ങേക്ക് ഒരു കാരണവുമില്ല. ഇതിലും കൂടുതല്‍ ജീവിതം എങ്ങനെ മെച്ചപ്പെടാനാണ്?''

അപ്പോള്‍ രാജാവ് പറഞ്ഞു: ''ഒരുപക്ഷേ, നമ്മുടെ രണ്ടുപേരുടെയും ഭാഗ്യം വച്ചുമാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും.''
"'ഓ, അങ്ങനെയൊരു ചിന്തയൊന്നും എനിക്കില്ല'', ഡമോക്ലിസ് പ്രതിവചിച്ചു. എങ്കിലും ഒരു ദിവസത്തേക്കെങ്കിലും അങ്ങയുടെ സമ്പത്തും അധികാരവും എനിക്കു കിട്ടിയാല്‍ ഞാന്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനായിരിക്കും.''
ഉടനേ രാജാവ് പറഞ്ഞു: ''എങ്കില്‍ അങ്ങനെതന്നെയാവട്ടെ. ഒരു ദിവസത്തേക്ക് നമുക്ക് നമ്മുടെ ഭാഗ്യം വച്ചുമാറാം.''

ഡമോക്ലിസ് ആഗ്രഹിച്ചതുപോലെ ഒരു ദിവസത്തേക്കു രാജാവാകാന്‍ ഡയനീഷ്യസ് തന്റെ സുഹൃത്തിനെ അനുവദിച്ചു. എന്നുമാത്രമല്ല, സകലരും ഡമോക്ലിസിനെ രാജാവായി അന്നു കരുതണമെന്നും ഡമോക്ലിസിന് ഏറ്റവും നല്ല പരിചരണം നല്കണമെന്നും രാജാവ് കല്പിച്ചു. അതനുസരിച്ച് ഡമോക്ലിസ് രാജാവായി കൊട്ടാരത്തിലുടനീളം തുള്ളിച്ചാടി നടന്നു.

അന്ന് ഉച്ചഭക്ഷണത്തിനു ടേബിളിന്റെ പ്രധാന സ്ഥലത്തുതന്നെയാണ് ഡമോക്ലിസിനെ ഇരുത്തിയത്. ഡമോക്ലിസ് ചുറ്റും നോക്കി. എല്ലാവരും തന്നെ ശുശ്രൂഷിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. ഡയനീഷ്യസ് രാജാവുപോലും ഡമോക്ലിസിനെ പരിചരിക്കാന്‍ രംഗത്തുണ്ടായിരുന്നു.
"'ഇതാണ് ജീവിതം!'' ഡമോക്ലിസ് പറഞ്ഞു. ''ഞാന്‍ ഇന്ന് ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ്'' സന്തോഷത്തിന്റെ ലഹരിയില്‍ ഒരു വീഞ്ഞുഗ്ലാസ് കൈയിലെടുത്തുകൊണ്ട് തന്റെ സുഹൃത്തായ ഡയനീഷ്യസിനു ടോസ്റ്റു പറയാന്‍ ഡമോക്ലിസ് വീഞ്ഞുഗ്ലാസ് മുകളിലേക്കുയര്‍ത്തി. അപ്പോള്‍ ഡമോക്ലിസ് കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിപ്പിച്ചു കളഞ്ഞു.

അദ്ദേഹം കണ്ടത് എന്താണെന്നോ?അദ്ദേഹത്തിന്റെ തലക്കു കൃത്യം മുകളിലായി അതിമൂര്‍ച്ചയുള്ള ഒരു ഇരുതലവാള്‍ തൂങ്ങിക്കിടക്കുന്നു. അതു തൂങ്ങിക്കിടക്കുന്നതാകട്ടെ ഏതു നിമിഷവും പൊട്ടിപ്പോകാവുന്ന ഒരുനേരിയ നൂലിലും..!!

ഡമോക്ലിസിന്റെ ഭാവവ്യത്യാസം കണ്ടപ്പോള്‍ ഡയനീഷ്യസ് ചോദിച്ചു: ''എന്തുപറ്റി? എന്താണ് ഈ ഭാവവ്യത്യാസത്തിനു കാരണം? അപ്പോള്‍ മുകളില്‍ തൂങ്ങിക്കിടന്നിരുന്ന വാളിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ട് ഡമോക്ലിസ് പറഞ്ഞു: ''ഈ വാള്‍! ഈ വാള്‍! ഈ വാള്‍! അങ്ങ് ഈ വാള്‍ കാണുന്നില്ലേ?''

ഉടനേ ഡയനീഷ്യസ് പറഞ്ഞു: ''അതു ശരി. ഈ വാള്‍ ഞാനും കാണുന്നുണ്ടല്ലോ. ഇന്നു മാത്രമല്ല എന്നും ഞാന്‍ ഈ വാള്‍ കാണുന്നുണ്ട്. ഈ വാള്‍ എന്നു വേണമെങ്കിലും എന്റെ മേല്‍ പതിക്കാം.''

താന്‍ പറയുന്നതു കണ്ണിന്റെ ഇമകള്‍ പോലും പൂട്ടാതെ ഡമോക്ലിസ് ശ്രദ്ധിക്കുമ്പോള്‍ ഡയനീഷ്യസ് തുടര്‍ന്നു: ''ഈ വാള്‍ എന്റെമേല്‍ പതിക്കുന്നതു പലരൂപത്തിലായിരിക്കാം. ഏതെങ്കിലുമൊരു ശത്രുരാജ്യം എന്നെ തോല്പിച്ചു കീഴടക്കുന്നതു വഴിയാകാം ഈ വാള്‍ എന്റെ മേല്‍ വീഴുന്നത്. അല്ലെങ്കില്‍, എന്റെ മിത്രങ്ങള്‍ എന്നെ കാലുവാരുന്നതു വഴിയാകാം ഈ വാള്‍ എന്റെ തലയില്‍ വീഴുന്നത്. അതുമല്ലെങ്കില്‍ ഞാന്‍ എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ മൂലമാകാം ഈ വാള്‍ എന്റെ മേല്‍ പതിക്കാനിടയാകുക.''

ഡയനീഷ്യസ് ഇത്രയും പറഞ്ഞതോടെ ഡമോക്ലിസിനു കാര്യം മനസിലായി. ആ നിമിഷം തന്നെ ഡമോക്ലിസ് ഡയനീഷ്യസിന്റെ അധികാരം തിരികെക്കൊടുത്തു. പിന്നീടൊരിക്കലും തന്റെയും രാജാവിന്റെയും ഭാഗ്യം പരസ്പരം വച്ചുമാറുന്നതിനു ഡമോക്ലിസ് ആഗ്രഹിച്ചിട്ടുണ്ടാവില്ല.

നമ്മളും ജീവിതത്തിൽ  ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതം വളരെ ചെറുതാണെന്നും അതുകൊണ്ട് മറ്റുള്ളവരുടെ ജീവിതഭാഗ്യവുമായി വച്ചുമാറാന്‍ സാധിച്ചാല്‍ നന്നായിരുന്നുവെന്നും കരുതാറില്ലേ? എന്നാല്‍, മറ്റുള്ളവരുടെ ജീവിതഭാഗ്യത്തോടൊപ്പം അവര്‍ക്കുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചോ, അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ നാം ചിന്തിക്കാറുണ്ടൊ...?

ജീവിതം ഒരു പുസ്തകം പോലെയാണ്. ചില അധ്യായങ്ങൾ സന്തോഷം തരുന്നവയാണ്, ചിലത് വേദനയുണ്ടാക്കുന്നവ. പക്ഷേ, പുസ്തകം മുഴുവന്‍ വായിച്ചില്ലെങ്കിൽ അതിന്റെ കഥ പൂർണമാകില്ല.

നമ്മുടെ ജീവിതം മെച്ചപ്പെടുത്താനും സൗഭാഗ്യപൂര്‍ണമാക്കാനും നാം ശ്രമിക്കുന്നത് നല്ലതുതന്നെ. എന്നാല്‍, മറ്റുള്ളവരുടെ ഭാഗ്യവുമായി വച്ചുമാറിക്കൊണ്ട് അതു നേടിയെടുക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടതില്ല തന്നെ... കാരണം, മറ്റുള്ളവരുടെ ഭാഗ്യം നമ്മുടെ ഭാഗ്യവുമായി നാം എത്രമാത്രം വച്ചുമാറിയാലും നാമൊരിക്കലും നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥ സന്തോഷം കണ്ടെത്തുകയില്ല എന്നതു തീര്‍ച്ചയാണ്.

നാം പലപ്പോഴും വച്ചുമാറാന്‍ ആഗ്രഹിക്കുന്നതു പുറമേ കാണുന്ന സമ്പത്തും പ്രൗഢിയും സന്തോഷവുമൊക്കെയാണ്. പക്ഷേ, ഇവയൊന്നുമല്ല നമുക്കു ശരിയായ സന്തോഷം തരുന്നതെന്നു നാം ഓര്‍മിക്കേണ്ടതായിട്ടുണ്ട്.

നമ്മുടെ ജീവിതഭാഗ്യം തീരുമാനിക്കപ്പെടുന്നത് ഈശ്വരാനുഗ്രഹം വഴിയും നമ്മുടെ പരിശ്രമം മൂലവുമാകട്ടെ. വെറുതെയാണെങ്കില്‍ പോലും ഭാഗ്യം വച്ചുമാറുന്നതിനേക്കുറിച്ച് നാം ചിന്തിക്കുകയേ വേണ്ട. കാരണം, നാം വച്ചുമാറാന്‍ ആഗ്രഹിക്കുന്ന ഭാഗ്യത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന വാള്‍ നാം ഒരിക്കലുംതന്നെ കണ്ടെന്നിരിക്കില്ല.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...