രാവിലെ വരാന്തയിലിരുന്നു പത്രം വായിക്കുകയായിരുന്നു അയാൾ. അക്ഷരങ്ങൾ കാണാൻ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. പത്രം ദൂരെ പിടിക്കുന്നു, അടുത്തു പിടിക്കുന്നു, കണ്ണട ശരിയാക്കി വയ്‌ക്കുന്നു.
ഇതെല്ലാം കണ്ട വഴിപോക്കൻ പറഞ്ഞു: കണ്ണട മാറ്റാറായിട്ടുണ്ടാകും; അതാ ഒന്നും കാണാത്തത്.
അതുകേട്ട് വീട്ടുകാരൻ പറഞ്ഞു: എനിക്കു പത്രം വായിക്കാൻ കണ്ണടയുടെ ആവശ്യമില്ല. അല്ലാതെ തന്നെ വായിക്കും.
അമ്പരപ്പോടെ വഴിയാത്രക്കാരൻ ചോദിച്ചു: പിന്നെന്തിനാണു പത്രംകൊണ്ടു സർക്കസ് കാണിക്കുന്നത്....?
വീട്ടുകാരൻ പറഞ്ഞു: രാവിലെ നടക്കാനിറങ്ങിയപ്പോൾ വഴിയിൽകിടന്നു കിട്ടിയ കണ്ണടയാണ്. എങ്ങനെയെങ്കിലും എനിക്ക് ഉപയോഗിക്കാൻ പറ്റുമോ എന്നു നോക്കിയതാണ്.
സ്വന്തമായ അടയാളപ്പെടുത്തലുകൾ എല്ലാവരിലുമുണ്ട്. തന്റെ അനന്യതയെ വാടകയ്‌ക്കെടുത്ത വസ്തുക്കൾ കൊണ്ടോ, വിചാരങ്ങൾ കൊണ്ടോ കളങ്കിതമാക്കരുത്. താരതമ്യങ്ങൾക്കും സാദൃശ്യങ്ങൾക്കും അപ്പുറമാണ് ഓരോ ജീവിതവും. കാഴ്‌ച വിഭിന്നമാകാൻ കണ്ണട ധരിച്ചാൽ പോരാ. കാഴ്‌ചപ്പാടു മാറണം.
അർഥം കൊണ്ടും അവസ്ഥകൊണ്ടും തികച്ചും വ്യത്യസ്തമായ, അയൽവാസിയുടെ ജീവിതം ആസ്വദിക്കാനും അനുകരിക്കാനുമുള്ള ശ്രമം ദുരന്തപര്യവസായി ആയിരിക്കും.
അപരനു യോജ്യമായതെല്ലാം എനിക്കും ഇണങ്ങണമെന്ന ചിന്ത, ഒട്ടേറെ ജീവിതങ്ങളെ അർഥശൂന്യമാക്കിയിട്ടുണ്ട്.
Tags:
GOOD DAY