Trending

ശുഭ ചിന്ത : ഊതിപ്പെരുപ്പിച്ച ഭയമാണ് അന്ധമായ അനുസരണത്തിന് അടിസ്ഥാനം.

 പണ്ടു പൂവൻകോഴികൾ പൂച്ചകളെ  ഭയപ്പെടുത്തി ഭരിച്ചിരുന്നു. ‘ഞങ്ങളുടെ തലയിലെ പൂവ് തീകൊണ്ട് ഉണ്ടാക്കിയതാണ്; അനുസരിച്ചില്ലെങ്കിൽ കത്തിച്ചു ചാമ്പലാക്കും’ എന്നായിരുന്നു പൂവൻ കോഴികളുടെ ഡയലോഗ്.

കോഴികൾ വെറുതേ ഇരിക്കുകയേയുള്ളൂ; പൂച്ചകൾ ഭക്ഷണം കണ്ടെത്തിക്കൊടുക്കണം. എതിർക്കാൻ പൂച്ചകൾക്കു ധൈര്യമില്ലായിരുന്നു.

ഒരു ദിവസം പൂച്ചകളുടെ വീട്ടിലെ തീയണഞ്ഞു. അപ്പോഴാണ് കോഴികളുടെ പൂവിലെ തീയുടെ കാര്യം പൂച്ചകൾ ഓർത്തത്. കോഴികൾ ഉറങ്ങിയ സമയത്തു തീയെടുക്കാൻ ചെന്നപ്പോൾ ‘തട്ടിപ്പു’ മനസ്സിലായി.

കോഴികൾ പിന്നീടു വിരട്ടാൻ ചെന്നെങ്കിലും പൂച്ചകൾ വകവച്ചില്ല 

 ‘ഇനി ഞങ്ങൾ നിങ്ങളെ അനുസരിക്കില്ല. നിങ്ങൾ നുണയന്മാരാണ്.’ അപകടം മണത്ത കോഴികൾ സ്ഥലംവിട്ടു.

ഊതിപ്പെരുപ്പിച്ച ഭയമാണ് അന്ധമായ അനുസരണത്തിന് അടിസ്ഥാനം. ആർക്കും മനസ്സിലാകാത്ത നുണകളും കണ്ടുപിടിക്കാനാകാത്ത കള്ളങ്ങളും കൂട്ടിച്ചേർത്താണ് അധികാരക്കൊതിയുള്ളവർ തന്ത്രങ്ങൾ മെനയുന്നത്. 

അണികളെ അനുസരിപ്പിക്കാൻ ഏറ്റവും എളുപ്പമാർഗം അവരിൽ ഭയം കുത്തിവയ്ക്കുക എന്നതാണ്. പക്ഷേ, വിവേകമില്ലാത്ത വിധേയത്വത്തിനു കീഴ്പ്പെടുന്നവരാകില്ല എല്ലാവരും. എല്ലാ അനുയായികളിൽ നിന്നും എന്തെങ്കിലുമൊക്കെ ബദൽശബ്ദങ്ങൾ എല്ലാക്കാലവും ഉയർന്നുവരാറുണ്ട്.

കൃത്രിമങ്ങൾക്കും കൗശലങ്ങൾക്കും കാലം പോലും ഒരു കാലാവധി വയ്ക്കും. അതിനപ്പുറത്തേക്ക് ഒരു കൺകെട്ടുവിദ്യയ്ക്കും ആയുസ്സുണ്ടാകില്ല. ബലഹീനതകൾ മറയ്ക്കാനുള്ള ഏറ്റവും നല്ല മൂടുപടമാണ് ഭീഷണി. പലരും പേടിച്ച് അനുസരിച്ചെന്നിരിക്കും.
പക്ഷേ, അണികളെ അടിമകളാക്കി ഭരിക്കുന്ന ഒരു നേതാവിനും അധികകാലം അധികാരമുണ്ടാകില്ല. 

സത്യം തിരിച്ചറിയുന്ന അനുയായികൾ അപകടകാരികളാണ്. ഭയപ്പെട്ടു ജീവിച്ചവരുടെ ഭയം അവസാനിക്കുന്നിടത്ത് ഭയപ്പെടുത്തിയവരുടെ ഭീരുത്വം ആരംഭിക്കും.

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...