ജന്മദിനത്തിൽ മകൾ സമ്മാനമായി ആവശ്യപ്പെട്ടത് ഒരു വെളുത്ത കുതിരയെയാണ്.
കൃഷിക്കാരനായ അച്ഛൻ ദിവസങ്ങളോളം അലഞ്ഞെങ്കിലും ന്യായവിലയിൽ കുതിരയെ കിട്ടിയില്ല. തൂവെള്ളക്കുതിരയ്‌ക്ക് അയാൾക്കുതാങ്ങാവുന്നതിലും കൂടുതൽ വിലയായിരുന്നു. അവസാനം, കുറച്ചു പുള്ളികളുള്ള കുതിരയെ കുറഞ്ഞവിലയ്ക്കു വാങ്ങി. വരുന്നവഴിക്കു പുള്ളികളിൽ വെള്ളനിറം പൂശി. വീട്ടിൽവന്ന് കുതിരയെ വെള്ളംകുടിക്കാൻ വിട്ട് അച്ഛൻ മകളെ വിളിച്ചുകൊണ്ടുവന്നു. അപ്പോഴേക്കും കുതിര വെള്ളത്തിൽ കുളിച്ച് പുള്ളികളിലെ വെള്ള നിറമെല്ലാം പോയി.
അച്ഛൻ വിഷമത്തോടെ സത്യം പറഞ്ഞ് മകളോടു ക്ഷമ ചോദിച്ചു.
അവൾ പറഞ്ഞു: വെളുത്ത കുതിരയെക്കാൾ എനിക്കിഷ്‌ടം അച്ഛന്റെ സ്‌നേഹമാണ്.
വിലമതിക്കാനാകാത്ത ബന്ധങ്ങളുടെ മൂല്യം സമ്മാനങ്ങൾകൊണ്ടു നിർണയിക്കരുത്. വലുപ്പമോ വിലയോ, ശ്രേഷ്‌ഠതയ്‌ക്കും മേന്മയ്‌ക്കുമുള്ള മാനദണ്ഡമല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ നിന്നാണ് പല സമ്മാനങ്ങളുടെയും പിറവി. പൊതികളുടെ വലുപ്പത്തെക്കാൾ മനസ്സിന്റെ വലുപ്പം കാണാൻ കഴിയണം. മിച്ചം വയ്‌ക്കുന്നതിൽ നിന്നല്ല, മാതാപിതാക്കൾ തങ്ങളുടെ ആഗ്രഹങ്ങൾ വേണ്ടെന്നുവയ്‌ക്കുന്നതിൽ നിന്നാണ് മക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കപ്പെടുന്നത്. പിടിവാശികൾക്കു മുന്നിൽ തങ്ങളുടെ വിശപ്പിനുപോലും വിലകൽപിക്കാൻ അവർക്കു കഴിയാറില്ല. വാത്സല്യത്തെ വസ്തുക്കളുടെ വിലകൊണ്ടു താരതമ്യം ചെയ്യരുത്.
Tags:
good-day