ആഭരണങ്ങളുടെ ലോകത്ത് നിങ്ങളുടെ സർഗ്ഗാത്മകത അടയാളപ്പെടുത്താം: ജ്വല്ലറി ഡിസൈനിംഗിൽ ഒരു കരിയർ!
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ആഭരണങ്ങളുടെ ലോകത്ത് സ്വന്തം സർഗ്ഗാത്മകതയുടെ മുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച കരിയർ പാതയാണ് ജ്വല്ലറി ഡിസൈനിംഗ്. അമ്പത് ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഈ മേഖലയിൽ, ഓരോരുത്തർക്കും കലാപരമായ കാഴ്ചപ്പാടിനെ മൂർത്തമായ വസ്തുക്കളാക്കി മാറ്റാനുള്ള അവസരങ്ങളിലൂടെ തനതായ ശൈലിയും സൗന്ദര്യശാസ്ത്രവും പ്രകടിപ്പിക്കാൻ സാധിക്കുന്നു.
തുടർച്ചയായി വികസിക്കുന്ന ഫാഷൻ ട്രെൻഡുകളും മാറിമറിയുന്ന ഉപഭോക്തൃ ആവശ്യങ്ങളും വെല്ലുവിളിയാണെങ്കിലും, സംതൃപ്തി നൽകുന്നതും അതിവേഗം വളരുന്നതുമായ ഒരു വ്യവസായമാണിത്. പഠനത്തോടൊപ്പം ആവശ്യമായ നൈപുണ്യങ്ങൾ വികസിപ്പിക്കുകയും പ്രൊഫഷണൽ രംഗത്ത് ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് വിജയം എളുപ്പമാകും.
ജ്വല്ലറി ഡിസൈനിംഗ് കോഴ്സുകൾ
ജ്വല്ലറി ഡിസൈനിംഗ് മേഖലയിൽ യു.ജി., പി.ജി. തലങ്ങളിൽ നിരവധി കോഴ്സുകൾ ലഭ്യമാണ്. കൂടാതെ ഡിപ്ലോമയും സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. ഈ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ഡിസൈനിംഗ് തത്വങ്ങൾ, മെറ്റീരിയലുകൾ, ഉത്പാദന പ്രക്രിയകൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്നു. പ്രധാന കോഴ്സുകൾ ഇവയാണ്:
- ബാച്ചിലർ ഓഫ് ഡിസൈൻ ഇൻ ജ്വല്ലറി ഡിസൈൻ
- മാസ്റ്റർ ഓഫ് ഡിസൈൻ ഇൻ ജ്വല്ലറി ഡിസൈൻ
- ബി.എ. ഇൻ ജെംസ് ആൻഡ് ജ്വല്ലറി ഡിസൈൻ
- പി.ജി. ഡിപ്ലോമ ഇൻ ജ്വല്ലറി ഡിസൈൻ
ഭാവിയിലെ തൊഴിൽ സാധ്യതകൾ
ജ്വല്ലറി ഡിസൈനിംഗ് പഠനം പൂർത്തിയാക്കുന്നവർക്ക് നിരവധി തൊഴിൽ സാധ്യതകളാണ് മുന്നിലുള്ളത്:
-
ജ്വല്ലറി ഡിസൈനർ: വിവിധ തരം ആഭരണങ്ങൾ രൂപകൽപ്പന ചെയ്യുന്ന ജോലിയാണിത്. സ്കെച്ചുകൾ തയ്യാറാക്കുന്നത് മുതൽ അന്തിമ രൂപം നൽകുന്നത് വരെയുള്ള സർഗ്ഗാത്മക പ്രക്രിയ കൈയടക്കത്തോടെ ചെയ്യാൻ കഴിയണം. മെറ്റീരിയലുകളെയും ട്രെൻഡുകളെയും സംബന്ധിച്ചുള്ള അറിവും സാങ്കേതിക പരിജ്ഞാനവും ഉള്ള പ്രൊഫഷണലുകൾക്ക് മാനുഫാക്ചറിംഗ്, റീട്ടെയിൽ രംഗങ്ങളിൽ പ്രവർത്തിക്കാം.
-
ജെമ്മോളജിസ്റ്റ്: രത്നക്കല്ലുകൾ, ആഭരണങ്ങൾ എന്നിവയുടെ മൂല്യം വിലയിരുത്തുന്നവരാണിവർ. വിലയേറിയ രത്നങ്ങൾ തിരിച്ചറിയുന്നതിലും അവയുടെ ഗുണനിലവാരം വിലയിരുത്തുന്നതിലും ഇവർക്ക് വൈദഗ്ധ്യമുണ്ടാകും. റേറ്റിംഗുകൾ നൽകാനും, ഡോക്യുമെൻ്റേഷൻ നടത്താനും, ഇൻഡസ്ട്രി റിപ്പോർട്ടുകൾ എഴുതാനും കഴിയുന്നതോടൊപ്പം ഈ മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് അപ്ഡേറ്റഡ് ആയിരിക്കാനും ശ്രമിക്കണം.
-
CAD ജ്വല്ലറി ഡിസൈനർ: കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ (CAD) സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ആഭരണങ്ങളുടെ ഡിജിറ്റൽ മോഡലുകൾ സൃഷ്ടിക്കുന്ന പ്രൊഫഷണലുകളാണ് ഇവർ. സർഗ്ഗാത്മകതയും സാങ്കേതിക ജ്ഞാനവും ഒത്തുചേരുന്ന ഇവർക്ക് ജ്വല്ലറി മാനുഫാക്ചറിംഗ് പ്രക്രിയയെക്കുറിച്ചും അറിവുണ്ടാകണം. Matrix, Jewel CAD, Rhino തുടങ്ങിയ സോഫ്റ്റ്വെയറുകളാണ് ഈ രംഗത്ത് പൊതുവെ ഉപയോഗിക്കുന്നത്. ഡിസൈനർമാരുമായും പ്രൊഡക്ഷൻ ടീമുമായും സഹകരിച്ച് പ്രവർത്തിക്കേണ്ടി വരും.
-
ഡിസൈൻ കൺസൾട്ടൻ്റ്: ക്ലയന്റുകളുടെ അഭിരുചിക്കും ബജറ്റിനും ഇണങ്ങുന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിന് സഹായിക്കേണ്ട ചുമതലയാണ് ജ്വല്ലറി ഡിസൈൻ കൺസൾട്ടൻ്റുകൾക്കുള്ളത്. ഡിസൈൻ, മെറ്റീരിയലുകൾ എന്നിവയെ സംബന്ധിച്ചുള്ള അഗാധമായ അറിവ് ഇവർക്ക് സഹായകമാകും. സെയിൽസിലും കസ്റ്റമർ സർവീസിലും മാർക്കറ്റിംഗിലുമുള്ള പരിചയവും CAD സോഫ്റ്റ്വെയറിലുള്ള പരിജ്ഞാനവും ഉപകാരപ്പെടും. റീട്ടെയിൽ സ്റ്റോറുകളിലും ജ്വല്ലറി നിർമ്മാണ കമ്പനികളിലും ജോലി ചെയ്യുന്നതിനു പുറമെ സ്വന്തം ബ്രാൻഡ് തുടങ്ങുന്നവരുമുണ്ട്.
പഠിക്കാൻ മികച്ച സ്ഥാപനങ്ങൾ
ഇന്ത്യയിലും വിദേശത്തും നിരവധി മികച്ച സ്ഥാപനങ്ങൾ ജ്വല്ലറി ഡിസൈനിംഗ് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും ചില പ്രമുഖ സ്ഥാപനങ്ങൾ ഇവയാണ്:
- ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (കൊച്ചി) https://www.jdinstitute.edu.in/
- സെൻ്റ് അലോഷ്യസ് കോളജ് (തൃശൂർ) https://staloysiuselt.edu.in/
- പ്രൊവിഡൻസ് വിമൻസ് കോളജ് (കോഴിക്കോട്) www.providencecollegecalicut.ac.in
- പേൾ അക്കാഡമി (ബംഗളൂരു) https://www.pearlacademy.com/
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറി (ന്യൂഡൽഹി & മുംബൈ) https://iigj.org/
- ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (മുംബൈ) https://www.giigemlab.com
ഈ സ്ഥാപനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്. ആഭരണങ്ങളുടെ ലോകത്ത് സ്വന്തം കൈയൊപ്പ് ചാർത്താൻ ആഗ്രഹിക്കുന്നവർക്ക് ജ്വല്ലറി ഡിസൈനിംഗ് ഒരു മികച്ച കരിയർ പാതയായിരിക്കും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

