ശുഭ ദിനം : സന്തോഷത്തിൻ്റെ രഹസ്യം
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleനമ്മുടെ ജീവിതത്തിൽ പലപ്പോഴും നാം ഉള്ളതിനെക്കുറിച്ച് സന്തോഷിക്കാതെ, ഇല്ലാത്തതിനെക്കുറിച്ച് ആലോചിച്ച് ദുഃഖിക്കാറുണ്ട്. മറ്റുള്ളവരുടെ സൗകര്യങ്ങളും സമ്പത്തും കണ്ട് അസൂയപ്പെടുകയും, സ്വന്തം ജീവിതം പോരാ എന്ന് വിലപിക്കുകയും ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ, യഥാർത്ഥ സന്തോഷം പുറമെ നിന്ന് കണ്ടെത്തേണ്ട ഒന്നല്ല, അത് നമ്മുടെ ഉള്ളിൽത്തന്നെയാണ്. ഈ സത്യം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു മനോഹരമായ കഥ ഇവിടെ പങ്കുവെക്കുന്നു.
ഒരു പൂജാരി തൻ്റെ ഭാര്യയും അഞ്ച് കുട്ടികളുമൊത്ത് ഒരു ചെറിയ വീട്ടിൽ കഴിഞ്ഞിരുന്നു. തങ്ങളുടെ വീട് ചെറുതാണെന്നും, എല്ലാവർക്കും കൂടി അവിടെ കഴിയാൻ ബുദ്ധിമുട്ടാണെന്നും ഭാര്യ കൂടെക്കൂടെ പരാതി പറഞ്ഞിരുന്നു. “നോക്കൂ, ഈ വീട്ടിൽ എന്തെങ്കിലുമൊരു സന്തോഷമുണ്ടോ? നിന്നു തിരിയാൻ പോലും സ്ഥലമില്ല. ദാ അപ്പുറത്തെ കിട്ടുണ്ണിയെ നോക്കൂ… അതുപോലെ നമുക്ക് കുറേക്കൂടി വലിയൊരു വീട് വാങ്ങാം.”
എന്നാൽ, കൂടുതൽ വലിയ വീട് വാങ്ങാനുള്ള പണമില്ലാത്തതുകൊണ്ട്, ഭാര്യയുടെ പരാതി കേട്ട്, എല്ലാം സഹിച്ച് പൂജാരി കഴിഞ്ഞു. ആ വീട്ടിൽ വഴക്ക് പതിവായി. അസംതൃപ്തിയുടെ നിഴൽ ആ കുടുംബത്തിൽ തളംകെട്ടി നിന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം അവർ മലമുകളിലുള്ള പണ്ഡിതനായ ഒരു ഗുരുവിനെ കാണാൻ ചെന്നു. പൂജാരിയുടെ ഭാര്യയുടെ മുഖത്തെ അസംതൃപ്തി ഗുരു ശ്രദ്ധിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം അതിൻ്റെ കാരണം ആരാഞ്ഞു. തങ്ങളുടെ വീട്ടിലെ സ്ഥലസൗകര്യക്കുറവിനെക്കുറിച്ച് പൂജാരി വിവരിച്ചു. അപ്പോൾ ഗുരു പറഞ്ഞു:
“സാരമില്ല. ഞാൻ പറയുന്നതുപോലെ ഒരു മാസം പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ ഈ പ്രശ്നം ഞാൻ പരിഹരിച്ചു തരാം.” പൂജാരിയും ഭാര്യയും സമ്മതിച്ചു.
“എങ്കിൽ പോയി ഒരു പശുവിനെ വാങ്ങി നിങ്ങളുടെ വീടിനകത്ത് കെട്ടിയിട്ട് പുല്ലും വൈക്കോലും കൊടുത്ത് വളർത്ത്. എല്ലാം ശരിയാകും,” ഗുരു നിർദ്ദേശിച്ചു.
പൂജാരി പശുവിനെ വാങ്ങി വീടിനകത്തു കെട്ടിയിട്ടു. അന്നു രാത്രി പശുവിൻ്റെ കരച്ചിലും തട്ടുമുട്ടുമൊക്കെയായി ആകെ ബഹളമായി. പൂജാരിക്കും ഭാര്യക്കും അവരുടെ മക്കൾക്കും കിടന്നുറങ്ങാൻ കഴിഞ്ഞില്ല. പക്ഷേ, ഗുരു പറഞ്ഞതാണല്ലോ എന്നു വിചാരിച്ച് അവർ എല്ലാം സഹിച്ചു. അങ്ങനെ ഒരു മാസം കടന്നുപോയി.
ഒരു മാസം കഴിഞ്ഞ് പൂജാരിയും ഭാര്യയും വീണ്ടും മലമുകളിലെ ഗുരുവിനെ കാണാൻ പോയി. അദ്ദേഹത്തോട് തങ്ങളുടെ ദുരിതത്തെക്കുറിച്ച് പറഞ്ഞു. അതിനു മറുപടിയായി ഗുരു പറഞ്ഞു: “സാരമില്ല… പോയി ഒരു പട്ടിയെക്കൂടി വാങ്ങി അതിനെയും വീടിനകത്തു കെട്ടിയിട്ട് വളർത്തൂ. ഒരു മാസം കൊണ്ട് എല്ലാം ശരിയാകും.”
ഗുരു പറഞ്ഞതുപോലെ പൂജാരിയും ഭാര്യയും ചെയ്തു. പശുവിനോടൊപ്പം പട്ടിയും വന്നപ്പോൾ വീട്ടിനുള്ളിൽ കൂടുതൽ ബഹളമായി. പക്ഷേ, ഗുരു പറഞ്ഞതോർത്ത് അവർ എല്ലാം സഹിച്ചു. ഒരു മാസം കഴിഞ്ഞ് വീണ്ടും മലമുകളിലേക്ക് പോയി ഗുരുവിനെ കണ്ടു. പൂജാരിയും ഭാര്യയും തങ്ങളുടെ വർദ്ധിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞു.
ഗുരു അപ്പോഴും പറഞ്ഞു: “സാരമില്ല… എല്ലാം മാറിക്കൊള്ളും… ഒരു കാര്യം ചെയ്യൂ. ഒരു പന്നിയെ കൂടി വാങ്ങി വീട്ടിനുള്ളിലിട്ട് വളർത്തൂ. എല്ലാം ശരിയാകും.”
ഗുരു പറഞ്ഞതല്ലേ, അനുസരിക്കുക തന്നെ എന്നു വിചാരിച്ച് പൂജാരിയും ഭാര്യയും ഒരു പന്നിയെ കൂടി വാങ്ങി പശുവിൻ്റെയും പട്ടിയുടെയും ഒപ്പമിട്ട് വളർത്താൻ തുടങ്ങി. മൂന്നു മൃഗങ്ങളും കൂടിയായപ്പോൾ ബഹളം നൂറിരട്ടിയായി. അവർ പൊറുതി മുട്ടി. വീട്ടിൽ ഉറക്കമില്ലാത്ത രാത്രികളും നിരന്തരമായ വഴക്കുകളും പതിവായി.
ഒരു മാസം കഴിഞ്ഞ് അവർ വീണ്ടും ഗുരുവിനെ കാണാൻ പോയി. കഴിഞ്ഞ മൂന്നു മാസമായി തങ്ങളനുഭവിക്കുന്ന അസ്വസ്ഥതകൾ പൂജാരി വിവരിച്ചു. അപ്പോൾ ഗുരു പറഞ്ഞു: “ഒരു കാര്യം ചെയ്യൂ… ആ മൂന്നു മൃഗങ്ങളെയും വീട്ടിനുള്ളിൽ നിന്ന് അഴിച്ചുമാറ്റി പുറത്തെവിടെയെങ്കിലും കൊണ്ടുപോയി കെട്ടിയിട്ട് വളർത്തൂ.”
പൂജാരി മൃഗങ്ങളെ വീടിനുള്ളിൽ നിന്നും പുറത്തു കൊണ്ടുപോയി കെട്ടിയിട്ടു. അതോടെ വീട്ടിനുള്ളിലെ ബഹളവും തീർന്നു.
“ഇപ്പോൾ എന്തൊരാശ്വാസം…! വീടിന് എന്തൊരു സ്ഥലസൗകര്യം…! ഈശ്വരാ, തങ്ങൾക്കു ജീവിക്കാൻ ഈ വീടുതന്നെ ധാരാളം!” പൂജാരിയും ഭാര്യയും സന്തോഷത്തോടെ പറഞ്ഞു. അവരുടെ മുഖത്ത് വർഷങ്ങൾക്ക് ശേഷം ഒരു സംതൃപ്തി തെളിഞ്ഞുവന്നു.
ഇതാണ് മനുഷ്യൻ്റെ അവസ്ഥ. പലർക്കും തങ്ങൾക്ക് അനുഗ്രഹമായിക്കിട്ടിയ സൗകര്യങ്ങളൊന്നും പോരാ. മറ്റുള്ളവൻ്റെ സുഖത്തിലും സൗകര്യത്തിലുമാണ് അസൂയ പൂണ്ട നോട്ടം. “പുല്ല് മറുവശത്ത് എപ്പോഴും പച്ചയായിരിക്കും” എന്നൊരു ഇംഗ്ലീഷ് ചൊല്ലുണ്ട്. നമ്മുടെ കൈയിലുള്ളതിൻ്റെ മൂല്യം തിരിച്ചറിയാതെ, മറ്റുള്ളവരുടെ നേട്ടങ്ങളിൽ അസൂയപ്പെടുന്നത് നമ്മുടെ സന്തോഷം കെടുത്തുക മാത്രമേ ചെയ്യൂ.
നമുക്ക് ഉള്ളതുകൊണ്ട് സന്തുഷ്ടമായി കഴിയാൻ നമുക്കാവണം. അതിന് അനാവശ്യ ചിന്തകളിൽ നിന്ന് മനസ്സിനെ പിന്തിരിപ്പിച്ച് ജീവിക്കാൻ പഠിക്കണം. “സന്തോഷം എന്നത് നിങ്ങൾക്ക് ആവശ്യമുള്ളത് ലഭിക്കുന്നതല്ല, മറിച്ച് നിങ്ങൾക്ക് ഉള്ളതിനെ സ്നേഹിക്കുന്നതാണ്” എന്ന് പലപ്പോഴും പറയാറുണ്ട്. നമ്മുടെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെയും അനുഗ്രഹങ്ങളെയും തിരിച്ചറിയാൻ ശ്രമിക്കുമ്പോളാണ് യഥാർത്ഥ സംതൃപ്തി ലഭിക്കുന്നത്.
ഉള്ള സൗകര്യങ്ങളെ വർദ്ധിപ്പിക്കേണ്ട എന്നല്ല ഇതിനർത്ഥം. ജീവിതത്തിൽ മുന്നോട്ട് പോകാനും മെച്ചപ്പെട്ട സൗകര്യങ്ങൾ നേടാനും ശ്രമിക്കുന്നത് നല്ലതാണ്. എന്നാൽ, അത് അത്യാഗ്രഹത്തിൽ അധിഷ്ഠിതമാകരുത്. വരവും ചിലവും പൊരുത്തപ്പെടുത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കണം. ഓരോ ചുവടും വിവേകത്തോടെയും സംതൃപ്തിയോടെയും വെക്കുക.
ഈ ശുഭദിനത്തിൽ, നമ്മുടെ കൈയിലുള്ള അനുഗ്രഹങ്ങളിൽ സന്തോഷം കണ്ടെത്താനും, അനാവശ്യമായ ആഗ്രഹങ്ങളിൽ നിന്ന് മുക്തി നേടാനും നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
