EDUCATION

യു.എ.ഇയിൽ ഫീസില്ലാതെ പഠിക്കാം: സൗജന്യ പഠനത്തിനൊപ്പം പ്രതിമാസ സ്റ്റൈപെൻഡും

 


 സാങ്കേതിക വിദ്യയെ ഉപയോഗിച്ച് വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ). ഇവിടുത്തെ സൗജന്യ പഠനത്തോടൊപ്പം മാസാന്ത സ്റ്റൈപൻഡും ലഭിക്കാൻ അവസരമുണ്ടെന്നത് മറ്റൊരു ആകർഷണമാണ്. ഏത് കോഴ്സാണെങ്കിലും ആദ്യ സെമസ്റ്ററുകളിൽ രാജ്യത്തിൻ്റെ സാംസ്കാരിക പാരമ്പര്യവും ചാരുതയും പഠിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്.


യു.എ.ഇയിലെ ഉന്നതവിദ്യാഭ്യാസം നിയന്ത്രിക്കുന്നത് ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയമാണ്. ഇവരുടെ അംഗീകാരമുള്ള സർവകലാശാലകളിൽ പഠിച്ചിറങ്ങിയവർക്കാണ് വേൾഡ് എജുക്കേഷൻ സർവീസിൻ്റെയും യു.എ.ഇ അടക്കമുള്ള മറ്റു രാജ്യങ്ങളുടെ എംബസികളുടെയും അംഗീകാരവും അറ്റസ്റ്റേഷനും ലഭിക്കൂ എന്നത് ശ്രദ്ധേയമാണ്. 

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിയുടെയും അംഗീകാരത്തിനും ഇത് നിർബന്ധമാണ്.

ഹയർ ടെക്നോളജി കോളേജുകൾ: സൗജന്യ പഠനം, സ്റ്റൈപെൻഡ്

യു.എ.ഇ സർക്കാർ നടത്തുന്ന പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഹയർ ടെക്നോളജി കോളേജുകൾ. ഏകദേശം 17 കാമ്പസുകളാണ് ഇവർക്കുള്ളത്. ഈ സ്ഥാപനങ്ങളിൽ ഫീസ് ഇല്ലെന്നുമാത്രമല്ല, മാസം 3000 ദിർഹം (ഏകദേശം 70,000 രൂപ) വരെ സ്റ്റൈപൻഡും ലഭിക്കും. മെഡിക്കൽ, ഡെൻ്റൽ, വെറ്ററിനറി, അപ്ലൈഡ് മെഡിക്കൽ സയൻസ്, ഒക്യുപേഷൻ തെറാപ്പി, എൻജിനീയറിങ്, ആർക്കിടെക്ചർ, ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, അഗ്രികൾച്ചറൽ, പ്രകൃതി പഠനം, സയൻസ്, ബിസിനസ് സ്റ്റഡീസ്, സോഷ്യൽ സയൻസ് തുടങ്ങിയ എല്ലാ പ്രോഗ്രാമുകളും ഇവിടെ ലഭ്യമാണ്.

യു.എ.ഇ പഠനത്തിൻ്റെ പ്രത്യേകതകൾ:

  • സാമ്പത്തിക പുരോഗതിയുടെയും സാംസ്കാരിക വൈവിധ്യങ്ങളുടെയും നാടായ യു.എ.ഇ വിദ്യാർത്ഥികൾക്ക് ലോകോത്തര പഠനാനുഭവം നൽകുന്നു.

  • ലോക റാങ്കിങ്ങിലും അറബ് റാങ്കിങ്ങിലും മികച്ച സ്ഥാനമുള്ള സ്ഥാപനങ്ങൾ ഇവിടെയുണ്ട്. സ്വകാര്യ സർവകലാശാലകളിൽ പ്രവേശനം നേടുമ്പോൾ വേൾഡ് എജുക്കേഷൻ സർവീസിൻ്റെ അംഗീകാരം ഉറപ്പുവരുത്തണം.

  • ഔദ്യോഗിക ഭാഷ അറബിയാണെങ്കിലും, ഉന്നത പഠന മാധ്യമം ഇംഗ്ലീഷാണ്. ഇത് ലോകമാസകലം അംഗീകരിക്കപ്പെടുന്നു.

  • പാർട്ട് ടൈം ജോലി, താമസ ഭക്ഷണ ചെലവുകൾ വഹിക്കുന്ന സ്കോളർഷിപ്പുകൾ, മികച്ച സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പുകൾ, പ്ലേസ്മെൻ്റുകൾ എന്നിവയും ലഭിക്കുന്നു.

  • ബഹുഭൂരിപക്ഷം സർവകലാശാലകളും വിദ്യാർത്ഥികൾക്ക് വിസ ലഭ്യമാക്കാൻ സഹായിക്കുന്നു. സർവകലാശാലകളിൽനിന്ന് ഓഫർ ലെറ്റർ ലഭിച്ചാൽ സ്റ്റുഡൻ്റ് വിസക്ക് അപേക്ഷിക്കാം.

  • ലോകപ്രശസ്തമായ അനേകം അന്താരാഷ്ട്ര സർവകലാശാലകളുടെ കാമ്പസുകൾ യു.എ.ഇയിലുണ്ട്. ഇവിടത്തെ പഠന നിലവാരം യു.കെ, യു.എസ്.എ പോലെയുള്ള രാജ്യങ്ങളിലേതിന് തുല്യമാണ്. ഇന്ത്യ, ഓസ്ട്രേലിയ, യു.കെ പോലുള്ള രാജ്യങ്ങളിലെ മികച്ച സർവകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ഓഫ് കാമ്പസുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

  • യു.എ.ഇ സർക്കാർ, പ്രത്യേകിച്ച് അബൂദബി, ഗവേഷണത്തിനും നൂതന സംവിധാനങ്ങൾക്കും വലിയ തുകയാണ് നിക്ഷേപിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 400 കോടി ദിർഹമാണ് (9366 കോടി രൂപ) ഇതിനായി വകയിരുത്തിയത്.

അധ്യയന വർഷം:

രണ്ടു ഘട്ടങ്ങളായാണ് യു.എ.ഇയിലെ സർവകലാശാലകളിൽ പ്രവേശനം അനുവദിക്കുന്നത്:

  • ഫാൾ ഇൻടേക്ക്: സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ ക്ലാസുകൾ ആരംഭിക്കുന്നു. അപേക്ഷയുടെ അവസാന തീയതി ജൂലൈ അവസാന വാരമാണ്.

  • സ്പ്രിങ് ഇൻടേക്ക്: ഫെബ്രുവരി/മാർച്ച് മാസങ്ങളിൽ ക്ലാസുകൾ ആരംഭിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബറിലാണ്.

    അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കൂടുതൽ അനുയോജ്യമാകുന്നത് ഫാൾ ഇൻടേക് ആണ്. എന്നാൽ, ഷാർജയിലെ അൽ-ഖാസിമിയ്യ പോലുള്ള പൂർണ സ്കോളർഷിപ്പുകൾ നൽകുന്ന സർവകലാശാലകൾ വർഷത്തിൽ ഒരുതവണ മാത്രമേ അപേക്ഷ സ്വീകരിക്കാറുള്ളു.

പഠനത്തിനോടൊപ്പം ജോലി:

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 15 മണിക്കൂർ വരെ നിയമാനുസൃതം ജോലി ചെയ്യാം. ഇതിനായി തൊഴിൽ വകുപ്പിൽനിന്ന് വർക്ക് പെർമിറ്റ് ആവശ്യമാണ്. പഠനം കഴിഞ്ഞാൽ യു.എ.ഇയിൽ ജോലി ചെയ്യണമെങ്കിൽ തൊഴിൽ വിസയിലേക്ക് മാറണം.

സ്കോളർഷിപ്പുകൾ:

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി ബിരുദ, ബിരുദാനന്തര, ഡോക്ടറൽ തലങ്ങളിലായി നിരവധി സ്കോളർഷിപ്പുകൾ ലഭ്യമാണ്. ട്യൂഷൻ ഫീസ്, മെറ്റീരിയൽ ഫീസ്, യാത്രാ നിരക്ക്, താമസ ഭക്ഷണ ചെലവ് എന്നിവയെല്ലാം സ്കോളർഷിപ്പിൽ ഉൾക്കൊള്ളുന്നു.

മെറിറ്റിൽ ഫീസിളവോടെ പ്രവേശനം നൽകുന്ന മികച്ച സർവകലാശാലകൾ:

  • ഖലീഫ യൂണിവേഴ്സിറ്റി (www.ku.ac.ae)

  • യു.എ.ഇ യൂണിവേഴ്സിറ്റി (www.uaeu.ac.ae)

  • ഷാർജ യൂണിവേഴ്സിറ്റി (www.sharjah.ac.ae)

  • സായിദ് യൂണിവേഴ്സിറ്റി (www.sharjah.ac.ae)

  • ഹയർ കോളേജ് ഓഫ് ടെക്നോളജി ()

  • അബൂദബി യൂണിവേഴ്സിറ്റി (www.adu.ac.ae)

  • അൽ-ഖാസിമിയ്യ ഷാർജ (www.alqasimia.ac.ae)

  • യൂണിവേഴ്സിറ്റി ഓഫ് ഫുജൈറ 

  • അൽ-ഐൻ യൂണിവേഴ്സിറ്റി (https://aau.ac.ae)

  • മുഹമ്മദ് ബിൻ റാശിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് (www.mbru.ac.ae)

  • റാസൽഖൈമ മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസ് യൂണിവേഴ്സിറ്റി (www.rakmhsu.ac.ae)

  • എമിറേറ്റ്സ് കോളേജ് ഓഫ് ടെക്നോളജി (www.ecae.ac.ae)

  • ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (https://gmu.ac.ae)

    (കൂടുതൽ വിവരങ്ങൾക്ക് അതത് വെബ്സൈറ്റുകൾ സന്ദർശിക്കുക.)

(ഇതിന് പുറമെ ഫീസ് ഈടാക്കി പഠിപ്പിക്കുന്ന നിരവധി അർദ്ധ സർക്കാർ, സ്വകാര്യ കോളജുകളും യു.എ.ഇയിലുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഐ.ഐ.ടി, ബിറ്റ്സ്, അമിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ കാമ്പസുകളും ദുബൈ, അബൂദബി നഗരങ്ങളിലുണ്ട്.)

ഇന്ത്യക്കാർക്ക് പ്രവേശനം ലഭിക്കാൻ:

  • ഡിഗ്രി പ്രവേശനത്തിന്: പാസ്പോർട്ട്, പത്താം ക്ലാസ്, പ്ലസ്ടു സർട്ടിഫിക്കറ്റ്, സ്വയം തയ്യാറാക്കിയ പഠന താൽപ്പര്യം തെളിയിക്കുന്ന കത്ത്, കരിക്കുലം വിറ്റ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടിയ സർട്ടിഫിക്കറ്റ് (ഐ.ഇ.എൽ.ടി.എസ് 7.5 / ടോഫൽ 620) എന്നിവ നിർബന്ധമാണ്. ഷോർട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞാൽ ഓൺലൈൻ ഇൻ്റർവ്യൂ ഉണ്ടാകും. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഓഫർ ലെറ്റർ ലഭിക്കുക.

  • അമേരിക്കൻ കോളേജ് ടെസ്റ്റ് (എ.സി.ടി), സ്കോളർസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സാറ്റ്) പോലുള്ളവയിൽ മികച്ച സ്കോർ ഉള്ളവർക്ക് അഭിമുഖം ഇല്ലാതെ നേരിട്ട് പ്രവേശനം ലഭിക്കും.

  • പി.ജി. പ്രവേശനത്തിന്: മേൽസൂചിപ്പിച്ച രേഖകൾക്ക് പുറമെ, ഡിഗ്രി സർട്ടിഫിക്കറ്റ്, അവസാന വർഷത്തെ കൺസോളിഡേറ്റഡ് മാർക്ക് ഷീറ്റ് എന്നിവയും വേണം. ഗ്രാജ്വേറ്റ് റെക്കോർഡ് എക്സാം (ജി.ആർ.ഇ), ഗ്രാജ്വേറ്റ് മാനേജ്മെൻ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിമാറ്റ്) പോലുള്ളവയിൽ മികച്ച സ്കോർ ഉണ്ടെങ്കിൽ നേരിട്ട് പ്രവേശനം നേടാം.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉