EDUCATIONHIGHER EDUCATION

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് അവസാനവർഷ ക്ലാസുകള് ആരംഭിക്കുന്നത് സംബന്ധിച്ചു സർക്കാർ ഉത്തരവിറങ്ങി


 സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ നാലുമുതൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അവസാന വർഷ ബിരുദ ക്ലാസുകൾ(5/6 സെമസ്റ്റർ), ബിരുദാനന്തര ബിരുദ ക്ലാസുകൾ(3/4) സെമസ്റ്ററുകൾ എന്നിവ ആരംഭിക്കാം.


ബിരുദാനന്തര ബിരുദ ക്ലാസുകൾ മുഴുവൻ വിദ്യാർഥികളെയും ഉൾകൊള്ളിച്ചുകൊണ്ട് നടത്താവുന്നതും ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ 50 ശതമാനം വിദ്യാർഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.


സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ളാസ്സുകൾക്ക് പ്രാധാന്യം നൽകാവുന്നതാണെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ക്ലാസ് റൂമുകളും ലൈബ്രറി, ലബോറട്ടറി തുടങ്ങിയവയും സമ്പൂർണമായി അണുവിമുക്തമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടേണ്ടതാണെന്നും ഉത്തരവ് പറയുന്നു.


വിദ്യാർഥികൾ ക്യാമ്പസ്സിനുള്ളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നു എന്ന് സ്ഥാപനമേധാവികൾ ഉറപ്പാക്കണം. 

ആവശ്യാനുസരണം ഹാൻഡ് വാഷ്, സാനിറ്റൈസർ, മുഖാവരണങ്ങൾ, തെർമൽ സ്കാനർ തുടങ്ങിയവ ഉറപ്പാക്കേണ്ടതാണ്. വിദ്യാർഥികൾ കൂട്ടംകൂടുന്നതും സാമൂഹിക അകലം ലംഘിക്കുന്നതും അനുവദിക്കാൻ പാടില്ല.

വിദ്യാർഥികൾക്കും ജീവനക്കാർക്കും സൗജന്യ വാക്സിൻ സ്ഥാപനതലത്തിൽ നൽകുന്നതിന് സ്പെഷൽ ഡ്രൈവ് നടത്തി പ്രത്യേക ക്യാമ്പുകൾ സജ്ജീകരിക്കുന്നതിന് ആരോഗ്യവിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. ഇപ്രകാരം സജ്ജീകരണങ്ങൾ ചെയ്യുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറുമായോ തൊട്ടടുത്ത വാക്ലിൻ കേന്ദ്രവുമായോ ബന്ധപ്പെടാം.

ക്ലാസ്സുകൾ ഒറ്റ സെഷനിൽ 8.30 മുതൽ 1.30 വരെ നടത്തുന്നതാണ് അഭികാമ്യമെന്നും ഉത്തരവിൽ പറയുന്നു. അല്ലെങ്കിൽ 9 മുതൽ 3 വരെ, 9.30 മുതൽ 3.30 വരെ, 10 മുതൽ 4 വരെ എന്നീ സമയക്രമങ്ങളിൽ ഒന്ന് സാകര്യപൂർവം തിരഞ്ഞെടുക്കാൻ കോളേജ് കാൺസിലുകൾക്ക് തീരുമാനിക്കാം. സൗകര്യപ്രദമായ സമയക്രമത്തിൽ നടത്തുന്നതിന് അതാത് സ്ഥാപനാടിസ്ഥാനത്തിൽ തീരുമാനിക്കാവുന്നതാണ്.

ആഴ്ചയിൽ 25 മണിക്കൂർ ക്ലാസ് വരത്തക്ക രീതിയിൽ ഓഫ്ലൈൻ ഓൺലൈൻ ക്ലാസ്സുകൾ സമ്മിശ്രരീതിയിൽ കൈകാര്യം ചെയ്യാവുന്നതും ആ രീതിയിൽ ടൈംടേബിൾ തയ്യാറാക്കാവുന്നതുമാണ്.

മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകൾ ഓൺലൈനിൽ തന്നെ തുടരണം. ഇതിന് സഹായകരമായ രീതിയിൽ ടൈംടേബിൾ രൂപീകരിക്കുന്നതിന് സ്ഥാപന മേധാവികൾ കോളേജ് കൗൺസിലിന്റെ സഹായത്തോടെ നടപടികൾ സ്വീകരിക്കണം.

കോളേജ് കാൺസിലിന്റെ നടപടിക്രമം കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടർ മുഖാന്തരം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ബന്ധപ്പെട്ട സർവകലാശാലയിലും അറിയിക്കണം. എൻജിനീയറിങ് കോളേജുകളിൽ നിലവിലുള്ള രീതിയിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്തുന്നതിനുള്ള സംവിധാനം സ്വീകരിക്കാവുന്നതാണ്.

അധ്യാപക-അനധ്യാപക ജീവനക്കാർ കോളേജുകളിൽ ഹാജരാകണം. എന്നാൽ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിന് തടസ്സം ഉണ്ടാകാതെ ഇരിക്കുന്നതിന് ഓഫ്ലൈൻ ക്ലാസുകൾ എടുക്കുന്നതിനുള്ള അധ്യാപകരുടെ എണ്ണം ഉറപ്പാക്കിക്കൊണ്ട് വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ഒരു നിശ്ചിത എണ്ണം അധ്യാപകരെ റൊട്ടേഷൻ വ്യവസ്ഥയിൽ നിലനിർത്തുന്നതിന് കോളേജ് കാൺസിലുകൾക്ക് തീരുമാനിക്കാം.

ഒരു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ഗർഭിണികൾ, അപകടകരമായ രോഗങ്ങൾ ബാധിച്ചവർ എന്നീ വിഭാഗങ്ങളിൽപെട്ട അധ്യാപക അനധ്യാപക ജീവനക്കാരെ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ തുടരാൻ അനുവദിക്കാം. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് അറ്റൻഡൻസ് നിർബന്ധമാക്കാൻ പാടില്ല.

വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾ തുറന്നുപ്രവർത്തിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുന്നു എന്നും കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നിബന്ധനകൾ പൂർണമായി പാലിക്കുന്നു എന്നും സ്ഥാപന മേധാവികൾ ഉറപ്പാക്കണം.

ക്ലാസ്സുകളുടെ സുരക്ഷിതമായ നടത്തിപ്പിന് സ്ഥാപനതല ജാഗ്രതാ സമിതികൾ രൂപീകരിക്കണം. ഇവയിൽ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ആരോഗ്യവകുപ്പ് പ്രതിനിധികൾ, അഗ്നിശമന സേന, പോലീസ് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തണം.

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉